പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 19നു രാവിലെ 10.30നു ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ അന്താരാഷ്ട്ര കേന്ദ്രത്തിൽ ദേശീയ പഠനവാരം ‘കർമയോഗി സപ്താഹി’നു തുടക്കം കുറിക്കും.
2020 സെപ്റ്റംബറിൽ ആരംഭിച്ച ‘മിഷൻ കർമയോഗി’ അതിനുശേഷം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആഗോള കാഴ്ചപ്പാടോടെ ഇന്ത്യൻ ധർമചിന്തയിൽ വേരൂന്നിയ ഭാവിസജ്ജമായ സിവിൽ സർവീസാണ് ഇതു വിഭാവനം ചെയ്യുന്നത്.
സിവിൽ സർവീസുകാർക്കു വ്യക്തിപരവും സംഘടനാപരവുമായ ശേഷിവികസനത്തിനായി നവ ഉത്തേജനം പ്രദാനംചെയ്യുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കും ദേശീയ പഠനവാരം (എൻഎൽഡബ്ല്യു). ഈ സംരംഭം പഠനത്തിനും വികസനത്തിനുമുള്ള പുതിയ പ്രതിബദ്ധതയെ ഉത്തേജിപ്പിക്കും. ‘ഏക ഗവൺമെന്റ്’ എന്ന സന്ദേശം സൃഷ്ടിക്കാനും ഏവരേയും ദേശീയലക്ഷ്യങ്ങളുമായി കൂട്ടിയിണക്കാനും ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കാനും എൻഎൽഡബ്ല്യു ലക്ഷ്യമിടുന്നു.
വ്യക്തിഗതപങ്കാളികളും മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും ചേർന്നുള്ള വിവിധ തരത്തിലുള്ള ഇടപെടലുകളിലൂടെയുള്ള പഠനത്തിനായാണ് എൻഎൽഡബ്ല്യു ലക്ഷ്യം വയ്ക്കുന്നത്. എൻഎൽഡബ്ല്യുവിൽ, ഓരോ കർമയോഗിയും യോഗ്യതയുമായി ബന്ധപ്പെട്ട് കുറഞ്ഞതു നാലുമണിക്കൂർ എന്ന പഠനലക്ഷ്യം കൈവരിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കും. iGOT, പ്രമുഖ വ്യക്തികൾ നയിക്കുന്ന വെബിനാറുകൾ (പൊതു പ്രഭാഷണങ്ങൾ/നയവുമായി ബന്ധപ്പെട്ട ക്ലാസുകൾ) എന്നിവയിലെ വ്യക്തിഗത ചുമതലാധിഷ്ഠിത മൊഡ്യൂളുകളിലൂടെ ലക്ഷ്യമിടുന്ന സമയം പൂർത്തീകരിക്കാൻ പങ്കെടുക്കുന്നവർക്കാകും.
വാരാചരണത്തിൽ, പ്രമുഖ പ്രഭാഷകർ അവരുടെ മേഖലകളുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ നടത്തുകയും കൂടുതൽ ഫലപ്രദമായ രീതിയിൽ പൗരകേന്ദ്രീകൃത സേവനങ്ങൾക്കായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. ഈ ആഴ്ചയിൽ മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട കഴിവുകൾ വർധിപ്പിക്കുന്നതിനായി സെമിനാറുകളും ശിൽപ്പശാലകളും സംഘടിപ്പിക്കും.