ഇന്‍ഡോറില്‍ ഇന്ന് നടന്ന മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് കോൺക്ലേവിൽ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് നയം പുറത്തിറക്കി. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സൗകര്യമൊരുക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മദ്ധ്യപ്രദേശ് സ്റ്റാര്‍ട്ടപ്പ് പോര്‍ട്ടലിനും അദ്ദേഹം സമാരംഭം കുറിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
കിരാന സ്‌റ്റോറുകള്‍ (പലചരക്കുകളും മറ്റ് സ്‌റ്റേഷണറികളും വില്‍ക്കുന്ന ചെറുകിട സ്ഥാപനം) ഓണ്‍ലൈനായി സംഘടിപ്പിച്ച ഷോപ്പ് കിരാനയുടെ സ്ഥാപകന്‍ ശ്രീ തനു തേജസ് സാരസ്വത്തുമായി സംവദിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഈ വ്യാപരം ആരംഭിക്കുന്നതിനുള്ള ആശയം എങ്ങനെ ലഭിച്ചുവെന്നും ആരാഞ്ഞു. ഈ വ്യാപാരത്തിന്റെ സാദ്ധ്യതകളേയും വളര്‍ച്ചയെയും കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. തന്റെ സ്റ്റാര്‍ട്ടപ്പുമായി എത്ര കിരാന സ്‌റ്റോറുകളെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും എന്തുകൊണ്ടാണ് തന്റെ സ്റ്റാര്‍ട്ടപ്പിനായി ഇന്‍ഡോര്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം ആരാഞ്ഞു. സ്വാനിധിയിലൂടെ പ്രയോജനമുണ്ടായ വഴിയോരക്കച്ചവടക്കാരെ സംഘടിപ്പിക്കാനാകുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഖാദിയിലെ തങ്ങളുടെ നൂതനാശയങ്ങളെക്കുറിച്ചും വന്‍കിട കമ്പനികള്‍ക്കായി ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഭോപ്പാലില്‍ നിന്നുള്ള ഉമാങ് ശ്രീധര്‍ ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയായ മിസ് ഉമംഗ് ശ്രീധര്‍ പ്രധാനമന്ത്രിയുമായി സംവദിക്കവേ, വിശദീകരിച്ചു. 2014-ല്‍ കമ്പനി ആരംഭിച്ചതിനാല്‍ സ്റ്റാര്‍ട്ടപ്പിന്റെ യാത്ര ഗവണ്‍മെന്റിന്റെ അതേ ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സ്ത്രീകള്‍ക്കൊപ്പമുള്ള തന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അവര്‍ അദ്ദേഹത്തെ അറിയിച്ചു. തന്റെ സ്റ്റാര്‍ട്ടപ്പ് വഴി സ്ത്രീകള്‍ക്കിടയില്‍ അവര്‍ കൊണ്ടുവന്ന പുരോഗതിയെയും മൂല്യവര്‍ദ്ധനയെയും കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. വനിതാ കരകൗശല തൊഴിലാളികളുടെ വരുമാനം ഏകദേശം 300 ശതമാനം വര്‍ദ്ധിച്ചതായി അവര്‍ അറിയിച്ചു. കരകൗശല തൊഴിലാളികളില്‍ നിന്ന് സംരംഭകരായി ക്രമേണ മാറ്റുന്നതിനായി വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. കാശിയിലെ അവരുടെ ജോലിയെക്കുറിച്ച് ആരാഞ്ഞ പ്രധാനമന്ത്രി, ഒരു തൊഴിലവസര സ്രഷ്ടാവും പ്രചോദകയും ആയതിന് അവരെ അഭിനന്ദിക്കുകയും ചെയ്തു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ തന്റെ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്‍ഡോറില്‍ നിന്നുള്ള ശ്രീ തൗസിഫ് ഖാന്‍ പ്രധാനമന്ത്രിയുമായി സംവദിക്കവേ, അറിയിച്ചു. ഡിജിറ്റല്‍, ഭൗതിക മാര്‍ഗ്ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതിനുള്ള സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ അവര്‍ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്ക് മണ്ണ് പരിശോധയ്ക്കുള്ള സംയോജിത സൗകര്യമുണ്ടാക്കാനാകുമോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. മണ്ണ് പരിശോധന