പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 11നു രാവിലെ 10.30നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിതഭാരതം @2047: യുവതയുടെ ശബ്ദം’ പരിപാടി ഉദ്ഘാടനം ചെയ്യും. സംരംഭത്തിന്റെ തുടക്കം അടയാളപ്പെടുത്തി രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിൽ സംഘടിപ്പിക്കുന്ന ശിൽപ്പശാലകളിൽ സർവകലാശാലാ വൈസ് ചാൻസലർമാർ, സ്ഥാപനമേധാവികൾ, അധ്യാപകർ എന്നിവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
രാജ്യത്തിന്റെ ദേശീയ പദ്ധതികൾ, മുൻഗണനകൾ, ലക്ഷ്യങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ രാജ്യത്തെ യുവാക്കളുടെ സജീവപങ്കാളിത്തം ഉറപ്പാക്കുക എന്നതാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന് അനുസൃതമായി, ‘വികസിതഭാരതം @2047: യുവതയുടെ ശബ്ദം’ ഉദ്യമം, രാജ്യത്തെ യുവാക്കൾക്കു ‘വികസിതഭാരതം @2047’ എന്ന കാഴ്ചപ്പാടിലേക്ക് ആശയങ്ങൾ സംഭാവന ചെയ്യുന്നതിനുള്ള വേദിയൊരുക്കും. ‘വികസിതഭാരതം @2047’ലേക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കിടുന്നതിനു യുവാക്കളുമായി ഇടപഴകുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനുള്ള പ്രധാന ചുവടുവയ്പ്പായിരിക്കും ശിൽപ്പശാലകൾ.
സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വർഷമായ 2047ഓടെ ഇന്ത്യയെ വികസിതരാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണു ‘വികസിതഭാരതം@2047’. സാമ്പത്തിക വളർച്ച, സാമൂഹ്യപുരോഗതി, പാരിസ്ഥിതികസുസ്ഥിരത, സദ്ഭരണം എന്നിവയുൾപ്പെടെ വികസനത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ കാഴ്ചപ്പാട്.