ലോക പൈതൃക സമിതിയുടെ 46-ാമത് യോഗം 2024 ജൂലൈ 21 ന് വൈകിട്ട് 7 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. യുനെസ്‌കോ ഡി.ജി ഓഡ്രി അസോലെയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഇന്ത്യ ആദ്യമായാണ് ലോക പൈതൃക സമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ 2024 ജൂലൈ 21 മുതല്‍ 31 വരെ യാണ് ഇത് നടക്കുക. വര്‍ഷത്തിലൊരിക്കലാണ് ലോക പൈതൃകസമിതി യോഗം ചേരുന്നത്, ലോക പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട സൈറ്റുകള്‍ തീരുമാനിക്കുന്നതിനും ഈ സമിതിക്കാണ് ഉത്തരവാദിത്തം. ലോക പൈതൃക പട്ടികയില്‍ ചേര്‍ക്കേണ്ട പുതിയ സൈറ്റുകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, നിലവിലുള്ള 124 ലോക പൈതൃക സ്വത്തുക്കളുടെ സംരക്ഷണാവസ്ഥയുടെ റിപ്പോര്‍ട്ടുകള്‍, ലോക പൈതൃക ഫണ്ടുകളുടെ അന്താരാഷ്ട്ര സഹായം, വിനിയോഗം തുടങ്ങിയവ ഈ യോഗത്തില്‍ ചര്‍ച്ചചെയ്യും. 150 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 2000 ലധികം ദേശീയ അന്തരാഷ്ട്ര പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
ലോക പൈതൃക സമിതിയോഗത്തിനിടയില്‍ ലോക പൈതൃക യുവ പ്രൊഫഷണലുകളുടെ ഫോറവും ലോക പൈതൃക പരിപാലകരുടെ ഫോറവും നടക്കും.
ഇതിനുപുറമെ, ഇന്ത്യയുടെ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനായി വിവിധ പ്രദര്‍ശനങ്ങളും ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിക്കും. റിട്ടേണ്‍ ഓഫ് ട്രഷേഴ്സ് എക്സിബിഷനില്‍ രാജ്യത്തേക്ക് മടക്കി കൊണ്ടുവന്ന ചില പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കും. ഇതുവരെ 350 ലധികം പുരാവസ്തുക്കള്‍ മടക്കി കൊണ്ടുവന്നിട്ടുണ്ട്. അതിനുപുറമെ, ഏറ്റവും പുതിയ ഓഗ്മെന്റഡ് & വെർച്ച്വൽ റിയാലിറ്റി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ, റാണി കി വാവ്, പാഠാന്‍, ഗുജറാത്ത്; കൈലാസ ക്ഷേത്രം, എല്ലോറ ഗുഹകള്‍, മഹാരാഷ്ര്ട; ഹൊയ്സാല ക്ഷേത്രം, ഹലേബിഡ്, കര്‍ണാടക എന്നീ ഇന്ത്യയുടെ 3 ലോക പൈതൃക സൈറ്റുകള്‍ക്ക് ആഴത്തിലുള്ള അനുഭവം നല്‍കാനുമാകും. അതോടൊപ്പം, ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, പുരാതന നാഗരികത, ഭൂമിശാസ്ത്രപരമായ വൈവിദ്ധ്യം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയ്ക്കൊപ്പം വിവര സാങ്കേതിക വിദ്യ അടിസ്ഥാനസൗകര്യ മേഖലയിലെ ആധുനിക വികസനങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനായി ഒരു ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രദര്‍ശനവും സംഘടിപ്പിക്കും.