ആഗോള ഫിൻടെക്ക് ചിന്താ നേതൃത്വ പ്ലാറ്റ്‌ഫോമായ ഇൻഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 9-ന് രാവിലെ 10:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. തുടർന്ന്, ചടങ്ങിൽ പങ്കെടുക്കുന്നവരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.
2024 വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള സമ്മേളനമെന്ന നിലയിലാണ് ഇന്ത്യാ ഗവൺമെന്റിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും (IFSCA) GIFT സിറ്റിയും സംയുക്തമായി ഇൻഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ലോകമെങ്ങുനിന്നുമുള്ള പുരോഗമന ആശയങ്ങൾ, അടിയന്തിരമായ പ്രശ്നങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവ കണ്ടെത്തുകയും ചർച്ച ചെയ്യുകയും അതിലൂടെ പരിഹാരങ്ങളും അവസരങ്ങളും വികസിപ്പിക്കുകയും ചെയ്യുന്ന വേദിയായി ഫോറം മാറും .
ഇൻഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം 'ഗിഫ്റ്റ്-ഐഎഫ്എസ്‌സി: നവ യുഗ ആഗോള ധനകാര്യ സേവനങ്ങൾക്കായുള്ള നെർവ് സെന്റർ' എന്നതാണ്. ഇത് ഇനിപ്പറയുന്ന മൂന്ന് രീതികളിലൂടെ അവതരിപ്പിക്കപ്പെടും:
.പ്ലീനറി ട്രാക്ക്: ഒരു നവയുഗ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രത്തിന്റെ നിർമ്മാണം
.ഗ്രീൻ ട്രാക്ക്: ഒരു "ഗ്രീൻ സ്റ്റാക്കിനായി" വേദി ഒരുക്കുന്നു
.സിൽവർ ട്രാക്ക്: GIFT IFSC-യുടെ നേതൃത്വത്തിൽ ദീർഘകാല ധനകാര്യ മേഖല
ഓരോ ട്രാക്കിലും ഒരു മുതിർന്ന വ്യവസായ പ്രമുഖന്റെ പ്രഭാഷണവും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലയിൽ നിന്നുള്ള വ്യവസായ വിദഗ്ധരുടെയും പ്രാക്ടീഷണർമാരുടെയും ഒരു പാനൽ ചർച്ചയും ഉൾപ്പെടും. ഇത് പ്രായോഗിക ഉൾക്കാഴ്ചകളും നടപ്പിലാക്കാവുന്ന പരിഹാരങ്ങളും നൽകുന്നു.
യുഎസ്എ, യുകെ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, യുഎഇ, ഓസ്‌ട്രേലിയ, ജർമ്മനി എന്നിവയുൾപ്പെടെ ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യത്തിനും ഇന്ത്യയിലെയും ആഗോള പ്രേക്ഷകരുടെയും ശക്തമായ ഓൺലൈൻ പങ്കാളിത്തത്തോടെ 300ലധികം CXO-കളുടെ പങ്കാളിത്തത്തിനും ഫോറം സാക്ഷ്യം വഹിക്കും. വിദേശ സർവകലാശാലകളിലെ വൈസ് ചാൻസലർമാരും വിദേശ എംബസി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.