കേന്ദ്രമന്ത്രി ശ്രീ എല്‍. മുരുകന്റെ ന്യൂഡല്‍ഹിയിലെ വസതിയിൽ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു.
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊങ്കല്‍ ആശംസകള്‍ അറിയിക്കുകയും തമിഴ്‌നാട്ടിലെ എല്ലാ വീടുകളില്‍ നിന്നും ഉത്സവ ആവേശം പ്രസരിക്കുന്നത് കാണാന്‍ കഴിയുമെന്ന് പറയുകയും ചെയ്തു. എല്ലാ പൗരന്മാരുടെയും ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരു ധാര തുടര്‍ച്ചയായി പ്രവഹിക്കട്ടെയെന്ന് ശ്രീ മോദി ആശംസിച്ചു. ഇന്നലെ നടന്ന ലോഹ്രി ആഘോഷങ്ങളും, ഇന്നത്തെ മകര ഉത്തരായനത്തിന്റെ ഉത്സവവും, നാളെ ആഘോഷിക്കുന്ന മകരസംക്രാന്തിയും, ഉടന്‍ വരാന്‍ പോകുന്ന മാഘ ബിഹുവിന്റെ ആരംഭവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആഘോഷ വേളയിൽ എല്ലാ പൗരന്മാര്‍ക്കും ശ്രീ മോദി ആശംസകള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം തമിഴ് പുതുവത്സര ആഘോഷത്തിനിടെ കണ്ടു പരിചയിച്ച ചില മുഖങ്ങളെ വീണ്ടും കാണാനിടയായത്തിൽ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിക്കുകയും നേരത്തേ അവരെ കണ്ടത് അനുസ്മരിക്കുകയും ചെയ്തു. ഇന്നത്തെ ആഘോഷത്തിലേക്കുള്ള ക്ഷണത്തിന് കേന്ദ്രമന്ത്രി ശ്രീ എല്‍ മുരുകനോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷങ്ങള്‍ കൊണ്ടാടുന്നതിന് സമാനമായ വികാരമാണിതെന്നും പറഞ്ഞു.
മഹാനായ സന്യാസി തിരുവള്ളുവരെ ഉദ്ധരിച്ചുകൊണ്ട്, വിദ്യാസമ്പന്നരായ പൗരന്മാര്‍, സത്യസന്ധരായ വ്യവസായികള്‍, നല്ല വിളവ് എന്നിവയ്ക്ക് രാഷ്ട്രനിര്‍മ്മാണത്തിലുള്ള പങ്ക് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, പൊങ്കല്‍ കാലത്ത് ദൈവത്തിന് പുതിയ വിളകള്‍ അര്‍പ്പിക്കുന്ന പാരമ്പര്യം ഈ ഉത്സവാഘോഷത്തിൻ്റെ കേന്ദ്രത്തില്‍ അന്നദാതാക്കളായ കര്‍ഷകരെ പ്രതിഷ്ഠിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഉത്സവങ്ങൾക്കും ഗ്രാമങ്ങൾ, വിളകൾ, കർഷകർ എന്നിവരുമായുള്ള ബന്ധത്തിന് അദ്ദേഹം അടിവരയിടുകയും ചെയ്തു. ചെറുധാന്യങ്ങളും തമിഴ് പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഴിഞ്ഞ തവണ സംസാരിച്ചത് അദ്ദേഹം അനുസ്മരിച്ചു. സൂപ്പര്‍ഫുഡ് ശ്രീ അന്നയെക്കുറിച്ച് ഒരു പുതിയ അവബോധം ഉണ്ടായതിലും, നിരവധി യുവാക്കള്‍ ചെറുധാന്യങ്ങള്‍-ശ്രീ അന്ന-യില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്ന 3 കോടിയിലധികം കര്‍ഷകര്‍ക്ക് ചെറുധാന്യ പ്രോത്സാഹനത്തിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
പൊങ്കല്‍ ആഘോഷവേളയില്‍ തമിഴ് സമുദായത്തിലെ സ്ത്രീകള്‍ വീടിന് പുറത്ത് കോലം വരയ്ക്കുന്ന പാരമ്പര്യം നിരീക്ഷിച്ച പ്രധാനമന്ത്രി, മാവ് ഉപയോഗിച്ച് നിലത്ത് നിരവധി കുത്തുകള്‍ ഉണ്ടാക്കിയാണ് അവ രൂപകല്‍പ്പന ചെയ്യുന്നതെന്നും ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്തമായ പ്രാധാന്യമുണ്ടെന്നും എന്നാല്‍ ആ കുത്തുകളെല്ലാം യോജിപ്പിച്ച് അതില്‍ നിറങ്ങള്‍ നിറച്ച് ഒരു വലിയ കലാസൃഷ്ടിയുണ്ടാക്കുമ്പോഴാണ് കോലത്തിന്റെ യഥാര്‍ത്ഥരൂപം കൂടുതല്‍ ഗംഭീരമാകുന്നതെന്നും പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളും വൈകാരികമായി പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ ശക്തി പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് ഇന്ത്യയുടെ വൈവിദ്ധ്യത്തെ കോലവുമായി താരതമ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ ദേശീയ ചൈതന്യത്തെ പൊങ്കല്‍ ഉത്സവം പ്രതിഫലിപ്പിക്കുന്നു'', ശ്രീ മോദി അഭിപ്രായപ്പെട്ടു. തമിഴ്‌സമൂഹത്തിന്റെ വലിയതോതിലുള്ള, ഉത്സാഹഭരിതമായ പങ്കാളിത്തം രേഖപ്പെടുത്തിയ കാശി-തമിഴ് സംഗമം, സൗരാഷ്ട്ര-തമിഴ് സംഗമം എന്നിവയിലൂടെ ആരംഭിച്ച പാരമ്പര്യത്തിലും ഇതേ മനോഭാവം കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''2047-ഓടെ ഒരു വികസിത് ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വലിയ ശക്തിയാണ് ഈ ഐക്യബോധം. രാജ്യത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരാനും ഐക്യം ശക്തിപ്പെടുത്താനുമാണ് ചുവപ്പുകോട്ടയില്‍ നിന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ച പഞ്ചപ്രാണിന്റെ പ്രധാന ഉള്ളടക്കവും," പ്രധാനമന്ത്രി പറഞ്ഞു. പൊങ്കലിന്റെ ഈ മംഗളകരമായ അവസരത്തില്‍ രാഷ്ട്രത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞയ്ക്കായി നമ്മെത്തന്നെ നാം പുനര്‍നിര്‍മ്മിക്കണമെന്ന ആഹ്വാനത്തോടെ അദ്ദേഹം ഉപസംഹരിച്ചു.