പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കച്ഛിലെ സർ ക്രീക്ക് മേഖലയിലെ ലക്കി നാലയിൽ ഇന്ത്യ-പാക് അതിർത്തിക്കുസമീപം അതിർത്തിരക്ഷാസേന (ബിഎസ്എഫ്), കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ഇന്ത്യയുടെ സായുധസേനയ്‌ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന പാരമ്പര്യം പ്രധാനമന്ത്രി തുടർന്നു. ക്രീക്ക് മേഖലയിലെ ബിഒപികളിലൊന്നു സന്ദർശിച്ച പ്രധാനമന്ത്രി, ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്കു മധുരവും വിതരണം ചെയ്തു.
സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം സർ ക്രീക്കിൽ ദീപാവലി ആഘോഷിക്കാനായതു ഭാഗ്യമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ആഘോഷവേളയിൽ ഏവർക്കും ഹൃദയംഗമമായ ആശംസകൾ നേർന്നു. 500 വർഷങ്ങൾക്കുശേഷം അയോധ്യയിലെ മഹാക്ഷേത്രത്തിൽ ശ്രീരാമനെ പ്രതിഷ്ഠിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമുണ്ടെന്നു ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തെ സേവിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമർപ്പണത്തിനും ത്യാഗത്തിനും 140 കോടി ജനങ്ങളുടെ നന്ദി അറിയിച്ച പ്രധാനമന്ത്രി, അവിടെ സന്നിഹിതരായ സൈനികർക്കു മാത്രമല്ല, രാജ്യത്തുടനീളമുള്ള എല്ലാ സൈനികർക്കും ഊഷ്മളമായ ആശംസകൾ നേർന്നു.
വെല്ലുവിളി നിറഞ്ഞ പരിതഃസ്ഥിതികളിൽ സൈനികർ ചെയ്യുന്ന ത്യാഗം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാഷ്ട്രത്തിനു വേണ്ടിയുള്ള സൈനികരുടെ സേവനത്തെ ഗാഢമായി അഭിനന്ദിച്ചു. സൈനികരുടെ ധീരതയും അതിജീവനശേഷിയും ഉയർത്തിക്കാട്ടി, സൈനികർ ഇന്ത്യയുടെ കരുത്തിനെയും സുരക്ഷയുടെ ഉറപ്പിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നും ശത്രുക്കളിൽ ഭയം നിറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ലോകം നിങ്ങളെ കാണുമ്പോൾ ഇന്ത്യയുടെ ശക്തിയും, ശത്രു നിങ്ങളെ കാണുമ്പോൾ, ദുരുദ്ദേശ്യങ്ങളുടെ അന്ത്യവും കാണുന്നു. നിങ്ങൾ ആവേശത്തോടെ ഗർജ്ജിക്കുമ്പോൾ, ഭീകരതയുടെ മേലാളർ വിറയ്ക്കും. ഇതാണ് എന്റെ സൈന്യത്തിന്റെ, എന്റെ സുരക്ഷാ സേനയുടെ വീര്യം. ദുഷ്കരമായ എല്ലാ സാഹചര്യങ്ങളിലും നമ്മുടെ സൈനികർ കഴിവു തെളിയിച്ചതിൽ ഞാൻ അഭിമാനിക്കുന്നു” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വലിയ തോതിൽ ഇന്ത്യാവിരുദ്ധ ഭീഷണികൾ നേരിടുന്ന കച്ഛിലെ തന്ത്രപ്രധാനമായ പ്രദേശം, പ്രത്യേകിച്ച് അതിന്റെ തീരപ്രദേശം, സുരക്ഷിതമാക്കുന്നതിൽ നാവികസേനയുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയുടെ പ്രതീകമായ സർ ക്രീക്ക്, മുൻകാലങ്ങളിൽ സംഘർഷമുണ്ടാക്കാനുള്ള ശത്രുക്കളുടെ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു. നാവികസേന ഉൾപ്പെടെയുള്ള സായുധസേനകളുടെ സാന്നിധ്യവും ജാഗ്രതയും രാജ്യത്തിനു ധൈര്യമേകുന്നുവെന്നും 1971ലെ യുദ്ധത്തിൽ ശത്രുക്കൾക്ക് ഉചിതമായ മറുപടി നൽകിയത് അനുസ്മരിച്ചു ശ്രീ മോദി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഉറച്ചുനിൽക്കുകയാണു നിലവിലെ ഗവണ്മെന്റെന്നു പ്രധാനമന്ത്രി പറഞ്ഞു. “രാജ്യത്തിന്റെ അതിർത്തിയിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്യാത്ത ഗവണ്മെന്റാണ് ഇന്നു രാജ്യത്തുള്ളത്. നയതന്ത്രത്തിന്റെ പേരിൽ സർ ക്രീക്കിനെ കബളിപ്പിച്ച് പിടിച്ചെടുക്കാനുള്ള നയം ആവിഷ്കരിച്ചിരുന്ന കാലമുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ രാജ്യത്തിന്റെ ശബ്ദം ഉയർത്തിയിരുന്നു. ഇതാദ്യമായല്ല ഞാൻ ഈ മേഖലയിൽ വരുന്നത്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സായുധസേനയുടെ നിശ്ചയദാർഢ്യത്തിന് അനുസൃതമായാണു ഗവണ്മെന്റിന്റെ നിലവിലെ നയങ്ങളെന്നു ശ്രീ മോദി പറഞ്ഞു. ശത്രുവിന്റെ വാക്കുകളിലല്ല; മറിച്ച്, ഇന്ത്യയുടെ സായുധസേനയുടെ ഉറച്ച തീരുമാനത്തിലാണു വിശ്വാസം അർപ്പിക്കുന്നത്.
