ആദ്യത്തെ ‘അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണ’ത്തിൽ (എജെഎംഎൽ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നാളെ (ജൂലൈ 8 ന് ) വൈകുന്നേരം 6:30 ന് നടക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
സിംഗപ്പൂർ ഗവൺമെന്റിലെ മന്ത്രി ശ്രീ തർമൻ ഷൺമുഖരത്‌നം, "ഉൾക്കൊള്ളുന്നതിലൂടെയുള്ള വളർച്ച, വളർച്ചയിലൂടെയുള്ള ഉൾക്കൊള്ളൽ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. പ്രഭാഷണത്തിന് ശേഷം ശ്രീ മത്യാസ് കോർമാൻ (ഒ ഇ സി ഡി സെക്രട്ടറി ജനറൽ), ശ്രീ അരവിന്ദ് പനഗരിയ (പ്രൊഫസർ, കൊളംബിയ യൂണിവേഴ്സിറ്റി) എന്നിവർ സംവദിക്കും.
ശ്രീ അരുൺ ജെയ്റ്റ്‌ലി രാജ്യത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ച് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പാണ് ആദ്യത്തെ ‘അരുൺ ജെയ്റ്റ്‌ലി അനുസ്മരണ പ്രഭാഷണം’ സംഘടിപ്പിക്കുന്നത്.
ജൂലൈ 8 മുതൽ 10 വരെ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയായ കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ (കെഇസി) പങ്കെടുക്കുന്ന പ്രതിനിധികളുമായും പ്രധാനമന്ത്രി സംവദിക്കും. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ആൻ ക്രൂഗർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ നിക്കോളാസ് സ്റ്റേൺ,ഹാർവാർഡ് കെന്നഡി സ്കൂളിലെ റോബർട്ട് ലോറൻസ്, മുൻ ഐഎംഎഫ് ആക്ടിംഗ് മാനേജിംഗ് ഡയറക്ടർ, ജോൺ ലിപ്‌സ്‌കി, ഇന്ത്യയുടെ ലോകബാങ്ക് കൺട്രി ഡയറക്ടർ ശ്രീ ജുനൈദ് അഹമ്മദ്ഉ ഉൾപ്പെടെയുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ധനമന്ത്രാലയത്തിന്റെ പിന്തുണയോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ആണ് കെഇസി സംഘടിപ്പിക്കുന്നത്.