കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി എൻ സി ഐ ) രണ്ടാമത്തെ കാമ്പസ് 2022 ജനുവരി 7 ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരോഗ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് സിഎൻസിഐയുടെ രണ്ടാമത്തെ കാമ്പസ് നിർമ്മിച്ചിരിക്കുന്നത്. സി എൻ സി ഐ കാൻസർ രോഗികളുടെ വർധിച്ച ഭാരത്തെ അഭിമുഖീകരിക്കുന്നതിനാൽ , വിപുലീകരണത്തിന്റെ ആവശ്യം കുറച്ചുകാലമായി അനുഭവപ്പെടുന്നു. രണ്ടാം കാമ്പസിലൂടെ ഈ ആവശ്യം നിറവേറ്റപ്പെടും.
സി എൻ സി ഐ യുടെ രണ്ടാമത്തെ കാമ്പസ് 530 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്, അതിൽ ഏകദേശം 400 കോടി രൂപ കേന്ദ്ര ഗവണ്മെന്റും ബാക്കി പശ്ചിമ ബംഗാൾ ഗവണ്മെന്റും 75:25 എന്ന അനുപാതത്തിൽ നൽകിയിട്ടുണ്ട്. ക്യാൻസർ രോഗനിർണയം, സ്റ്റേജിംഗ്, ചികിത്സ, പരിചരണം എന്നിവയ്ക്കുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള 460 കിടക്കകളുള്ള സമഗ്ര കാൻസർ സെന്റർ യൂണിറ്റാണ് കാമ്പസ്. ന്യൂക്ലിയർ മെഡിസിൻ (പിഇടി), 3.0 ടെസ്‌ല എംആർഐ, 128 സ്ലൈസ് സിടി സ്കാനർ, റേഡിയോ ന്യൂക്ലിഡ് തെറാപ്പി യൂണിറ്റ്, എൻഡോസ്കോപ്പി സ്യൂട്ട്, ആധുനിക ബ്രാക്കിതെറാപ്പി യൂണിറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് കാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്. വിപുലമായ കാൻസർ ഗവേഷണ കേന്ദ്രമായും പ്രവർത്തിക്കുന്ന കാമ്പസ്, കാൻസർ രോഗികളുടെ, പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ, വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള രോഗികളുടെ സമഗ്ര പരിചരണം ഉറപ്പാക്കും.