പ്രതിരോധത്തിലെ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയുടെ സായുധസേനയെ നവീകരിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ എടുത്തുപറഞ്ഞു. വഡോദരയിലെ C295 വിമാനനിർമാണശാലയുടെ ഉദ്ഘാടനവും വിമാനവാഹിനിക്കപ്പലായ വിക്രാന്ത്, അന്തർവാഹിനികൾ, തേജസ് യുദ്ധവിമാനം തുടങ്ങിയ തദ്ദേശീയ സൈനിക ആസ്തികളുടെ വികസനവും സമീപകാല മുന്നേറ്റങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദശകത്തിൽ പ്രതിരോധ കയറ്റുമതി മുപ്പതു മടങ്ങു വർധിച്ചതോടെ, പ്രാഥമികമായി ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽനിന്ന് പ്രതിരോധ ഉപകരണങ്ങൾ ഗണ്യമായി കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗവണ്മെന്റിന്റെ സ്വാശ്രയ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിൽ സായുധ സേനയുടെ നിർണായക പങ്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “രാജ്യത്തെ സുരക്ഷാ സേനകൾ ഇനി വിദേശത്തുനിന്നും വാങ്ങാത്ത, 5000-ത്തിലധികം സൈനിക ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു. ഇത് സൈനിക മേഖലയിൽ ആത്മനിർഭർ ഭാരത് അഭിയാന് ആക്കം കൂട്ടി.
ആധുനിക യുദ്ധമുഖത്ത് ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രാധാന്യം എടുത്തുകാട്ടി, പരമ്പരാഗത വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഡ്രോണുകൾ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിലേക്കായി പ്രിഡേറ്റർ ഡ്രോണുകൾ സ്വന്തമാക്കുന്നതുൾപ്പെടെയുള്ള ഡ്രോൺ സാങ്കേതികവിദ്യയിലൂടെ ഇന്ത്യ സൈനിക ശേഷി വർധിപ്പിക്കുകയാണ്. ഡ്രോൺ ഉപയോഗപ്പെടുത്തുന്നതിനായി തന്ത്രപരമായ പദ്ധതി രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല തദ്ദേശീയ ഡ്രോൺ വികസനത്തിൽ ഇന്ത്യൻ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തത്തിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ മാറുന്ന സ്വഭാവവും പുതിയ സുരക്ഷാ വെല്ലുവിളികളുടെ ആവിർഭാവവും കാരണം ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളുടെയും മികച്ച സംയോജനത്തിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു. ഈ സംയോജനം അവരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സായുധ സേനയെ ശക്തിപ്പെടുത്തുന്നതിലും നവീകരിക്കുന്നതിലും ഉണ്ടായ ഒരു പ്രധാന സംഭവവികാസമാണ് സംയുക്ത സൈനിക മേധാവിയെ (സിഡിഎസ്) നിയമിച്ചത്. കൂടാതെ, ഇന്റഗ്രേറ്റഡ് തിയറ്റർ കമാൻഡിലേക്കുള്ള ചുവടുവയ്പ്പ് മൂന്ന് സേന വിഭാഗങ്ങളുടെയും സേവനങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
