തന്റെ മണ്ഡലമായ വാരാണസിയുടെ വികസനത്തിനും സാമ്പത്തിക പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക എന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. ഈ ദിശയിൽ മുന്നോട്ട് നീങ്ങിക്കൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 23-ന് വാരാണസി സന്ദർശിക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ഒന്നിലധികം വികസന സംരംഭങ്ങൾക്ക് തുടക്കമിടുകയും ചെയ്യും.
വാരണാസിയിലെ കാർഖിയോണിലുള്ള യുപി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ഫുഡ് പാർക്കിൽ 'ബനാസ് ഡയറി സങ്കുലിന്റെ' തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. 30 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഡെയറി ഏകദേശം 475 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. പ്രതിദിനം 5 ലക്ഷം ലിറ്റർ പാൽ സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മേഖലയിലെ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ച് സഹായിക്കുകയും ചെയ്യും. ബനാസ് ഡയറിയുമായി ബന്ധപ്പെട്ട 1.7 ലക്ഷത്തിലധികം പാൽ ഉത്പാദകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഏകദേശം 35 കോടി രൂപയുടെ ബോണസ് ഡിജിറ്റലായി കൈമാറും.
വാരാണസിയിലെ രാംനഗറിൽ ക്ഷീരോത്പാദന സഹകരണ യൂണിയന്റെ ബയോഗ്യാസ് അധിഷ്ഠിത വൈദ്യുതോൽപ്പാദന പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിടും. പ്ലാന്റിനെ ഊർജ സ്വയംപര്യാപ്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഇത്.
ദേശീയ ക്ഷീരവികസന ബോർഡിന്റെ (എൻഡിഡിബി) സഹായത്തോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വികസിപ്പിച്ചെടുത്ത പാലുൽപ്പന്നങ്ങളുടെ ഗുണനിലവാര നിര്ണയത്തിനായുള്ള പോർട്ടലും ലോഗോയും പ്രധാനമന്ത്രി പുറത്തിറക്കും. ബിഐഎസിന്റെയും എൻഡിഡിബിയുടെയും ഗുണമേന്മയുള്ള ലോഗോകൾ ഉൾക്കൊള്ളുന്ന ഏകീകൃത ലോഗോ, ക്ഷീരമേഖലയുടെ സർട്ടിഫിക്കേഷൻ പ്രക്രിയ ലളിതമാക്കുകയും പാലുൽപ്പന്ന ഗുണനിലവാരത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്യും.
താഴെത്തട്ടിൽ ഭൂവുടമസ്ഥത പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു ശ്രമത്തിൽ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ സ്വാമിത്വ പദ്ധതിക്ക് കീഴിലുള്ള ഗ്രാമീണ ഭൂവുടമസ്ഥത അവകാശരേഖയായ 'ഘരൗണി', ഉത്തർപ്രദേശിലെ 20 ലക്ഷത്തിലധികം നിവാസികൾക്ക് പ്രധാനമന്ത്രി വെർച്വലായി വിതരണം ചെയ്യും.
വാരാണസിയിൽ , 870 കോടിയോളം രൂപ ചിലവ് വരുന്ന 22 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഇത് വാരാണസിയുടെ 360 ഡിഗ്രി പരിവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തും.
പ്രധാനമന്ത്രി വാരാണസിയിൽ ഒന്നിലധികം നഗര വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പഴയ കാശി വാർഡുകളുടെ പുനർവികസനം, ബെനിയാബാഗിൽ ഒരു പാർക്കിംഗ്, ഉപരിതല പാർക്ക്, രണ്ട് കുളങ്ങളുടെ സൗന്ദര്യവൽക്കരണം, രമണ ഗ്രാമത്തിൽ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റ്, സ്മാർട്ട് സിറ്റി മിഷന്റെ കീഴിലുള്ള 720 സ്ഥലങ്ങളിൽ വിപുലമായ നിരീക്ഷണ ക്യാമറകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
107 കോടി രൂപ ചെലവിൽ നിർമിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ടീച്ചേഴ്‌സ് എജ്യുക്കേഷൻ, 7 കോടിയോളം രൂപ ചിലവിൽ പണിത സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ ടിബറ്റൻ സ്റ്റഡീസിൽ ടീച്ചേഴ്‌സ് എജ്യുക്കേഷൻ സെന്റർ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസ മേഖലയിലെ പദ്ധതികളിൽ ഉൾപ്പെടുന്നു. കൂടാതെ, ബിഎച്ച്‌യു, ഐടിഐ കരൗണ്ടി എന്നിവിടങ്ങളിലെ റസിഡൻഷ്യൽ ഫ്ലാറ്റുകളും സ്റ്റാഫ് ക്വാർട്ടേഴ്സുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ആരോഗ്യമേഖലയിൽ മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ കാൻസർ സെന്ററിൽ 130 കോടി രൂപയുടെ ഡോക്‌ടേഴ്‌സ് ഹോസ്റ്റൽ, നഴ്‌സസ് ഹോസ്റ്റൽ, ഷെൽട്ടർ ഹോം എന്നിവ ഉൾപ്പെടുന്ന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഭദ്രാസിയിൽ 50 കിടക്കകളുള്ള ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അദ്ദേഹം ഉദ്ഘാടനം ചെയ്യും. ആയുഷ് മിഷനു കീഴിൽ പിന്ദ്ര തഹസിലിൽ 49 കോടി രൂപയുടെ ഗവണ്മെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
റോഡ് മേഖലയിൽ, പ്രയാഗ്‌രാജ്, ഭദോഹി റോഡുകൾക്കായി ‘4 മുതൽ 6 വരെ’ വരിയായി റോഡ് വീതി കൂട്ടുന്ന രണ്ട് പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഇത് വാരാണസിയുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ഒരു ചുവടുവയ്പായി മാറുകയും ചെയ്യും.
പുണ്യനഗരത്തിന്റെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി, വാരാണസിയിലെ സീർ ഗോവർദ്ധനിലെ ശ്രീ ഗുരു രവിദാസ് ജി ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വാരാണസിയിയിലുള്ള അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇൻസ്റ്റിട്യൂട്ടിന്റെ ദക്ഷിണേഷ്യാ മേഖലാ കേന്ദ്രത്തിലെ സ്പീഡ് ബ്രീഡിംഗ് ഫെസിലിറ്റി, പയക്പൂർ ഗ്രാമത്തിലെ റീജിയണൽ റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറി, പിന്ദ്ര തഹസീലിലെ വക്കീലന്മാർക്കായുള്ള കെട്ടിടം എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികളിൽ ഉൾപ്പെടുന്നു.