ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2023 ന്റെ ഏഴാം പതിപ്പ് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ 2023 ഒക്‌ടോബര്‍ 27 ന് രാവിലെ 9:45 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി '100 5ജി യൂസ് കെയ്‌സ് ലാബുകള്‍' പരിപാടിയില്‍ പ്രധാനമന്ത്രി സമ്മാനിക്കും. '100 5ജി ലാബുകള്‍' മുന്‍കൈക്ക് കീഴിലാണ് ഈ ലാബുകള്‍ വികസിപ്പിക്കുന്നത്.
ഇന്ത്യയുടെ അനന്യമായ ആവശ്യങ്ങളും അതോടൊപ്പം ആഗോള ആവശ്യങ്ങളും നിറവേറ്റുന്ന 5ജി ആപ്ലിക്കേഷനുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ 5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് '100 5ഏ ലാബുകള്‍' മുന്‍കൈ. ഈ അതിവിശിഷ്ടമായ മുന്‍കൈ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഊര്‍ജം, ഗതാഗതം തുടങ്ങിയ വിവിധ സാമൂഹിക സാമ്പത്തിക മേഖലകളിലെ നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുകയും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ രാജ്യത്തെ മുന്‍നിരയിലേക്ക് നയിക്കുകയും ചെയ്യും. രാജ്യത്ത് 6ജി-ക്ക് ഒരുങ്ങിയ ഒരു അക്കാദമിക്, സ്റ്റാര്‍ട്ട്-അപ്പ് പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പു കൂടിയാണ് ഈ മുന്‍കൈ. ഏറ്റവും പ്രധാനമായി, ദേശീയ സുരക്ഷയ്ക്ക് നിര്‍ണ്ണായകമായ തദ്ദേശീയ ടെലികോം സാങ്കേതികവിദ്യയുടെ വികസനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഈ മുന്‍കൈ.
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്‌നോളജി വേദിയായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് (ഐ.എം.സി) 2023 ഒകേ്ടാബര്‍ 27 മുതല്‍ 29 വരെയാണ് നടക്കുന്നത്. ടെലികമ്മ്യൂണിക്കേഷനിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ അത്ഭുതകരമായ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുള്ള ഒരു വേദിയായി ഈ പരിപാടി പ്രവര്‍ത്തിക്കും. ഇവിടെ സുപ്രധാനമായ പ്രഖ്യാപനങ്ങളുണ്ടാകും മാത്രമല്ല തങ്ങളുടെ നൂതനാശ ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരവും ലഭ്യമാക്കും.
സുപ്രധാന അത്യാധുനിക സാങ്കേതികവിദ്യകളുടെ ഡെവലപ്പര്‍, നിര്‍മ്മാതാവ്, കയറ്റുമതിക്കാരന്‍ എന്നീ നിലകളില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് 'ഗ്ലോബല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ (ആഗോള ഡിജിറ്റല്‍ നൂതനാശയങ്ങള്‍)' എന്ന ആശയത്തോടെ നടക്കുന്ന ഐ.എം.സി 2023 ലക്ഷ്യമിടുന്നത്. ത്രിദിന കോണ്‍ഗ്രസില്‍ 5ജി, 6ജി, നിര്‍മ്മിത ബുദ്ധി (എ.ഐ) തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉയര്‍ത്തിക്കാട്ടുകയും അര്‍ദ്ധചാലക വ്യവസായം, ഹരിത സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഈ വര്‍ഷം, ഐ.എം.സി- ആസ്പയര്‍ എന്ന ഒരു സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമും അവതരിപ്പിക്കുന്നു. പുതിയ സംരംഭകത്വ മുന്‍കൈകളുടെയും സഹകരണത്തിന്റെയും ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇത് സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സ്ഥാപിത ബിസിനസ്സുകള്‍ എന്നിവ തമ്മിലുള്ള ബന്ധം വളര്‍ത്തും.
ഏകദേശം 5000 സി.ഇ.ഒ തല പ്രതിനിധികള്‍, 230 പ്രദര്‍ശകര്‍, 400 സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം പേര്‍ ഐ.എം.സി 2023 ല്‍ പങ്കെടുക്കും.