കര്‍ത്തവ്യപഥ് 2022 സെപ്തംബര്‍ 8 ന് രാത്രി 7 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അധികാരത്തിന്റെ പ്രതിരൂപമായിരുന്ന പഴയ രാജ്പഥ് തില്‍ നിന്ന് കര്‍ത്തവ്യ പഥിലേക്കുള്ള മാറ്റം പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണത്തെ പ്രകടമാക്കുന്നതാണ്. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി ഈ അവസരത്തില്‍ അനാച്ഛാദനം ചെയ്യും. അമൃത് കാലിലെ നവ ഇന്ത്യക്കായുള്ള പ്രധാനമന്ത്രിയുടെ 'പഞ്ചപ്രാണി'ല്‍ 'കോളനി വാഴ്ചയുടെ ചിന്താഗതിയിലെ ഏതെങ്കിലും അടയാളമുണ്ടെങ്കില്‍ നീക്കം ചെയ്യുക' എന്ന രണ്ടാമത്തേതിന് അനുസൃതമാണ് ഈ നടപടികള്‍.
വര്‍ഷങ്ങളായി, സെന്‍ട്രല്‍ വിസ്ത അവന്യൂവിലെ രാജ്പഥും സമീപ പ്രദേശങ്ങളും സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിന്റെ സമ്മര്‍ദ്ദത്തിന് സാക്ഷ്യം വഹിക്കുകയാണ്, ഇത് അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നു. പൊതു ശൗച്യാലയങ്ങള്‍, കുടിവെള്ളം, തെരുവ് ഫര്‍ണിച്ചറുകള്‍, മതിയായ പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്. അതുകൂടാതെ, അപര്യാപ്തമായ സൈനേജുകള്‍, ജലസംഭരണികളുടെ മോശം അറ്റകുറ്റപ്പണികള്‍, ക്രമരഹിതമായ പാര്‍ക്കിംഗ് എന്നിവയും ഇവിടെ പ്രകടമാണ്. മാത്രമല്ല, പൊതു സഞ്ചാരത്തിന് ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങളോടെ തടസമില്ലാത്ത രീതിയില്‍ റിപ്പബ്ലിക് ദിന പരേഡും മറ്റ് ദേശീയ പരിപാടികളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അനുഭവപ്പെടുകയാണ്. വാസ്തുവിദ്യാ സ്വഭാവത്തിന്റെ സമഗ്രതയും തുടര്‍ച്ചയും ഉറപ്പുവരുത്തുമ്പോഴും ഈ ആശങ്കകള്‍ മനസ്സില്‍ വച്ചാണ് പുനര്‍വികസനം നടത്തിയിരിക്കുന്നത്.
മനോഹരമായ ഭൂപ്രകൃതിയും, പുല്‍ത്തകിടികളുള്ള നടപ്പാതകളും, കൂട്ടിച്ചേര്‍ത്ത ഹരിത ഇടങ്ങളും, നവീകരിച്ച കനാലുകളും, പൊതുസൗകര്യത്തിനുള്ള പുതിയ ബ്ലോക്കുകളും, മെച്ചപ്പെട്ട സൈനേജുകളും, വ്യാപാര(വെന്‍ഡിംഗ്)കിയോസ്‌കുകളും മൊക്കെ കാര്‍ത്തവ്യ പഥില്‍ പ്രദര്‍ശിപ്പിക്കപ്പെടും. കൂടാതെ, കാല്‍നടയാത്രയ്ക്കുള്ള പുതിയ അടിപാതകള്‍, മെച്ചപ്പെട്ട പാര്‍ക്കിംഗ് സ്ഥലങ്ങള്‍, പുതിയ എക്‌സിബിഷന്‍ പാനലുകള്‍, നവീകരിച്ച നിശാ ലൈറ്റിംഗ് എന്നിവ പൊതു അനുഭവം മെച്ചപ്പെടുത്തുന്ന മറ്റ് ചില സവിശേഷതകളുമാണ്. ഖരമാലിന്യ സംസ്‌കരണം, മഞ്ഞുമഴ പരിപാലനം, ഉപയോഗിച്ച ജലത്തിന്റെ പുനര്‍ ചാക്രീകരണം, മഴവെള്ള സംഭരണം, ജലസംരക്ഷണം, ഊര്‍ജ്ജ കാര്യക്ഷമമായ ലൈറ്റിംഗ് സംവിധാനങ്ങള്‍ തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം ആദ്യം പരാക്രം ദിവസില്‍ (ജനുവരി 23) നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത അതേ സ്ഥലത്താണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുന്നത്. കരിങ്കല്ലില്‍ നിര്‍മ്മിച്ച ഈ പ്രതിമ, നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് നേതാജി നല്‍കിയ അപാരമായ സംഭാവനകള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയും, ഒപ്പം അദ്ദേഹത്തോടുള്ള രാജ്യത്തിന്റെ കടപ്പാടിന്റെ പ്രതീകവുമാണ്. ശ്രീ അരുണ്‍ യോഗിരാജ് പ്രധാന ശില്‍പിയായി രൂപകല്‍പ്പന ചെയ്ത 28 അടി ഉയരമുള്ള ഈ പ്രതിമ ഒരൊറ്റ കരിങ്കല്ലില്‍ കൊത്തിയെടുത്തതാണ്, ഇതിന് 65 മെട്രിക് ടണ്‍ ഭാരവുമുണ്ട്.