അലിഗഢ് മുസ്‌ലിം സർവകലാശാലയുടെ നൂറാം വാർഷികാഘോഷ പരിപാടിയെ, ഈ മാസം 22ന് (2020 ഡിസംബർ 22) രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ചടങ്ങിൽ അദ്ദേഹം ഒരു പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കും. സർവകലാശാല ചാൻസലർ സൈദ്ന മുഫദ്ദൽ സൈഫുദ്ദീൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിശാങ്ക് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
1920 ൽ ഇന്ത്യൻ നിയമനിർമാണ കൗൺസിൽ ആക്ട് പ്രകാരം മുഹമ്മദീയൻ ആംഗ്ലോ ഓറിയന്റൽ കോളേജിനെ കേന്ദ്രസർവകലാശാല പദവിയിലേക്ക് ഉയർത്തിയാണ് അലിഗഢ് മുസ്ലിം സർവകലാശാല രൂപീകരിച്ചത്. 1877ൽ സർ സയ്യിദ് അഹമ്മദ് ഖാൻ ആണ് മുഹമ്മദീയൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്. ഉത്തർപ്രദേശിലെ അലീഗഢിൽ 467.6 ഹെക്ടർ വിസ്തൃതിയിലാണ് സർവകലാശാല ക്യാമ്പസ് സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ മലപ്പുറം, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് -ജാങ്കിപൂർ, ബീഹാറിലെ കിഷൻഗഞ്ച് എന്നിവിടങ്ങളിൽ അലിഗഢ് മുസ്ലിം സർവകലാശാലയ്ക്ക് 3 ഓഫ് ക്യാമ്പസുകൾ ഉണ്ട്.