പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്.
സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുന്നതിനും വേഗത്തിലുള്ള വളർച്ചയും വികസനവും കൈവരിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണു ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തെ മുന്നോട്ടുനയിക്കുന്നത്. കഴിഞ്ഞ മൂന്നുവർഷമായി എല്ലാ വർഷവും സമ്മേളനം നടക്കുന്നു. ചീഫ് സെക്രട്ടറിമാരുടെ ആദ്യ സമ്മേളനം 2022 ജൂണിൽ ധർമശാലയിൽ നടന്നു. 2023 ജനുവരിയിൽ രണ്ടാമത്തെയും 2023 ഡിസംബറിൽ മൂന്നാമത്തെയും സമ്മേളനം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു.
2024 ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന ത്രിദിന സമ്മേളനം പൊതു വികസന കാര്യപരിപാടിയുടെ പരിണാമത്തിനും നടപ്പാക്കലിനും ഊന്നൽ നൽകും. സംസ്ഥാനങ്ങളുമായി സഹകരിച്ചു കൂട്ടായ പ്രവർത്തനത്തിനുള്ള രൂപരേഖയും സജ്ജമാക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നൈപുണ്യസംരംഭങ്ങൾ വർധിപ്പിക്കുന്നതിലൂടെയും ഗ്രാമീണ-നഗര ജനതയ്ക്കു സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ഇന്ത്യയുടെ ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തുന്നതിനുള്ള സഹകരണപ്രവർത്തനത്തിന് ഇതു കളമൊരുക്കും.
കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, നീതി ആയോഗ്, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ തമ്മിലുള്ള വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനങ്ങൾക്കായുള്ള മികച്ച പ്രവർത്തനങ്ങളും തന്ത്രങ്ങളും ഉൾക്കൊള്ളുന്ന ‘സംരംഭകത്വവും തൊഴിലും വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കൽ - ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തൽ’ എന്ന വിഷയത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പിന്തുടരേണ്ട മികച്ച സമ്പ്രദായങ്ങൾക്കു നാലാം ദേശീയ സമ്മേളനം ഊന്നൽ നൽകും.
ഈ സമഗ്രവിഷയത്തിനുകീഴിൽ ഉൽപ്പാദനം, സേവനങ്ങൾ, ഗ്രാമീണ കാർഷികേതര മേഖലകൾ, നഗരം, പുനരുപയോഗ ഊർജം, ചാക്രിക സമ്പദ്‌വ്യവസ്ഥ എന്നീ ആറുമേഖലകളിൽ പ്രത്യേക ഊന്നൽ നൽകി വിശദ ചർച്ചകൾ നടത്തും.
വികസിത ഭാരതത്തിനായുള്ള അതിർത്തി സാങ്കേതികവിദ്യ, സാമ്പത്തിക വളർച്ചാകേന്ദ്രങ്ങളായി നഗരങ്ങളെ വികസിപ്പിക്കൽ, നിക്ഷേപത്തിനായി സംസ്ഥാനങ്ങളിലെ സാമ്പത്തിക പരിഷ്കാരങ്ങൾ, കർമയോഗി ദൗത്യത്തിലൂടെ ശേഷി വർധിപ്പിക്കൽ എന്നീ വിഷയങ്ങളിൽ നാലു പ്രത്യേക സെഷനുകളും നടക്കും.
കൂടാതെ, കാർഷിക മേഖലയിലെ സ്വയംപര്യാപ്തത: ഭക്ഷ്യ എണ്ണകളും പയർവർഗങ്ങളും, പ്രായംകൂടിയ ജനസംഖ്യയ്ക്കുള്ള പരിചരണ സമ്പദ്‌വ്യവസ്ഥ, പിഎം സൂര്യ ഘർ: മുഫ്ത് ബിജിലി യോജന നടപ്പാക്കൽ, ഭാരതീയ ജ്ഞാന പരമ്പര എന്നിവയിൽ കേന്ദ്രീകൃത ചർച്ചകൾ നടക്കും.
സംസ്ഥാനങ്ങളിലുടനീളമുള്ള പരസ്പരപഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ വിഷയത്തിനുകീഴിലും സംസ്ഥാനങ്ങളിൽനിന്നുള്ള മികച്ച സമ്പ്രദായങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.
ചീഫ് സെക്രട്ടറിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.