ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നവംബർ 25ന് വൈകിട്ട് 3 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്യുകയും യുഎൻ അന്താരാഷ്ട്ര സഹകരണ വർഷം 2025 ന് തുടക്കം കുറിക്കുകയും ചെയ്യും.
ആഗോള സഹകരണ പ്രസ്ഥാനത്തിലെ പ്രമുഖ സ്ഥാപനമായ ഇൻ്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസിൻ്റെ (ഐസിഎ) 130 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഐസിഎ ഗ്ലോബൽ കോ-ഓപ്പറേറ്റീവ് കോൺഫറൻസും ഐസിഎ ജനറൽ അസംബ്ലിയും ഇന്ത്യയിൽ സംഘടിപ്പിക്കുന്നത്. ഐസിഎ, ഇന്ത്യാ ഗവണ്മെന്റ്, ഇന്ത്യൻ സഹകരണ സ്ഥാപനങ്ങളായ അമൂൽ, ക്രിബ്‌കോ എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്‌കോ) ആതിഥേയത്വം വഹിക്കുന്ന ഈ ആഗോള സമ്മേളനം നവംബർ 25 മുതൽ 30 വരെ നടക്കും.
"സഹകാർ സേ സമൃദ്ധി" (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ കാഴ്‌ചപ്പാടിന് അനുയോജ്യമായ "സഹകരണ സ്ഥാപനങ്ങൾ എല്ലാവർക്കും അഭിവൃദ്ധി സൃഷ്ടിക്കുന്നു" എന്നതാണ് സമ്മേളനത്തിൻ്റെ പ്രമേയം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) കൈവരിക്കുന്നതിന് ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും അഭിസംബോധന ചെയ്യുന്ന ചർച്ചകൾ, പാനൽ സെഷനുകൾ, ശിൽപശാലകൾ എന്നിവ, ദാരിദ്ര്യ നിർമാർജനം, ലിംഗസമത്വം, സുസ്ഥിര സാമ്പത്തിക വളർച്ച തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കും.
സാമൂഹിക ഉൾച്ചേർക്കൽ, സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പരിവർത്തനാത്മകമായ പങ്ക് അടിവരയിടുന്ന, “സഹകരണസ്ഥാപനങ്ങൾ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു” എന്ന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുഎൻ അന്താരാഷ്ട്ര സഹകരണ വർഷം 2025ന് പ്രധാനമന്ത്രി തുടക്കം കുറിക്കും. സുസ്ഥിര വികസനത്തിൻ്റെ നിർണായക ചാലകങ്ങളായി യു എൻ എസ് ഡി ജി -കൾ സഹകരണ സ്ഥാപനങ്ങളെ അംഗീകരിക്കുന്നു. അസമത്വം കുറയ്ക്കുന്നതിലും മാന്യമായ ജോലി പ്രോത്സാഹിപ്പിക്കുന്നതിലും ദാരിദ്ര്യം ലഘൂകരിക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്ക് പ്രത്യേകമായുള്ള പങ്ക് കണക്കിലെടുത്താണിത്. ലോകത്തിലെ ഏറ്റവും സമ്മർദ്ദകരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സഹകരണ സ്ഥാപനങ്ങളുടെ ശക്തി പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള ഉദ്യമത്തിന്റെ വർഷമായിരിക്കും 2025.
സഹകരണ പ്രസ്ഥാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമായി ഒരു തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കും. സുസ്ഥിരതയുടെയും സാമൂഹ്യ വികസനത്തിൻ്റെയും സഹകരണ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സമാധാനം, ശക്തി, പ്രതിരോധം, വളർച്ച എന്നിവയുടെ പ്രതീകവുമായ താമരയാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിട്ടുള്ളത്. താമരയുടെ അഞ്ച് ദളങ്ങൾ പ്രകൃതിയുടെ അഞ്ച് ഘടകങ്ങളെ (പഞ്ചതത്വം) പ്രതിനിധീകരിക്കുകയും പരിസ്ഥിതി, സാമൂഹിക- സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള സഹകരണ സംഘങ്ങളുടെ പ്രതിബദ്ധത എന്നിവയെ ഉയർത്തിക്കാട്ടുകായും ചെയ്യുന്നു. കാർഷിക മേഖലയിലെ ആധുനിക സാങ്കേതികവിദ്യയുടെ പങ്കിനെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡ്രോണും കൃഷി, ക്ഷീരമേഖല, ഫിഷറീസ്, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങൾ, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളും ഡിസൈനിൽ ഉൾക്കൊള്ളുന്നു.
ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേ, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക്ക എന്നിവരും 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.