നടത്തുന്നതിന്റെയും റിപ്പോര്‍ട്ട് ഡിജിറ്റലായി കര്‍ഷകരുമായി പങ്കുവെക്കുന്നതിന്റെയും മാര്‍ഗ്ഗങ്ങള്‍ അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ജൈവവളവും സൂക്ഷ്മജീവവളവും അവര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ജൈവ കൃഷി കര്‍ഷകര്‍ ശീലമാക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. ശുചിത്വ സർവേയിൽ ഇന്‍ഡോര്‍ മികവ് പുലര്‍ത്തുന്നതിന് സമാനമായി ഇന്‍ഡോര്‍ ജില്ലയിലെ കര്‍ഷകര്‍ രാസ രഹിത കൃഷിക്ക് മാതൃകയാകണമെന്ന ആഗ്രഹവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
യുവ ഊര്‍ജ്ജത്താല്‍ രാജ്യത്തിന്റെ വികസനത്തിന് പുതിയ കുതിപ്പ് ലഭിക്കുന്നുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ക്രിയാത്മകമായ ഒരു സ്റ്റാര്‍ട്ടപ്പ് നയവും അതിന് സമാനായി അത്രതന്നെ ഉത്സാഹമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് നേതൃത്വവും രാജ്യത്തുണ്ടെന്ന് ഒരു തോന്നലുണ്ട്. എട്ടു വര്‍ഷത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഗാഥ വലിയൊരു പരിവര്‍ത്തനത്തിന് വിധേയമായെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. 2014ല്‍ താന്‍ ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഏകദേശം 300-400 ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് ഇവിടെ ഏകദേശം 70000 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. ഓരോ 7-8 ദിവസത്തിലും ഈ രാജ്യത്ത് ഒരു പുതിയ യൂണികോണ്‍ നിര്‍മ്മിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളുടെ വൈവിദ്ധ്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 50% സ്റ്റാര്‍ട്ടപ്പുകളും ടയര്‍ 2 ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ളവയാണെന്നും പല സംസ്ഥാനങ്ങളും നഗരങ്ങളുംഅവ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. 50-ലധികം വ്യവസായങ്ങളുമായി അവ ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഭാവിയിലെ ബഹുരാഷ്ട്ര കമ്പനികളായി (എം.എന്‍.സി)മാറുന്നു. എട്ടുവര്‍ഷം മുമ്പ് സ്റ്റാര്‍ട്ടപ്പ് എന്ന ആശയംകുറച്ച് ആളുകള്‍ക്കിടയില്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ സാധാരണക്കാര്‍ക്കിടയിലെ ചര്‍ച്ചയുടെ ഭാഗമായിപോലും അത് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റമൊന്നും വ്യാമോഹമല്ലെന്നും നന്നായി ആലോചിച്ച തന്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ നൂതനാശയ പരിഹാരങ്ങളുടെ ഗാഥ അദ്ദേഹം വിശദീകരിക്കുകയും, ഐ.ടി (വവരസാങ്കേതിക വിദ്യ) വിപ്ലവത്തിന്റെ ആക്കം കൂട്ടാനുള്ള പ്രോത്സാഹനത്തിലെ അഭാവത്തെക്കുറിച്ചും അവസരം വഴിതിരിച്ചുവിടുന്നതിലെ പരാജയത്തെക്കുറിച്ചും അദ്ദേഹം ഖേദിക്കുകയും ചെയ്തു. അക്കാലത്തെ കുംഭകോണങ്ങളിലും അരാജകത്വങ്ങളിലും ഒരു പതിറ്റാണ്ട് മുഴുവന്‍ പാഴായി. 2014 ന് ശേഷം യുവാക്കളുടെ നൂതനാശയ കരുത്തില്‍ ഗവണ്‍മെന്റ് വിശ്വാസം പുനഃസ്ഥാപിക്കുകയും അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ആശയം മുതല്‍ നൂതനാശയം, വ്യവസായം വരെയുള്ള ഒരു റോഡ്മാപ്പ് സൃഷ്ടിച്ച് ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ത്രിതല സമീപനത്തെക്കുറിച്ച് അദ്ദേഹം അറിയിച്ചു.
