നവംബര്‍ ഒന്‍പതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി വാരണാസിയിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്യും. 614 കോടി രൂപയുടെ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ചടങ്ങില്‍വെച്ചു പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും പങ്കെടുക്കും.
സാരാനാഥ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, മെച്ചപ്പെടുത്തിയ രാംനഗറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രി, മലിനജല നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ജോലികള്‍, പശുക്കളെ സംരക്ഷിക്കുന്നതിനായി അടിസ്ഥാനസൗകര്യം ഒരുക്കല്‍, വിവിധോദ്ദേശ്യ വിത്തു സംഭരണ കേന്ദ്രം, 100 മെട്രിക് ടണ്‍ കാര്‍ഷികോല്‍പന്ന വെയര്‍ഹൗസ്, സമ്പൂര്‍ണാനന്ദ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്കായി ഭവന സമുച്ചയം, വാരണാസി നഗരത്തില്‍ സ്മാര്‍ട്ട് ലൈറ്റിങ് പദ്ധതി, 105 അംഗന്‍വാടി കേന്ദ്രങ്ങള്‍, 102 ഗോ ആശ്രയ കേന്ദ്രങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍പ്പെടും.
ചടങ്ങിനിടെ ദശാശ്വമേധ ഘട്ടിന്റെയും ഖിഡ്കിയ ഘട്ടിന്റെയും പുനര്‍വികസനം, പി.എ.സി. പൊലീസ് സേനയ്ക്കായി ബറാക്‌സ്, കാശിയിലെ ചില വാര്‍ഡുകളുടെ പുനര്‍വികസനം, ബെനിയ ബാഗിലെ പാര്‍ക്കിന്റെ പുനര്‍വികസനത്തോടൊപ്പം പാര്‍ക്കിങ് സൗകര്യം ഒരുക്കല്‍, ഗിരിജാ ദേവി സംസ്‌കൃതിക് സങ്കുലിലെ വിവിധോദ്ദേശ്യ ഹാള്‍ മെച്ചപ്പെടുത്തല്‍, നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണു പ്രധാനമന്ത്രി ചടങ്ങില്‍വെച്ചു തറക്കല്ലിടുക.