ന്യൂഡല്‍ഹിയിലെ പൂസ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് കോംപ്ലക്‌സില്‍ നടക്കുന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 21-22 തീയതികളില്‍ പങ്കെടുക്കും.
2023 ജനുവരി 20 മുതല്‍ 22 വരെ നടക്കുന്ന ത്രിദിന സമ്മേളനം സങ്കര രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ഡി.ജി.പിമാര്‍, കേന്ദ്ര സായുധ പോലീസ് സേന, കേന്ദ്ര പോലീസ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവരുള്‍പ്പെടെ നൂറോളം ക്ഷണിതാക്കള്‍ സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കും, അതേസമയം ബാക്കിയുള്ള ക്ഷണിതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെര്‍ച്ച്വലായും സമ്മേളനത്തില്‍ പങ്കെടുക്കും.
മറ്റുനിരവധി വിഷയങ്ങള്‍ക്കൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍, പോലീസിലെ സാങ്കേതികവിദ്യ, ഭീകരവാദവെല്ലുവിളികള്‍, ഇടതു തീവ്രവാദം എന്നിവയെ നേരിടല്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ജയില്‍ പരിഷ്‌കരണങ്ങള്‍ തുടങ്ങിയവയും സമ്മേളനം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുത്ത വിഷയങ്ങളില്‍ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ നിന്നുള്ള പോലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ടുള്ള വിപുലമായ ചര്‍ച്ചകളുടെ പരിപൂര്‍ണ്ണതയാണ് സമ്മേളനത്തിലുണ്ടാവുക. ഓരോ വിഷയങ്ങള്‍ക്ക് കീഴിലും സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുള്ള മികച്ച പ്രയോഗരീതികള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും, അതുവഴി സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനും കഴിയും.
ഡി.ജി.പി സമ്മേളനത്തിന് 2014 മുതല്‍ പ്രധാനമന്ത്രി അതീവ താല്‍പര്യം കാണിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ പ്രതികാത്മക സാന്നിദ്ധ്യം മാത്രം ഉറപ്പാക്കിയിരുന്ന പ്രധാനമന്ത്രിമാരില്‍ നിന്ന് വ്യത്യസ്തമായി, സമ്മേളനത്തിന്റെ എല്ലാ പ്രധാന സെഷനുകളിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ട്. എല്ലാ അഭിപ്രായങ്ങളും പ്രധാനമന്ത്രി ക്ഷമയോടെ കേള്‍ക്കുക മാത്രമല്ല, സ്വതന്ത്രവും അനൗപചാരികവുമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി പുതിയ ആശയങ്ങള്‍ക്ക് ഉയര്‍ന്നുവരാനും കഴിയും. രാജ്യത്തെ ബാധിക്കുന്ന പ്രധാന ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങളേയും (പോലീസിംഗ്), ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളേയും കുറിച്ച് പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കാനും തങ്ങളുടെ തുറന്നതും വ്യക്തവുമായ ശിപാര്‍ശകള്‍ നല്‍കാനും ഇത് രാജ്യത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗഹാര്‍ദ്ദപരമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു.
അതിനുപുറമെ, പ്രധാനമന്ത്രിയുടെ വീഷണം കാട്ടിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍, വര്‍ത്തമാനകാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് മാത്രമല്ല, ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളേയും വെല്ലുവിളികളേയും നേരിടാനുള്ള കഴിവ് വികസിപ്പിക്കുന്നതിനായി പോലീസിംഗിലേയും സുരക്ഷയിലെയും ഭാവി വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ ആരംഭിച്ചു.
വാര്‍ഷിക ഡി.ജി.പി സമ്മേളനങ്ങൾ രാജ്യത്ത് അങ്ങോളമിങ്ങോളം സംഘടിപ്പിക്കുന്നതിനെ 2014 മുതല്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2014-ല്‍ ഗുവാഹത്തിയിലാണ് സമ്മേളനം സംഘടിപ്പിച്ചത്; 2015-ല്‍ റാന്‍ ഓഫ് കച്ചിലെ ധോര്‍ഡോയില്‍; 2016-ല്‍ ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍, 2017-ല്‍ തെക്കന്‍പൂര്‍ ബി.എസ.്എഫ് അക്കാദമിയില്‍; 2018-ല്‍ കെവാദിയയില്‍; കൂടാതെ 2019-ല്‍ പൂനെയിലെ ഐസറിലും 2021-ല്‍ ലഖ്‌നൗവിലെ പോലീസ് ആസ്ഥാനത്തും സമ്മേളനങ്ങൾ നടന്നു.