പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 29നു വൈകിട്ടു നാലിനു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്യും. പരിപാടിയിൽ, പ്രധാനമന്ത്രി മധ്യപ്രദേശിൽ ഉടനീളം 17,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം തുടങ്ങി നിരവധി സുപ്രധാന മേഖലകളിലാണ് ഈ പദ്ധതികൾ. മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മധ്യപ്രദേശിൽ 5500 കോടി രൂപയുടെ ജലസേചന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതികളിൽ അപ്പർ നർമദ പദ്ധതി, രാഘവ്പുർ വിവിധോദ്ദേശ്യ പദ്ധതി, ബസനിയ വിവിധോദ്ദേശ്യ പദ്ധതി എന്നിവ ഉൾപ്പെടുന്നു. ഈ പദ്ധതികൾ ഡിണ്ഡൗരി, അനൂപ്‌പുർ, മണ്ഡ്‌ല ജില്ലകളിലെ 75000 ഹെക്ടറിലധികം കൃഷിഭൂമിയിൽ ജലസേചനം നടത്തുകയും മേഖലയിലെ വൈദ്യുതി വിതരണവും കുടിവെള്ള വിതരണവും വർധിപ്പിക്കുകയും ചെയ്യും. സംസ്ഥാനത്തെ 800 കോടിയിലധികം വരുന്ന രണ്ടു കണികാ ജലസേചന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. പരസ്ദോ കണികാ ജലസേചന പദ്ധതിയും ഔലിയ കണികാ ജലസേചന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഈ കണികാ ജലസേചന പദ്ധതികൾ ബേതുൽ, ഖാണ്ഡ്വ ജില്ലകളിലെ 26,000 ഹെക്ടറിലധികം ഭൂമിയുടെ ആവശ്യങ്ങൾ നിറവേറ്റും.
2200 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച മൂന്നു റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. വീരാംഗന ലക്ഷ്മിഭായ് ഝാൻസി - ജഖ്‌ലൗൺ & ധൗര - അഗസോദ് റൂട്ടിലെ മൂന്നാം ലൈനിനുള്ള പദ്ധതി; ന്യൂ സുമാവോലി-ജോറ അലപുർ റെയിൽവേ ലൈൻ ഗേജ് പരിവർത്തന പദ്ധതി; പൊവാർഖേഡ-ജുഝാർപുർ റെയിൽ ലൈൻ മേൽപ്പാല പദ്ധതി എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ റെയിൽവേ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനു സംഭാവന നൽകുകയും ചെയ്യും.
സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിന് ഉത്തേജനം നൽകുന്നതിനായി, മധ്യപ്രദേശിലുടനീളം 1000 കോടി രൂപയുടെ വിവിധ വ്യവസായ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. മൊറേന ജില്ലയിലെ സീതാപുരിലെ മെഗാ ലെതർ, പാദരക്ഷകൾ, അനുബന്ധസാമഗ്രികൾ വിഭാഗം; ഇൻഡോറിലെ വസ്ത്രവ്യവസായത്തിനായി പ്ലഗ് ആൻഡ് പ്ലേ പാർക്ക്; ഇൻഡസ്ട്രിയൽ പാർക്ക് മന്ദ്‌സൂർ (ജഗ്ഗഖേഡി രണ്ടാം ഘട്ടം); ധാർ ജില്ലയിലെ പീതംപുർ വ്യവസായ പാർക്കിന്റെ നവീകരണം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ജയന്ത് ഒസിപി സിഎച്ച്പി സിലോ, എൻസിഎൽ സിങ്ഗ്രൗളി, ദുധിചുവ ഒസിപി സിഎച്ച്പി സിലോ എന്നിവ ഉൾപ്പെടെ 1000 കോടിയിലധികം വരുന്ന കൽക്കരി മേഖലയിലെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
മധ്യപ്രദേശിലെ വൈദ്യുതി മേഖലയ്ക്കു കരുത്തേകി, പന്ന, റെയ്‌സൻ, ഛിന്ദ്വാര, നർമദാപുരം ജില്ലകളിലായി ആറു സബ്‌സ്റ്റേഷനുകൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. സംസ്ഥാനത്തെ ഭോപ്പാൽ, പന്ന, റെയ്‌സെൻ, ഛിന്ദ്വാര, നർമദാപുരം, വിഡിഷ, സാഗർ, ദാമോ, ഛത്തർപുർ, ഹർദ, സെഹോർ എന്നീ പതിനൊന്നു ജില്ലകളിലെ വിവിധ മേഖലകളിലെ ജനങ്ങൾക്ക് ഈ സബ്‌സ്റ്റേഷനുകൾ പ്രയോജനപ്പെടും. മണ്ഡിദീപ് വ്യവസായ മേഖലയിലെ വ്യവസായങ്ങൾക്കും സബ്‌സ്റ്റേഷനുകൾ പ്രയോജനപ്പെടും.
അമൃത് 2.0 പ്രകാരം 880 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും സംസ്ഥാനത്തുടനീളമുള്ള പല ജില്ലകളിലും ജലവിതരണ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മറ്റു പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും. ഖർഗോണിലെ ജലവിതരണം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
ഗവണ്മെന്റ് സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവയ്പായ മധ്യപ്രദേശിലെ സൈബർ തെഹ്‌സിൽ പദ്ധതി, കടലാസ്‌രഹിതവും സമ്പർക്കരഹിതവും സമ്പൂർണ്ണ ഖസ്‌റയുടെ വിൽപ്പന-വാങ്ങൽ പരിവർത്തനത്തിന്റെ അവസാന ഓൺലൈൻ നീക്കംചെയ്യലും റവന്യൂ രേഖകളിലെ റെക്കോർഡ് തിരുത്തലും ഉറപ്പാക്കും. സംസ്ഥാനത്തെ 55 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയിൽ മുഴുവൻ എംപിമാർക്കും ഒരൊറ്റ റവന്യൂ കോടതിയും ഒരുക്കും. അന്തിമ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷകനെ അറിയിക്കുന്നതിന് ഇമെയിൽ/വാട്സ്ആപ്പ് ഉപയോഗിക്കും.
മധ്യപ്രദേശിലെ നിരവധി സുപ്രധാന റോഡ് പദ്ധതികൾക്കും മറ്റു പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.
ഈ പദ്ധതികളുടെ സമാരംഭം മധ്യപ്രദേശിലെ അടിസ്ഥാനസൗകര്യങ്ങൾക്കും സാമൂഹിക സാമ്പത്തിക വികസനത്തിനും ജീവിതം സുഗമമാക്കലിനും വലിയ ഉത്തേജനം നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നു.