“രാഷ്ട്രം ഒന്നാമത് എന്നതാണ് നമ്മുടെ പ്രമേയം . രാഷ്ട്രം അതിന്റെ അതിർത്തികളിൽ നിന്നാണ് ആരംഭിക്കുന്നത്. അതിനാൽ, അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ മുൻഗണനകളിലൊന്നാണ്. "പ്രധാനമന്ത്രി പറഞ്ഞു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഓ) നെ ഉയർത്തിക്കാട്ടിക്കൊണ്ട്, ലഡാക്കിലെയും അരുണാചൽ പ്രദേശിലെയും തന്ത്രപ്രധാനമായ റൂട്ടുകൾ ഉൾപ്പെടെ 80,000 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ, വിദൂര പ്രദേശങ്ങളിലെ എല്ലാ കാലാവസ്ഥയിലും ഗതാഗതത്തിന് അനുയോജ്യമായ അടൽ, സേല പോലുള്ള പ്രധാന തുരങ്കപാതകൾ ഉൾപ്പെടെ 400 ഓളം സുപ്രധാന പാലങ്ങൾ നിർമ്മിച്ചു. തന്ത്രപ്രധാനമായ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും സായുധ സേനയെ പിന്തുണയ്ക്കുന്നതിനുമായി രാജ്യത്തുടനീളം കൂടുതൽ തുരങ്കങ്ങളുടെ നിർമ്മാണം ബിആർഒ സജീവമായി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് ശ്രീ മോദി പറഞ്ഞു.
അതിർത്തി ഗ്രാമങ്ങളെ വിദൂരമായി കാണുന്ന രീതിയിൽ നിന്നും രാജ്യത്തിന്റെ"പ്രഥമ ഗ്രാമങ്ങൾ" ആയി അംഗീകരിക്കുന്ന മാറിയ കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവെച്ചു. വൈബ്രന്റ് വില്ലേജ് പദ്ധതിയിലൂടെ ഈ പ്രദേശങ്ങളെ, ചലനാത്മകവും ഊർജ്ജസ്വലവുമായ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വികസിപ്പിക്കുന്നത്. അതിർത്തി വിനോദസഞ്ചാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉള്ള സാധ്യതകൾ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി പല അതിർത്തി പ്രദേശങ്ങളുടെയും സ്വാഭാവിക മേന്മകൾ എടുത്തുപറഞ്ഞു. പ്രാദേശിക ഉപജീവനമാർഗവും പാരിസ്ഥിതിക ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി കടൽപ്പായൽ കൃഷിയും കണ്ടൽക്കാടുകളുടെ പുനരുദ്ധാരണവും പോലുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഇത് സുവർണ്ണാവസരമാണ്. കച്ചിലെ അതിർത്തി ഗ്രാമങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കണ്ടൽക്കാടുകൾ രാജ്യത്തെയും ലോകത്തെയും മുഴുവൻ ആകർഷിച്ച ധോർദോയിലെ റാൻ ഉത്സവിന് സമാനമായി വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
അതിർത്തി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ഉദ്യമങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി വൈബ്രന്റെ വില്ലേജുകളിൽ സമയം ചെലവഴിക്കാൻ മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങൾക്കിടയിൽ ഈ മേഖലകളോടുള്ള താൽപര്യം വർദ്ധിച്ചിട്ടുള്ളതായി അഭിപ്രായപ്പെട്ടു. സമ്പന്നമായ പൈതൃകവും ആകർഷകത്വവും പ്രകൃതിസൗന്ദര്യവും കണക്കിലെടുത്ത് ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള കച്ചിന്റെ സാധ്യതകളെ അദ്ദേഹം എടുത്തുപറഞ്ഞു. ഗുജറാത്തിലെ കച്ച്, ഗൾഫ് ഓഫ് ഖംഭട്ട് എന്നിവിടങ്ങളിലെ കണ്ടൽക്കാടുകളും സമുദ്ര ആവാസവ്യവസ്ഥയും ഇവിടുത്തെ ഭൂപ്രകൃതിയുടെ സുപ്രധാന ഘടകങ്ങളാണ്. മിഷ്തി യോജന പോലുള്ള സംരംഭങ്ങളിലൂടെ ഈ കണ്ടൽക്കാടുകൾ വികസിപ്പിക്കാൻ ഗവണ്മെന്റ് സജീവമായി പ്രവർത്തിക്കുന്നതായി ശ്രീ മോദി വ്യക്തമാക്കി.
യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ധോലവീരയുടെ പ്രാധാന്യം വ്യക്തമാക്കിയ പ്രധാനമന്ത്രി അത് ഇന്ത്യയുടെ പുരാതന ശക്തിയുടെയും സിന്ധുനദീതട സംസ്‌കാരത്തിൻ്റെ സംഘടിത കുടിയേറ്റത്തിന്റെയും തെളിവാണെന്ന് അഭിപ്രായപ്പെട്ടു. "ഗുജറാത്തിൽ, കടലിൽ നിന്ന് അൽപ്പം അകലെ, ലോഥൽ പോലുള്ള വ്യാപാര കേന്ദ്രങ്ങളും ഒരു കാലത്ത് ഇന്ത്യയുടെ സമൃദ്ധിയുടെ അധ്യായങ്ങൾ രചിച്ചു. ഗുരുനാനാക്ക് ദേവ്ജിയുടെ കാൽപ്പാട് ലഖ്പത്തിലുണ്ട്. കച്ചിലെ കോട്ടേശ്വര് മഹാദേവ് ക്ഷേത്രമുണ്ട്. മാതാ ആശാപുര ക്ഷേത്രമായാലും, കാലാ ദുംഗർ കുന്നിലെ ദത്താത്രേയ ഭഗവാന്റെ ദർശനമായാലും, കച്ചിലെ റൺ ഉത്സവമായാലും, സർ ക്രീക്ക് കാണാനുള്ള ആവേശമായാലും, അങ്ങനെ കച്ചിലെ ഒരു ജില്ലയിൽ മാത്രം അത്രയധികം ടൂറിസം സാധ്യതകളുണ്ട്. ഒരു വിനോദസഞ്ചാരിക്ക് അവ കണ്ടുതീർക്കാൻ ഒരാഴ്ച മുഴുവൻ മതിയാകില്ല." ഇത്തരം സംരംഭങ്ങൾക്ക് ദേശീയ ഐക്യം വളർത്തിയെടുക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായി നാദബെട്ട് പോലുള്ള സ്ഥലങ്ങളിലെ അതിർത്തി ടൂറിസത്തിൻ്റെ വിജയം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അതുപോലെ, കച്ചിൻ്റെയും മറ്റ് അതിർത്തി പ്രദേശങ്ങളുടെയും വികസനം പ്രദേശവാസികളുടെയും സൈനികരുടെയും ജീവിതം മെച്ചപ്പെടുത്തും, ആത്യന്തികമായി ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കച്ചിലെ സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാജ്യത്തെ ഭാരത മാതാവായി ആരാധിക്കുന്ന സജീവ ബോധത്തോട് ഉപമിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സൈനികരുടെ ത്യാഗത്തെയും കഠിനാധ്വാനത്തെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. “ഇന്ന് രാജ്യത്തെ ഓരോ പൗരനും നൂറു ശതമാനവും രാജ്യത്തിന്റെ വികസനത്തിനായി സംഭാവന ചെയ്യുന്നത് നിങ്ങളിൽ വിശ്വാസമുള്ളതുകൊണ്ടാണ്. നിങ്ങളുടെ ഈ ധീരത ഇന്ത്യയുടെ വികസനത്തെ ഇതേ രീതിയിൽ ശക്തിപെടുത്തുന്നത് തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു", പ്രധാനമന്ത്രി ഉപസംഹരിച്ചു.
Click here to read full text speech
Glad to have celebrated Diwali with our brave personnel from the BSF, Army, Navy, and Air Force at Lakki Nala in the Creek Area, Kutch. This area is both challenging and remote. The days are scorching hot and it also gets cold. The Creek area has other environmental challenges as… pic.twitter.com/LlcNER4XQF
— Narendra Modi (@narendramodi) October 31, 2024
Our security personnel stand firm in the inhospitable of places and protect us. We are very proud of them. pic.twitter.com/FlbxvO2VHw
— Narendra Modi (@narendramodi) October 31, 2024
Went to one of the floating BOPs in the Creek area and shared sweets with our brave security personnel. pic.twitter.com/aZ6pE1eajK
— Narendra Modi (@narendramodi) October 31, 2024
A memorable Diwali with our security personnel in a remote and inhospitable area in Kutch! pic.twitter.com/E0h3MrFMLI
— Narendra Modi (@narendramodi) October 31, 2024