ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 നവംബർ 25 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ അഭിസംബോധന ചെയ്യും.
വാഴ്ത്തപ്പെടാത്ത നായകന്മാരെ ഉചിതമായ രീതിയിൽ ആദരിക്കുകയെന്നത് പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമമാണ്. അതിനനുസൃതമായി രാജ്യം 2022 ലച്ചിത് ബർഫുകന്റെ 400-ാം ജന്മവാർഷിക വർഷമായി ആഘോഷിക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ അന്നത്തെ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഗുവാഹത്തിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു.
ലച്ചിത് ബർഫുകൻ (നവംബർ 24, 1622 - ഏപ്രിൽ 25, 1672) മുഗളന്മാരെ പരാജയപ്പെടുത്തുകയും ഔറംഗസേബിന്റെ കീഴിലുള്ള മുഗളന്മാരുടെ അഭിലാഷങ്ങളെ വിജയകരമായി തടയുകയും ചെയ്ത അസമിലെ അഹോം രാജ്യത്തിന്റെ റോയൽ ആർമിയുടെ പ്രശസ്ത ജനറൽ ആയിരുന്നു. 1671-ൽ നടന്ന സരാഘട്ട് യുദ്ധത്തിൽ ലച്ചിത് ബർഫുകാൻ ആസാമീസ് സൈനികർക്ക് പ്രചോദനം നൽകി, മുഗളന്മാരുടെ ദയനീയവും അപമാനകരവുമായ പരാജയം ഉറപ്പാക്കി. ലച്ചിത് ബർഫുകന്റെയും സൈന്യത്തിന്റെയും വീരോചിതമായ പോരാട്ടം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകമായ ചെറുത്തുനിൽപ്പിന്റെ ഒരു സൈനിക നേട്ടമായി തുടരുന്നു.