ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം 2023 മാർച്ച് 18നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 11നു പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസിലെ എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഇന്ത്യയുടെ നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ഐക്യരാഷ്ട്ര പൊതുസഭ (യുഎൻജിഎ) 2023 അന്താരാഷ്ട്ര ചെറുധാന്യവർഷമായി (International Year of Millets - ഐവൈഎം) പ്രഖ്യാപിച്ചത്. കൂടാതെ, ‘ഐവൈഎം 2023’ന്റെ ആഘോഷങ്ങൾ ‘ജനകീയ മുന്നേറ്റ’മാക്കി മാറ്റുന്നതിനും ഇന്ത്യയെ ‘ചെറുധാന്യങ്ങളുടെ ആഗോളകേന്ദ്ര’മാക്കി മാറ്റുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, കേന്ദ്ര ഗവണ്മെന്റിന്റെ മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങൾ, കർഷകർ, സ്റ്റാർട്ടപ്പുകൾ, കയറ്റുമതിക്കാർ, ചില്ലറവ്യവസായങ്ങൾ, മറ്റ് പങ്കാളികൾ എന്നിവർ ഉൽപ്പാദകരെയും ഉപഭോക്താക്കളെയും ചെറുധാന്യങ്ങളുടെ (ശ്രീ അന്ന) നേട്ടങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുകയും അവയെപ്രോത്സാഹിപ്പിക്കുകയുമാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം സംഘടിപ്പിക്കുന്നതു പ്രാധാന്യമർഹിക്കുന്നു.
രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും. വിവിധ രാജ്യങ്ങളിലെ കൃഷിമന്ത്രിമാർ, അന്താരാഷ്ട്ര ശാസ്ത്രജ്ഞർ, പോഷകാഹാര വിദഗ്ധർ, ആരോഗ്യ വിദഗ്ധർ, മുൻനിര സ്റ്റാർട്ടപ്പുകൾ, മറ്റു പങ്കാളികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.