ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം തലമുറ (2ജി ) എഥനോൾ പ്ലാന്റ് 2022 ഓഗസ്റ്റ് 10 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന് സമർപ്പിക്കും.
രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കുന്നതിനായി ഗവണ്മെന്റ് വർഷങ്ങളായി സ്വീകരിച്ചുവരുന്ന നീണ്ട നടപടികളുടെ ഭാഗമാണ് പ്ലാന്റിന്റെ സമർപ്പണം. ഊർജ മേഖലയെ കൂടുതൽ താങ്ങാനാവുന്നതും, കാര്യക്ഷമവും സുസ്ഥിരവുമാക്കി മാറ്റാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമാണിത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) 900 കോടി രൂപ ചെലവിലാണ് പാനിപ്പത്ത് റിഫൈനറിക്ക് സമീപം 2 ജി എഥനോൾ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, പ്രതിവർഷം ഏകദേശം 2 ലക്ഷം ടൺ നെല്ലിന്റെ വൈക്കോൽ ഉപയോഗിച്ച് പ്രതിവർഷം ഏകദേശം 3 കോടി ലിറ്റർ എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഈ പദ്ധതി ഇന്ത്യയുടെ മാലിന്യത്തിൽ നിന്ന് സമ്പത്ത് ഉദ്യമങ്ങളിൽ ഒരു പുതിയ അധ്യായം രചിക്കും.
കാർഷിക-വിള അവശിഷ്ടങ്ങൾക്ക് അന്തിമ ഉപയോഗം സൃഷ്ടിക്കുന്നത് കർഷകരെ ശാക്തീകരിക്കുകയും അവർക്ക് അധിക വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്യും. പ്ലാന്റിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പദ്ധതി നേരിട്ട് തൊഴിൽ നൽകുകയും വൈക്കോൽ മുറിക്കൽ, കൈകാര്യം ചെയ്യൽ, സംഭരണം മുതലായവയ്ക്ക് വിതരണ ശൃംഖലയിൽ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
പദ്ധതിയിൽ ജലം പുറന്തള്ളൽ ഒട്ടും ഉണ്ടാവില്ല. വൈക്കോൽ കത്തിക്കുന്നത് കുറയ്ക്കുന്നതിലൂടെ, പ്രതിവർഷം ഏകദേശം 3 ലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനത്തിന് തുല്യമായ ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിന് പദ്ധതി സംഭാവന ചെയ്യുന്നു. ഇത് രാജ്യത്ത് പ്രതിവർഷം 63,000 കാറുകൾ റോഡുകളിൽ നിന്ന് ഒഴിവാക്കുന്നതിന് തുല്യമാണ് .