പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 26 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന ചടങ്ങിനെ അഭിസംബോധന ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ തമ്മിലുള്ള പഴയ ബന്ധങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും വീണ്ടും കണ്ടെത്തുന്നതിനും സഹായിക്കുന്ന സംരംഭങ്ങളിലൂടെ ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലാണ് പരിപാടിയുടെ ഉത്ഭവം. ഇത് കണക്കിലെടുത്താണ് നേരത്തെ കാശി തമിഴ് സംഗമം സംഘടിപ്പിച്ചത്. ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള പങ്കിട്ട സംസ്‌കാരവും പൈതൃകവും ആഘോഷിച്ചുകൊണ്ട് സൗരാഷ്ട്ര തമിഴ് സംഗമം ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് സൗരാഷ്ട്ര മേഖലയിൽ നിന്ന് നിരവധി ആളുകൾ തമിഴ്നാട്ടിലേക്ക് കുടിയേറി. സൗരാഷ്ട്ര തമിഴ് സംഗമം സൗരാഷ്ട്ര തമിഴർക്ക് അവരുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാൻ അവസരമൊരുക്കി. 10 ദിവസത്തെ സംഗമത്തിൽ 3000-ലധികം സൗരാഷ്ട്രിയൻ തമിഴർ പ്രത്യേക ട്രെയിനിൽ സോമനാഥിലെത്തി. ഏപ്രിൽ 17-ന് ആരംഭിച്ച പരിപാടിയുടെ മാപന ചടങ്ങ് ഏപ്രിൽ 26-ന് സോമനാഥിൽ നടക്കും.