പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍, സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.
സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യം, മാനവവിഭവശേഷി, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കോടതിമുറികള്‍, ജുഡീഷ്യല്‍ സുരക്ഷ, ജുഡീഷ്യല്‍ സ്വാസ്ഥ്യം, കേസ് മാനേജ്‌മെന്റ്, ജുഡീഷ്യല്‍ പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അഞ്ച് വര്‍ക്കിംഗ് സെഷനുകള്‍ നടക്കും. .
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍, കേന്ദ്ര നിയമ-നീതി സഹമന്ത്രി(സ്വതന്ത്ര ചുമതല), ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.