ഈ തന്ത്രത്തിന്റെ ആദ്യഭാഗം, ആശയത്തിന്റെ ഉദ്ദേശ്യം, നൂതനാശയം, ഇന്‍കുബേറ്റ്, വ്യവസായം എന്നിവയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്തു. രണ്ടാമതായി, ഗവണ്‍മെന്റ് നിയന്ത്രണങ്ങളിലെ ഇളവ്. മൂന്നാമതായി, ഒരു പുതിയ ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട് നൂതനാശയത്തിനായുള്ള ചിന്താഗതിയില്‍ മാറ്റം വരുത്തുക എന്നതുമായിരുന്നു. ഇവയെല്ലാം മനസില്‍ വച്ചുകൊണ്ടാണ് ഹാക്കത്തോണ്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഒരു പരിസ്ഥിതി സൃഷ്ടിക്കുന്ന ഈ ഹാക്കത്തോണ്‍ പ്രസ്ഥാനത്തില്‍ 15 ലക്ഷം പ്രതിഭാധനരായ യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ആശയങ്ങളെ നൂതനമാക്കി മാറ്റുന്നതിലും അവയെ വ്യവസായത്തിലേക്ക് കൊണ്ടുപോകുന്നതിലും ഏഴു വര്‍ഷം മുമ്പ് ആരംഭിച്ച സ്റ്റാര്‍ട്ട്-അപ്പ് ഇന്ത്യ വലിയൊരു ചുവടുവയ്പ്പായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുശേഷം, സ്‌കൂളുകളില്‍ അടല്‍ ടിങ്കറിംഗ് ലാബുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്‍കുബേഷന്‍ സെന്ററുകളും സജ്ജീകരിച്ച് അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ആരംഭിച്ചു. പതിനായിരത്തിലധികം സ്‌കൂളുകളില്‍ ടിങ്കറിംഗ് ലാബുകള്‍ ഉണ്ട്, മാത്രമല്ല, 75 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ നൂതനാശയങ്ങളുടെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. അതുപോലെ ദേശീയ വിദ്യാഭ്യാസ നയവും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നൂതനാശയ മേഖലയില്‍ സ്വകാര്യ നിക്ഷേപവും വര്‍ദ്ധിച്ചുവരികയാണ്.
''ഇന്ത്യയുടെ വിജയത്തിന് നമുക്ക് പുതിയ കുതിപ്പ് നല്‍കേണ്ടതുണ്ട്. ഇന്ന് ജി-20 സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ'' പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍, ഡാറ്റ ഉപഭോഗം എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുമാണ്. ആഗോള റീട്ടെയില്‍ (ചില്ലറവില്‍പ്പന) സൂചികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്, ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ, ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയും ഇന്ത്യയിലാണ്. ഈ വര്‍ഷം 470 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി നടത്തി ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. പശ്ചാത്തല സൗകര്യമേഖലയില്‍ മുമ്പൊന്നുമുണ്ടായിട്ടില്ലാത്തതരത്തിലുള്ള നിക്ഷേപമാണുണ്ടാകുന്നത്. ഇന്ത്യയില്‍ വ്യാപാരം സുഗമമാക്കുന്നതിനും ജീവിതം സുഗമമാക്കുന്നതിനും മുമ്പൊന്നുമുണ്ടായിട്ടില്ലാത്തതരത്തിലുള്ള ഊന്നലാണുള്ളത്. ഈ വസ്തുതകള്‍ ഓരോ ഇന്ത്യക്കാരനിലും അഭിമാനമുണ്ടാക്കുകയും ഈ ദശകത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ ഗാഥ പുത്തന്‍ ഊര്‍ജത്തോടെ മുന്നോട്ടുപോകുമെന്ന വിശ്വാസം ഉളവാക്കുകയും ചെയ്യുന്നു. അമൃത് കാലിലെ നമ്മുടെ പ്രയത്‌നങ്ങള്‍ രാജ്യത്തിന്റെ ദിശാസൂചികമാക്കുമെന്നും നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.