ആഗോള ബുദ്ധമത ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2023 ഏപ്രിൽ 20നു രാവിലെ 10നു ഡൽഹിയിലെ ഹോട്ടൽ അശോകിലാണു സമ്മേളനം.
അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി സഹകരിച്ച് ഏപ്രിൽ 20നും 21നും സാംസ്കാരിക മന്ത്രാലയമാണു രണ്ടുദിവസത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. "സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങൾ: പ്രവൃത്തികൾക്കായുള്ള തത്വചിന്ത" എന്നതാണ് ആഗോള ബുദ്ധമത ഉച്ചകോടിയുടെ പ്രമേയം.
ആഗോള ബുദ്ധധർമ നേതൃത്വത്തെയും പണ്ഡിതരെയും, ബുദ്ധമതപരവും സാർവത്രികവുമായ വിഷയങ്ങളിൽ ഉൾപ്പെടുത്തുന്നതിനും അവയെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുമുള്ള നയപരമായ നിർദേശങ്ങൾ കൊണ്ടുവരുന്നതിനുമുള്ള ശ്രമമാണ് ഉച്ചകോടി. സമകാലിക സാഹചര്യങ്ങളിൽ ബുദ്ധധർമത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് എങ്ങനെ പ്രചോദനവും മാർഗനിർദേശവും നൽകാൻ കഴിയുമെന്ന് ഉച്ചകോടിയിൽ ചർച്ചചെയ്യും.
ലോകമെമ്പാടുമുള്ള പ്രമുഖ പണ്ഡിതർ, സംഘനേതാക്കൾ, ധർമാചാര്യർ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും. ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും സാർവത്രിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ബുദ്ധധർമത്തിൽ ഉത്തരം തേടുകയും ചെയ്യും. ബുദ്ധധർമവും സമാധാനവും; ബുദ്ധധർമം: പാരിസ്ഥിതിക പ്രതിസന്ധി, ആരോഗ്യം, സുസ്ഥിരത; നളന്ദ ബുദ്ധമത പാരമ്പര്യത്തിന്റെ സംരക്ഷണം; ബുദ്ധധർമ തീർഥാടനം, ജീവസുറ്റ പൈതൃകം, ബുദ്ധന്റെ തിരുശേഷിപ്പുകൾ: തെക്ക്, തെക്ക്-കിഴക്ക്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധത്തിന്റെ ശക്തമായ അടിത്തറ എന്നീ നാലു വിഷയങ്ങളിലായാണു ചർച്ചകൾ നടക്കുക.