മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 511 പ്രമോദ് മഹാജന്‍ ഗ്രാമീണ്‍ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ നാളെ (2023 ഒക്ടോബര്‍ 19 ന്) വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ 34 ഗ്രാമീണ ജില്ലകളിലാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
ഗ്രാമീണ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളില്‍ നൈപുണ്യ വികസന പരിശീലന പരിപാടികള്‍ നടത്തും. ഓരോ കേന്ദ്രവും നൂറോളം യുവാക്കളെ കുറഞ്ഞത് രണ്ട് തൊഴിലധിഷ്ഠിത കോഴ്‌സുകളിലായി പരിശീലിപ്പിക്കും. ദേശീയ നൈപുണ്യ വികസന കൗണ്‍സിലിനു കീഴില്‍ എംപാനല്‍ ചെയ്ത വ്യവസായ പങ്കാളികളും ഏജന്‍സികളുമാണ് പരിശീലനം നല്‍കുന്നത്. ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ കൂടുതല്‍ കഴിവുറ്റതും നൈപുണ്യമുള്ളതുമായ മനുഷ്യശേഷി വികസിപ്പിക്കാന്‍ ഉതകുന്നതരത്തില്‍ മേഖലയെ ഗണ്യമായ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയും.