ദേശീയ സാങ്കേതികവിദ്യാ ദിനം 2023മായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (മെയ് 11) ഉദ്ഘാടനം ചെയ്യും. രാവിലെ 10.30നു പ്രഗതി മൈതാനത്താണു പരിപാടി. മെയ് 11 മുതൽ 14 വരെ നടക്കുന്ന, ദേശീയ സാങ്കേതികവിദ്യാ ദിനത്തിന്റെ 25-ാം വാർഷികാഷോഷത്തിന്റെ തുടക്കം കൂടിയാണ് ഈ പരിപാടി.
പ്രധാന ശാസ്ത്ര പദ്ധതികൾ
ഈ സുപ്രധാന അവസരത്തിൽ, രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെട്ട 5800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. സ്വയംപര്യാപ്ത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് രാജ്യത്തെ ശാസ്ത്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്.
ഹിംഗോളിയിലെ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി - ഇന്ത്യ (എൽഐജിഒ-ഇന്ത്യ); ഒഡിഷയിലെ ജട്നിയിലെ ഹോമി ഭാഭ അർബുദ ആശുപത്രിയും ഗവേഷണകേന്ദ്രവും; മുംബൈയിലെ ടാറ്റ സ്മാരക ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ബ്ലോക്ക് എന്നിവ തറക്കല്ലിടുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ വികസിപ്പിക്കാൻ പോകുന്ന എൽഐജിഒ-ഇന്ത്യ, ലോകത്തു വിരലിലെണ്ണാവുന്ന ലേസർ ഇന്റർഫെറോമീറ്റർ ഗുരുത്വാകർഷണ തരംഗ നിരീക്ഷണാലയങ്ങളിൽ ഒന്നായിരിക്കും. തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ തുടങ്ങിയ ഭീമാകാരമായ അന്തരീക്ഷ വസ്തുക്കളുടെ ലയന സമയത്ത് ഉണ്ടാകുന്ന ഗുരുത്വാകർഷണ തരംഗങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള 4 കിലോമീറ്റർ നീളമുള്ള വളരെപെട്ടെന്നു പ്രതികരിക്കുന്ന ഇന്റർഫെറോമീറ്ററാണ് ഇത്. എൽഐജിഒ-ഇന്ത്യ അമേരിക്കയിൽ പ്രവർത്തിക്കുന്ന അത്തരം രണ്ട് നിരീക്ഷണശാലകളുമായി സമന്വയിച്ചു പ്രവർത്തിക്കും. ഇവയിൽ ഒന്ന് വാഷിങ്ടണിലെ ഹാൻഫോർഡിലും മറ്റൊന്ന് ലൂസിയാനയിലെ ലിവിങ്സ്റ്റണിലുമാണ്.
ഫിഷൻ മോളിബ്ഡിനം-99 പ്രൊഡക്ഷൻ ഫെസിലിറ്റി, മുംബൈ; റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് പ്ലാന്റ്, വിശാഖപട്ടണം; നാഷണൽ ഹാഡ്രോൺ ബീം തെറാപ്പി ഫെസിലിറ്റി, നവി മുംബൈ; റേഡിയോളജിക്കൽ റിസർച്ച് യൂണിറ്റ്, നവി മുംബൈ; ഹോമി ഭാഭ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, വിശാഖപട്ടണം; നവി മുംബൈയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്യാൻസർ ആശുപത്രി കെട്ടിടം എന്നിവ രാജ്യത്തിന് സമർപ്പിക്കുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു.
ഭൂമിയിലെ അപൂർവമായ സ്ഥിര കാന്തങ്ങൾ പ്രധാനമായും വികസിത രാജ്യങ്ങളിലാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. വിശാഖപട്ടണത്തെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ ക്യാമ്പസിലാണ് റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് നിർമിക്കാനുള്ള സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയും തദ്ദേശീയ വിഭവങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത തദ്ദേശീയ റെയർ എർത്ത് വസ്തുക്കൾ ഉപയോഗിച്ചുമാണ് ഈ സൗകര്യം സ്ഥാപിച്ചിരിക്കുന്നത്. ഈ സൗകര്യത്തോടെ, റെയർ എർത്ത് പെർമനെന്റ് മാഗ്നറ്റ് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളുടെ ഭാഗമാകും ഇന്ത്യയും.
