നവംബർ 15-ന് വൈകുന്നേരം 6.30-ന് ന്യൂഡൽഹിയിലെ സായ് ഇന്ദിരാഗാന്ധി സ്‌പോർട്‌സ് സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഥമ ബോഡോലാൻഡ് മഹോത്സവം ഉദ്ഘാടനം ചെയ്യുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
നവംബർ 15, 16 തീയതികളിലാണ് ദ്വിദിന മഹോത്സവം സംഘടിപ്പിക്കുന്നത്. സമാധാനം നിലനിർത്തുന്നതിനും ഊർജ്ജസ്വലമായ ബോഡോ സമൂഹം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമാക്കിയുള്ള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവ സംബന്ധിച്ച ഒരു ബൃഹത് പരിപാടിയാണിത്. ബോഡോലാൻഡിൽ മാത്രമല്ല, അസം, പശ്ചിമ ബംഗാൾ, നേപ്പാൾ, വടക്കുകിഴക്കൻ മേഖലയിലെ മറ്റ് അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും താമസിക്കുന്ന തദ്ദേശീയരായ ബോഡോ ജനതയെ സമന്വയിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു. ‘സമൃദ്ധമായ ഭാരതത്തിന് സമാധാനവും സൗഹാർദ്ദവും’ എന്നതാണ് മഹോത്സവത്തിന്റെ പ്രമേയം. ഇത് ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ (ബിടിആർ) മറ്റ് വിഭാഗങ്ങളോടൊപ്പം ബോഡോ സമൂഹത്തിൻ്റെയും സമ്പന്നമായ സംസ്കാരം, ഭാഷ, വിദ്യാഭ്യാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബോഡോലാൻഡിൻ്റെ സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം, പാരിസ്ഥിതിക ജൈവവൈവിധ്യം, വിനോദസഞ്ചാര സാധ്യതകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുകയാണ് മഹോത്സവത്തിന്റെ ലക്ഷ്യം.
2020-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ബോഡോ സമാധാന ഉടമ്പടി ഒപ്പുവച്ചതുമുതലുള്ള വീണ്ടെടുക്കലിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രയാണത്തെ ആഘോഷിക്കുകയാണ് മഹോത്സവം എന്നത് ശ്രദ്ധേയമാണ്. ഈ സമാധാന ഉടമ്പടി ബോഡോലാൻഡിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സംഘർഷങ്ങളും അക്രമങ്ങളും ജീവഹാനിയും പരിഹരിക്കുക മാത്രമല്ല, മറ്റ് സമാധാന ഉടമ്പടികൾക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും ചെയ്തു.
"സമ്പന്നമായ ബോഡോ സംസ്കാരം, പാരമ്പര്യം, സാഹിത്യം എന്നിവ ഇന്ത്യൻ പൈതൃകത്തിനും പാരമ്പര്യത്തിനും സംഭാവന ചെയ്യുന്നു" എന്ന സെഷൻ മഹോത്സവത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കും. കൂടാതെ സമ്പന്നമായ ബോഡോ സംസ്കാരം, പാരമ്പര്യങ്ങൾ, ഭാഷ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും സമ്മേളനം സാക്ഷ്യം വഹിക്കും. "ദേശീയ വിദ്യാഭ്യാസ നയം, 2020 ലൂടെ മാതൃഭാഷാ പഠന മാധ്യമത്തിൻ്റെ വെല്ലുവിളികളും അവസരങ്ങളും" എന്ന വിഷയത്തിൽ മറ്റൊരു സെഷനും നടക്കും. ബോഡോലാൻഡ് മേഖലയുടെ വിനോദസഞ്ചാരവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശീയ സാംസ്‌കാരിക സംഗമവും സംസ്‌കാരവും വിനോദസഞ്ചാരവും വഴി 'ഊർജ്ജസ്വലമായ ബോഡോലാൻഡ്' മേഖല കെട്ടിപ്പടുക്കുന്നതിനുള്ള വിഷയാധിഷ്ഠിത ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
ബോഡോലാൻഡ് മേഖല, അസം, പശ്ചിമ ബംഗാൾ, ത്രിപുര, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, ഇന്ത്യയുടെ ഇതര ഭാഗങ്ങൾ, കൂടാതെ അയൽ സംസ്ഥാനങ്ങളായ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുമുൾപ്പെടെ അയ്യായിരത്തിലധികം സാംസ്കാരിക, ഭാഷാ, കലാ പ്രേമികൾ പരിപാടിയിൽ പങ്കെടുക്കും.