

വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്കാരിക സവിശേഷതകൾ പ്രകടിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 6ന് വൈകുന്നേരം മൂന്നിന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്യും.
ഇതാദ്യമായി ആഘോഷിക്കുന്ന മൂന്ന് ദിവസത്തെ സാംസ്കാരികോത്സവം ഡിസംബർ 6 മുതൽ 8 വരെ നടക്കും. പരമ്പരാഗത കലകൾ, കരകൗശലവസ്തുക്കൾ, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയുടെ ശ്രേണിയെ ഒരുമിച്ച് കൊണ്ടുവരുന്ന വടക്കുകിഴക്കൻ ഇന്ത്യയുടെ വിശാലമായ സാംസ്കാരിക സവിശേഷതകൾ ഇത് ഉയർത്തിക്കാട്ടും.
പരമ്പരാഗത കരകൗശലവസ്തുക്കൾ, കൈത്തറി, കാർഷിക ഉൽപ്പന്നങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മഹോത്സവം വിവിധ പരിപാടികൾ അവതരിപ്പിക്കും. കലോത്സവത്തിൽ കരകൗശല പ്രദർശനങ്ങൾ, ഗ്രാമീണ വിപണികൾ, പ്രത്യേക സംസ്ഥാന പവലിയനുകൾ, വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് നിർണായകമായ പ്രധാന മേഖലകളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾ എന്നിവ ഉണ്ടായിരിക്കും. മേഖലയുടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്ന ശൃംഖലകൾ, പങ്കാളിത്തങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവ കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സവിശേഷ അവസരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിക്ഷേപക വട്ടമേശ സമ്മേളനങ്ങളും ബയർ-സെല്ലർ യോഗങ്ങളും പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു.
ദേശീയ വേദിയിൽ വടക്കുകിഴക്കൻ ഇന്ത്യയുടെ സമ്പന്നമായ കൈത്തറി-കരകൗശല പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന രൂപകൽപ്പനാസമ്മേളനവും ഫാഷൻ ഷോകളും മഹോത്സവത്തിൽ ഉണ്ടായിരിക്കും. പ്രദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടുന്ന, വടക്കുകിഴക്കൻ ഇന്ത്യയിലെ ഊഷ്മളമായ സംഗീതപ്രകടനങ്ങളും തദ്ദേശീയ പാചകരീതികളും മേള പ്രദർശിപ്പിക്കും.