ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് ഫിനാലെ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്തംബര്‍ 26 വൈകുന്നേരം 4ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്യും. രാജ്യത്തുടനീളമുള്ള വിവിധ സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണ്യ വികസന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 5 കോടിയിലധികം യുവാക്കളുടെ റെക്കോര്‍ഡ് പങ്കാളിത്തമാണ് ജി20 ജന്‍ ഭാഗിദാരി പ്രസ്ഥാനത്തിന് ലഭിച്ചത്. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഇന്ത്യയുടെ ജി20 അധ്യക്ഷ പദവികാലത്തേക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും വ്യത്യസ്ത ജി20 സമ്മേളനങ്ങളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് പരിപാടി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള സര്‍വ്വകലാശാലകളില്‍ നിന്നുള്ള 1 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ സ്മരണയ്ക്കായി 75 സര്‍വ്വകലാശാലകള്‍ക്കായി ആദ്യം പദ്ധതിയിട്ടിരുന്ന ഈ സംരംഭം ഒടുവില്‍ രാജ്യത്തെ 101 സര്‍വ്വകലാശാലകളിലേക്ക് വ്യാപിപ്പിച്ചു.
ജി-20 യൂണിവേഴ്‌സിറ്റി കണക്ട് സംരംഭത്തിന് കീഴില്‍ രാജ്യത്തുടനീളം നിരവധി പരിപാടികള്‍ നടന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിപുലമായ പങ്കാളിത്തത്തിന് അവ സാക്ഷ്യം വഹിച്ചു. കൂടുതല്‍. തുടക്കത്തില്‍ സര്‍വ്വകലാശാലകള്‍ക്കായുള്ള ഒരു പരിപാടിയായി ആരംഭിച്ചത് വളരെ വേഗത്തില്‍ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടുത്തി, കൂടുതല്‍ ആളുകളിലേക്ക് എത്തി.
ജി20 യൂണിവേഴ്‌സിറ്റി കണക്റ്റ് ഫിനാലെയില്‍ ഏകദേശം 3000 വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും പങ്കെടുക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളും പരിപാടിയില്‍ തത്സമയം ചേരും.