പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ്-എംവി ഗംഗാ വിലാസ് ജനുവരി 13 ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 1000 കോടി രൂപയിലധികം വരുന്ന മറ്റ് ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം ഇതോടനുബന്ധിച്ചു് നിർവഹിക്കും.
എം വി ഗംഗാ വിലാസ്
എംവി ഗംഗാ വിലാസ് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്തും, ഇന്ത്യയിലും ബംഗ്ലാദേശിലുമായി 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. എംവി ഗംഗാ വിലാസിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. കന്നി യാത്രയിൽ സ്വിറ്റ്സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ യാത്രയുടെ മുഴുവൻ ദൈർഘ്യത്തിനും പേര് നൽകി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് എംവി ഗംഗാ വിലാസ് ക്രൂയിസ് രൂപകൽപന ചെയ്തിട്ടുള്ളത് . ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബീഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് 51 ദിവസത്തെ ക്രൂയിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും അനുഭവ സമ്പന്നമായ ഒരു യാത്ര ആരംഭിക്കാനും ഈ യാത്ര സഞ്ചാരികൾക്ക് അവസരം നൽകും.
റിവർ ക്രൂയിസ് ടൂറിസം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി, റിവർ ക്രൂയിസിന്റെ വലിയ സാധ്യതകൾ ഈ സേവനം ആരംഭിക്കുന്നതോടെ തുറന്നു കൊടുക്കപ്പെടും . ഇത് ഇന്ത്യയിൽ റിവർ ക്രൂയിസ് ടൂറിസത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും.
വാരാണാസിയിലെ ടെന്റ് സിറ്റി
ഈ മേഖലയിലെ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ഗംഗാ നദിയുടെ തീരത്താണ് ടെന്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. വാരണാസിയിലെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ വരവ്, പ്രത്യേകിച്ച് കാശി വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിന് ശേഷം, താമസ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന നഗരഘട്ടങ്ങൾക്ക് എതിർവശത്താണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. വാരാണാസി വികസന അതോറിറ്റിയാണ് ഇത് പിപിപി മോഡിൽ വികസിപ്പിച്ചിരിക്കുന്നത്. സമീപത്തുള്ള വിവിധ കടവുകളിൽ നിന്ന് ബോട്ടുകളിലാണ് വിനോദസഞ്ചാരികൾ ടെന്റ് സിറ്റിയിലെത്തുക. ടെന്റ് സിറ്റി എല്ലാ വർഷവും ഒക്ടോബർ മുതൽ ജൂൺ വരെ പ്രവർത്തിക്കും, മഴക്കാലത്ത് നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മൂന്ന് മാസത്തേക്ക് ഇത് പൊളിച്ചുനീക്കും.
ഉൾനാടൻ ജലപാത പദ്ധതികൾ
പശ്ചിമ ബംഗാളിൽ ഹാൽദിയ മൾട്ടി മോഡൽ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജൽ മാർഗ് വികാസ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ചെടുത്ത, ഹാൽദിയ മൾട്ടി മോഡൽ ടെർമിനലിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടൺ ( ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, കൂടാതെ ഏകദേശം 3000 ടൺ കേവുഭാരം വരെയുള്ള കപ്പലുകൾ കൈകാര്യം ചെയ്യാൻ ബെർത്തുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ, ചോചക്പൂർ, ജമാനിയ, ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കാൻസ്പൂർ എന്നിവിടങ്ങളിലായി നാല് ഫ്ലോട്ടിംഗ് കമ്മ്യൂണിറ്റി ജെട്ടികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, ബീഹാറിലെ ദിഘ, നക്ത ദിയാര, ബർഹ്, പട്‌ന ജില്ലയിലെ പാണപൂർ, സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ എന്നിവിടങ്ങളിലെ അഞ്ച് കമ്മ്യൂണിറ്റി ജെട്ടികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗാനദിയിൽ 60-ലധികം കമ്മ്യൂണിറ്റി ജെട്ടികൾ നിർമ്മിക്കുന്നു. ചെറുകിട കർഷകർ, മത്സ്യബന്ധന യൂണിറ്റുകൾ, അസംഘടിത കാർഷിക ഉൽപ്പാദന യൂണിറ്റുകൾ, തോട്ടക്കാർ, പൂക്കടകൾ, കരകൗശല വിദഗ്ധർ എന്നിവർക്ക് ഗംഗാനദിയുടെ ഉൾപ്രദേശങ്ങളിലും പരിസരങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലളിതമായ ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ നൽകി ജനങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിൽ കമ്മ്യൂണിറ്റി ജെട്ടികൾ പ്രധാന പങ്ക് വഹിക്കും.
വടക്കുകിഴക്കിനായുള്ള മാരിടൈം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഗുവാഹത്തിയിൽ നിർവഹിക്കും. വടക്ക് കിഴക്കൻ മേഖലയിലെ സമ്പന്നമായ പ്രതിഭകളെ ആദരിക്കുന്നതിനും വളർന്നുവരുന്ന ലോജിസ്റ്റിക് വ്യവസായത്തിൽ മികച്ച തൊഴിലവസരങ്ങൾ നൽകുന്നതിനും ഇത് സഹായിക്കും.
ഇവ കൂടാതെ ഗുവാഹത്തിയിലെ പാണ്ഡു ടെർമിനലിൽ കപ്പൽ അറ്റകുറ്റപ്പണി സൗകര്യത്തിനും എലിവേറ്റഡ് റോഡിനും പ്രധാനമന്ത്രി തറക്കല്ലിടും. ഒരു കപ്പൽ കൊൽക്കത്തയിലെ റിപ്പയർ ഫെസിലിറ്റിയിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഒരു മാസത്തിലധികം സമയമെടുക്കുന്നതിനാൽ പാണ്ഡു ടെർമിനലിലെ ഷിപ്പ് റിപ്പയർ സൗകര്യം വിലപ്പെട്ട സമയം ലാഭിക്കും. മാത്രമല്ല, കപ്പലിന്റെ ഗതാഗതച്ചെലവും ലാഭിക്കുന്നതിനാൽ പണത്തിന്റെ കാര്യത്തിലും ഇത് വലിയ ലാഭമുണ്ടാക്കും. പാണ്ഡു ടെർമിനലിനെ ദേശീയ പാത 27 മായി ബന്ധിപ്പിക്കുന്ന സമർപ്പിത റോഡ് കണക്റ്റിവിറ്റി 24 മണിക്കൂറും സാധ്യമാക്കും.