സിവിൽ സർവീസ് ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 21 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യും.
രാഷ്ട്രനിർമ്മാണത്തിനായുള്ള സിവിൽ സർവീസുകാരുടെ സംഭാവനകളെ പ്രധാനമന്ത്രി നിരന്തരം അഭിനന്ദിക്കുകയും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തുപോരുന്നു . അമൃത കാലത്തിന്റെ ഈ നിർണായക ഘട്ടത്തിൽ, അതേ തീക്ഷ്ണതയോടെ രാജ്യത്തെ സേവിക്കുന്നതിന്, രാജ്യത്തുടനീളമുള്ള സിവിൽ സർവീസുകാരെ പ്രചോദിപ്പിക്കാനും അവർക്ക് ആവേശം പകരാനും പ്രധാനമന്ത്രിക്ക് ഈ പരിപാടി ഉചിതമായ വേദിയായി വർത്തിക്കും.
ചടങ്ങിൽ, പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകളും ശ്രീ. നരേന്ദ്ര മോദി സമ്മാനിക്കും. സാധാരണ പൗരന്മാരുടെ ക്ഷേമത്തിനായി ജില്ലകളും, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സംഘടനകളും നടത്തുന്ന അസാധാരണവും നൂതനവുമായ പ്രവർത്തനങ്ങൾ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ സ്ഥാപിച്ചത്.
നാല് മുൻഗണനാ പരിപാടികളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ നൽകും: ഹർ ഘർ ജൽ യോജനയിലൂടെ ശുദ്ധജല വിതരണം പ്രോത്സാഹിപ്പിക്കുക;ആരോഗ്യ ,സ്വാസ്ഥ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യ ഭാരതത്തെ പ്രോത്സാഹിപ്പിക്കൽ ; സമഗ്ര ശിക്ഷയിലൂടെ തുല്യവും സമഗ്രവുമായ ക്ലാസ് റൂം അന്തരീക്ഷത്തോടു കൂടിയ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക; അഭിലാഷ ജില്ലാ പരിപാടിയിലൂടെ സമഗ്ര വികസന സമീപനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് മൊത്തത്തിലുള്ള പുരോഗതി. ഈ നാല് പരിപാടികൾക്ക് എട്ട് അവാർഡുകളും നൂതനാശയങ്ങൾക്ക് ഏഴ് അവാർഡുകളും നൽകും.