രാജ്യത്തിന്റെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 24 ന് രാവിലെ 10:30 ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള ഒന്നിലധികം പ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും.
11 സംസ്ഥാനങ്ങളിലെ 11 പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി'യുടെ പൈലറ്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഈ സംരംഭത്തിന് കീഴില്‍ ഗോഡൗണുകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നബാര്‍ഡിന്റെ പിന്തുണയോടെയും നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍സിഡിസി) നേതൃത്വത്തിലുള്ള സഹകരണത്തോടെയും പിഎസിഎസ് ഗോഡൗണുകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്), അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകരെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള 'സഹകര്‍ സേ സമൃദ്ധി' എന്ന സര്‍ക്കാരിന്റെ വീക്ഷണവുമായി യോജിപ്പിച്ച്, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
2,500 കോടിയിലധികം രൂപ സാമ്പത്തിക ചെലവിലാണ് സ്മാരക പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഈ സംരംഭത്തില്‍ പ്രവര്‍ത്തനക്ഷമമായ എല്ലാ പിഎസിഎസും ഒരു ഏകീകൃത എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ERP) അടിസ്ഥാനമാക്കിയുള്ള ദേശീയ സോഫ്റ്റ്വെയറിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു, ഇത് തടസ്സമില്ലാത്ത സംയോജനവും കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും വഴി ഈ പിഎസിഎസുകളെ നബാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ, പിഎസിഎസിന്റെ പ്രവര്‍ത്തന കാര്യക്ഷമതയും ഭരണനിര്‍വഹണവും വര്‍ദ്ധിപ്പിക്കാനും അതുവഴി കോടിക്കണക്കിന് ചെറുകിട പാര്‍ശ്വവത്കൃത കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തുടനീളമുള്ള പിഎസിഎസിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നബാര്‍ഡ് ഈ പദ്ധതിക്കായി ദേശീയ തലത്തിലുള്ള കോമണ്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിലെ സുപ്രധാന നാഴികക്കല്ലായി ഇ ആര്‍ പി സോഫ്റ്റ്വെയറില്‍ 18,000 പിഎസിഎസിന്റെ ഓണ്‍ബോര്‍ഡിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.