പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര വനിതാ ദിനത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ കച്ചിലെ ധോർഡോയിലെ വനിതാ സന്യാസി ക്യാമ്പിൽ വൈകുന്നേരം 6 മണിക്ക് ഒരു സെമിനാറിനെ അഭിസംബോധന ചെയ്യും. സമൂഹത്തിൽ വനിതാ സന്യാസിമാർക്കുള്ള പങ്കും സ്ത്രീശാക്തീകരണത്തിന് അവർ നൽകുന്ന സംഭാവനകളും തിരിച്ചറിയുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ധോർദോയിൽ നടക്കുന്ന സെമിനാറിൽ അഞ്ഞൂറിലധികം വനിതാ സന്യാസിമാർ പങ്കെടുക്കും.
സംസ്‌കാരം, മതം, സ്ത്രീ ഉന്നമനം, സുരക്ഷ, സാമൂഹിക പദവി, ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകളുടെ പങ്ക് എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. സ്ത്രീകളുടെ നേട്ടങ്ങൾക്കൊപ്പം സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ക്ഷേമപദ്ധതികളും ചർച്ച ചെയ്യും.
കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി, കേന്ദ്ര സഹമന്ത്രിമാരായ സാധ്വി നിരഞ്ജൻ ജ്യോതി ഡോ. ഭാരതി പ്രവീൺ പവാർ എന്നിവരും സെമിനാറിൽ പങ്കെടുക്കും. ചടങ്ങിൽ സാധ്വി ഋതംബര, മഹാ മണ്ഡലേശ്വർ കങ്കേശ്വരി ദേവി തുടങ്ങിയവർ പങ്കെടുക്കും.