നമസ്കാരം ശ്രീ മഹിന്ദ രാജപക്സെ,
ഈ ഉഭയകക്ഷി ഉച്ചകോടി യിലേക്ക് ഞാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. ഇന്ത്യയിലേക്കുള്ള അങ്ങയുടെ ആദ്യ ഔദ്യോഗിക സന്ദർശനത്തിന് എല്ലായ്പോഴത്തെയും പോലെ സഹർഷം സ്വാഗതം.. അങ്ങേക്ക് ഉള്ള സ്വാഗതം എപ്പോഴുമുണ്ടാകും.. നിലവിലെ സാഹചര്യത്തിൽ ഈ വർച്വൽ ഉച്ചകോടിയിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ ക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുത്തതിന് അങ്ങേയ്ക്ക് നന്ദി.
പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് അങ്ങയെ അഭിനന്ദിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ് എൽ പി പി പാർട്ടിയുടെ വൻ വിജയത്തിനും അങ്ങേയ്ക്ക് അഭിനന്ദനം. താങ്കളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കുള്ള ആത്മവിശ്വാസമാണ് ഈ ചരിത്ര വിജയം സൂചിപ്പിക്കുന്നത്.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബഹുതല ബന്ധത്തിന് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്. ഇന്ത്യ ഗവൺമെന്റിന്റെ 'അയൽ രാജ്യം ആദ്യം' എന്ന നയത്തിനും 'സാഗർ' രേഖയിലും ശ്രീലങ്കയുമായുള്ള ബന്ധത്തിന് പ്രത്യേകമായ മുൻഗണന നൽകിയിട്ടുണ്ട്. BIMSTEC, IORA, SAARC ഫോറങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
താങ്കളുടെ പാർട്ടിയുടെ വിജയത്തോടെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിന് ചരിത്രപരമായ പുതു അധ്യായം തുറക്കാനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ നവ പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും നമ്മെ നോക്കുകയാണ്. താങ്കൾക്ക് ലഭിച്ച അധികാരവും പാർലമെന്റിൽ അങ്ങയുടെ നയങ്ങൾക്ക് ലഭിച്ച ശക്തമായ പിന്തുണയും എല്ലാ മേഖലയിലും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടാക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
ഇനി പ്രധാനമന്ത്രി രാജ പക്സയോട് ആമുഖപ്രസംഗം നടത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു.