പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 6നും 7നും ജയ്പുരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന 2023-ലെ പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും.
2024 ജനുവരി 5 മുതല്‍ 7 വരെ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, പൊലീസിലെ സാങ്കേതിക വിദ്യ, ഭീകരവാദ വിരുദ്ധ വെല്ലുവിളികള്‍, ഇടത് തീവ്രവാദം, ജയില്‍ പരിഷ്‌കരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രമസമാധാന-ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സംബന്ധിച്ച ചര്‍ച്ചകളാണ് സമ്മേളനത്തിന്റെ മറ്റൊരു പ്രധാന അജണ്ട. കൂടാതെ നിര്‍മ്മിത ബുദ്ധി, ഡീപ്‌ഫേക്ക് മുതലായ പുതിയ സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും അവ കൈകാര്യം ചെയ്യാനുള്ള വഴികളും ക്രമസമാധാന പാലനത്തിന്റെയും സുരക്ഷയുടെയും ഭാവി വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. വ്യക്തമായ പ്രവര്‍ത്തന ആശയങ്ങള്‍ തിരിച്ചറിയാനും അവയുടെ പുരോഗതി നിരീക്ഷിക്കാനുമുള്ള അവസരവും സമ്മേളനം നല്‍കുന്നു, ഇത് എല്ലാ വര്‍ഷവും പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കുന്നു.
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ പൊലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ വിഷയങ്ങളിലെ വിപുലമായ ചര്‍ച്ചകളുടെ പരിസമാപ്തിയാണ് സമ്മേളനം. സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള മികച്ച രീതികള്‍ ഓരോ വിഷയത്തിന് കീഴിലും സമ്മേളനത്തില്‍ അവതരിപ്പിക്കും, അതുവഴി സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനാകും.
2014 മുതല്‍ ഡിജിപി സമ്മേളനത്തില്‍ പ്രധാനമന്ത്രി അതീവ താല്‍പ്പര്യം കാണിച്ചിരുന്നു. മുമ്പത്തെ പ്രധാനമന്ത്രിമാരുടെ പ്രതീകാത്മക സാന്നിധ്യത്തില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹം സമ്മേളനത്തിന്റെ എല്ലാ പ്രധാന സെഷനുകളിലും പങ്കെടുത്തു. പ്രധാനമന്ത്രി എല്ലാ നിര്‍ദ്ദേശങ്ങളും ക്ഷമയോടെ കേള്‍ക്കുക മാത്രമല്ല, പുതിയ ആശയങ്ങള്‍ ഉയര്‍ന്നുവരുന്നതിനായി സ്വതന്ത്രവും അനൗപചാരികവുമായ ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേക വിഷയങ്ങളില്‍ അധിഷ്ഠിതമായ തുറന്ന ചര്‍ച്ചകള്‍ പ്രഭാതഭക്ഷണ-ഉച്ചഭക്ഷണ-അത്താഴ വേളകളില്‍ നടത്തുന്നതും ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. രാജ്യത്തെ ബാധിക്കുന്ന പ്രധാന ക്രമസമാധന, ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുമായി പങ്കിടാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് അവസരമൊരുക്കും.
രാജ്യത്തുടനീളം 2014 മുതല്‍ വാര്‍ഷിക ഡിജിപി സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. 2014-ല്‍ ഗുവാഹത്തിയിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 2015-ല്‍ റാണ്‍ ഓഫ് കച്ചിലെ ധോര്‍ഡോ; 2016-ല്‍ ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമി; 2017-ല്‍ ടെക്കന്‍പുര്‍ ബിഎസ്എഫ് അക്കാദമി; 2018-ല്‍ കേവഡിയ; 2019-ല്‍ പൂനെ ഐസർ ; 2021-ല്‍ ലഖ്‌നൗവിലെ പൊലീസ് ആസ്ഥാനം; 2023-ല്‍ ഡല്‍ഹിയിലെ പിയുഎസ്എയിലെ ദേശീയ കാര്‍ഷിക ശാസ്ത്ര സമുച്ചയം എന്നിവിടങ്ങളില്‍ സമ്മേളനം നടന്നു. ഈ പാരമ്പര്യം തുടര്‍ന്നാണ് ഈ വര്‍ഷം ജയ്പുരില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആഭ്യന്തര സഹമന്ത്രി, കാബിനറ്റ് സെക്രട്ടറി, കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാര്‍, കേന്ദ്ര സായുധ പോലീസ് സേനകളുടെയും കേന്ദ്ര പോലീസ് സംഘടനകളുടെയും തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.