നവി മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ നാഷണൽ ഹാഡ്രോൺ ബീം തെറാപ്പി ഫെസിലിറ്റി, ട്യൂമറിലേക്ക് വളരെ കൃത്യമായ റേഡിയേഷൻ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യമാണ്. ടിഷ്യുവിലേക്ക് കൃത്യമായ ഡോസ് വിതരണം ചെയ്യുന്നത് റേഡിയേഷൻ ചികിത്സയുടെ ആദ്യകാലത്തും അവസാനകാലങ്ങളിലുമുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്ക്കുന്നു.
ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ ട്രോംബെ കാമ്പസിലാണ് ഫിഷൻ മോളിബ്ഡിനം-99 പ്രൊഡക്ഷൻ ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. അർബുദം, ഹൃദ്‌രോഗം മുതലായവ നേരത്തേ കണ്ടെത്തുന്നതിനുള്ള 85% ഇമേജിങ് നടപടിക്രമങ്ങളിലും ഉപയോഗിക്കുന്ന ടെക്‌നീഷ്യം-99എമ്മിന്റെ പാരന്റാണ് മോളിബ്ഡിനം-99. ഈ സൗകര്യം പ്രതിവർഷം 9 മുതൽ 10 ലക്ഷം വരെ രോഗികളുടെ സ്കാനിങ്ങിനു സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിരവധി അർബുദ ആശുപത്രികളുടെയും സൗകര്യങ്ങളുടെയും തറക്കല്ലിടലും സമർപ്പണവും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലോകോത്തര അർബുദ പരിചരണം വ്യാപിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
അടൽ ഇന്നൊവേഷൻ ദൗത്യവും മറ്റ് ഘടകങ്ങളും
2023 ലെ ദേശീയ സാങ്കേതികവിദ്യാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളിലും ആഘോഷങ്ങളിലും അടൽ ഇന്നൊവേഷൻ ദൗത്യം (എഐഎം) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വർഷത്തെ ദേശീയ സാങ്കേതികവിദ്യാ ദിനത്തിന്റെ പ്രമേയം ഉയർത്തിക്കാട്ടുന്ന എഐഎം പവലിയൻ നൂതനമായ വിവിധ പദ്ധതികൾ പ്രദർശിപ്പിക്കും. സന്ദർശകർക്ക് തത്സമയ ടിങ്കറിങ് സെഷനുകൾക്കു സാക്ഷ്യം വഹിക്കുന്നതിനും, ടിങ്കറിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, സ്റ്റാർട്ടപ്പുകളുടെ മികച്ച കണ്ടുപിടിത്തങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനും അവസരമൊരുക്കും. എആർ/വിആർ, ഡിഫൻസ് ടെക്, ഡിജിയാത്ര, ടെക്സ്റ്റൈൽ, ലൈഫ് സയൻസസ് തുടങ്ങിയ വിവിധ മേഖലകളിലാകും ഇവ.
സമീപകാലത്ത് ഇന്ത്യയിലുണ്ടായ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന എക്സ്‌പോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്മരണിക സ്റ്റാമ്പും നാണയവും അദ്ദേഹം പ്രകാശനം ചെയ്യും.
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്കായി പ്രവർത്തിക്കുകയും 1998 മെയിൽ പൊഖ്‌റാൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തുകയും ചെയ്ത ഇന്ത്യൻ ശാസ്ത്രജ്ഞർ, എൻജിനിയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ആദരിക്കാനായി 1999-ൽ മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയാണ് ദേശീയ സാങ്കേതികവിദ്യാദിനാചരണം ആരംഭിച്ചത്. അതിനുശേഷം, ദേശീയ സാങ്കേതികവിദ്യാ ദിനം എല്ലാ വർഷവും മെയ് 11ന് ആചരിക്കുന്നു. എല്ലാ വർഷവും പുതിയതും വ്യത്യസ്തവുമായ പ്രമേയത്തോടെയാണ് ഇത് ആഘോഷിക്കുന്നത്. ‘സ്കൂളിൽനിന്നു സ്റ്റാർട്ടപ്പുകളിലേക്ക്- നവീകരണത്തിനായി യുവമനസ്സുകളെ ജ്വലിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം.