പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 14 ന് വൈകുന്നേരം 5 മണിക്ക് ഡല്‍ഹിയിലെ ജെ.എല്‍.എന്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യും. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള 5,000 വഴിയോരകച്ചവടക്കാര്‍ ഉള്‍പ്പെടെ 1 ലക്ഷം തെരുവുകച്ചവടക്കാര്‍ക്ക് (എസ്.വി) പദ്ധതി പ്രകാരമുള്ള വായ്പകളും അദ്ദേഹം വിതരണം ചെയ്യും. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ രണ്ട് അധിക ഇടനാഴികളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, മാഹാമാരി മൂലമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ 2020 ജൂണ്‍ 1 നാണ് പി.എം സ്വാനിധിക്ക് സമാരംഭം കുറിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തെരുവ് കച്ചവടക്കാരുടെ സമൂഹങ്ങള്‍ക്ക് ഇത് പരിവര്‍ത്തനപരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ രാജ്യത്താകമാനമുള്ള 62 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാര്‍ക്കായി 82 ലക്ഷം വായ്പകളിലൂടെ 10,978 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം ഏകദേശം 232 കോടിരൂപ വരുന്ന 2 ലക്ഷം വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെയും സമഗ്രമായ ക്ഷേമത്തിന്റെയും ഒരു വഴിവിളക്കായി ഈ പദ്ധതി തുടരുന്നു.
ഡല്‍ഹി മെട്രോയുടെ ലജ്പത് നഗര്‍ - സാകേത്-ജി ബ്ലോക്ക്, ഇന്ദര്‍ലോക് - ഇന്ദ്രപ്രസ്ഥ എന്നീ രണ്ട് അധിക ഇടനാഴികളുടെ തറക്കല്ലിടലും പരിപാടിയില്‍, പ്രധാനമന്ത്രി നിര്‍വഹിക്കും. ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഒന്നിച്ച് ചേര്‍ത്താല്‍ 20 കിലോമീറ്ററിലധികം നീളുംവരുന്ന ഈ രണ്ടു ഇടനാഴികളും കൂടി സഹായിക്കും.
ലജ്പത് നഗര്‍, ആന്‍ഡ്രൂസ് ഗഞ്ച്, ഗ്രേറ്റര്‍ കൈലാഷ് - 1, ചിരാഗ് ഡല്‍ഹി, പുഷ്പ ഭവന്‍, സാകേത് ജില്ലാ കേന്ദ്രം, പുഷ്പ് വിഹാര്‍, സാകേത് ജി - ബ്ലോക്ക് എന്നിവ ലജ്പത് നഗര്‍ മുതല്‍ സാകേത് ജി-ബ്ലോക്ക് വരെയുള്ള ഇടനാഴിയില്‍ ഈ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. ഇന്ദര്‍ലോക് - ഇന്ദ്രപ്രസ്ഥ ഇടനാഴിയില്‍ ഇന്ദര്‍ലോക്, ദയാ ബസ്തി, സരായ് രോഹില്ല, അജ്മല്‍ ഖാന്‍ പാര്‍ക്ക്, നബി കരീം, ന്യൂഡല്‍ഹി, എല്‍.എന്‍.ജെ.പി ഹോസ്പിറ്റല്‍, ഡല്‍ഹി ഗേറ്റ്, ഡല്‍ഹി സചിവാലയ, ഇന്ദ്രപ്രസ്ഥ എന്നീ സ്‌റ്റേഷനുകളും ഉള്‍പ്പെടുന്നു.