കേന്ദ്ര ധനമന്ത്രാലയത്തിന്റെയും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും ഐക്കോണിക് വാരാഘോഷങ്ങൾ 2022 ജൂൺ 6 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 2022 ജൂൺ 6 മുതൽ 11 വരെ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായാണ് ഈ വാരം ആഘോഷിക്കുന്നത്.
ഗവണ്മെന്റിന്റെ വായ്പാ ബന്ധിത പദ്ധതികൾക്കായുള്ള ദേശീയ പോർട്ടൽ - ജൻ സമർഥ് പോർട്ടൽ- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും . ഗവൺമെന്റിന്റെ വായ്പാ ബന്ധിത പദ്ധതികളെ കൂട്ടിയിണക്കുന്ന ഒരു ഏകജാലക ഡിജിറ്റൽ പോർട്ടലാണിത്. ഗുണഭോക്താക്കളെ നേരിട്ട് വായ്പ നൽകുന്നവരുമായി ബന്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്‌ഫോമാണിത്. ലളിതവും സുഗമ വുമായ ഡിജിറ്റൽ പ്രക്രിയകളിലൂടെ അവർക്ക് ശരിയായ തരത്തിലുള്ള ഗവണ്മെന്റ് ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് വഴികാട്ടിയും, വിവിധ മേഖലകളുടെ സമഗ്രമായ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ജൻ സമർഥ് പോർട്ടലിന്റെ പ്രധാന ഉദ്ദേശ്യം. ലിങ്ക് ചെയ്തിട്ടുള്ള എല്ലാ സ്കീമുകളുടെയും കവറേജ് പോർട്ടൽ ഉറപ്പാക്കുന്നു.
രണ്ട് മന്ത്രാലയങ്ങളുടെയും കഴിഞ്ഞ എട്ട് വർഷത്തെ നേട്ടങ്ങളുടെ വിവരണങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ പ്രദർശനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ₹1, ₹2, ₹5, ₹10, ₹20 നാണയങ്ങളുടെ പ്രത്യേക പരമ്പരയും പ്രധാനമന്ത്രി പുറത്തിറക്കും. ഈ പ്രത്യേക ശ്രേണിയിലുള്ള നാണയങ്ങൾക്ക് ‘ആസാദി കാ അമൃത് മഹോത്സവിന്റെ' ലോഗോയുടെ പ്രമേയം ഉണ്ടായിരിക്കും കൂടാതെ കാഴ്ച വൈകല്യമുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും.
രാജ്യത്തുടനീളമുള്ള 75 സ്ഥലങ്ങളിൽ ഒരേസമയം ഈ പരിപാടി സംഘടിപ്പിക്കുകയും ഓരോ സ്ഥലത്തെയും പ്രധാന വേദിയുമായി വെർച്വൽ മോഡ് വഴി ബന്ധിപ്പിക്കുകയും ചെയ്യും.