പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റൈസിയുമായി ടെലിഫോൺ സംഭാഷണം നടത്തി.
പശ്ചിമേഷ്യൻ മേഖലയിലെ ദുഷ്കരമായ സാഹചര്യത്തെക്കുറിച്ചും ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.
ഭീകരവാദ വിഷയങ്ങളിലും അക്രമങ്ങളിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലവും സുസ്ഥിരവുമായ നിലപാട് അദ്ദേഹം ആവർത്തിച്ചു.
പ്രസിഡന്റ് റൈസി സ്ഥിതിഗതികളെക്കുറിച്ചുള്ള തന്റെ വിലയിരുത്തൽ പങ്കുവച്ചു. സംഘർഷം തടയുന്നതിനും തുടർന്നും മാനുഷിക സഹായം ഉറപ്പാക്കുന്നതിനും സമാധാനവും സുസ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുമുള്ള ആവശ്യകതയ്ക്ക് ഇരു നേതാക്കളും ഊന്നൽ നൽകി.
ബഹുമുഖ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും ക്രിയാത്മകമായി വിലയിരുത്തുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇറാനിലെ ചബഹാർ തുറമുഖത്തിന് നൽകുന്ന ശ്രദ്ധയെയും മുൻഗണനയെയും അവർ സ്വാഗതം ചെയ്തു.
പ്രാദേശിക സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ യോജിച്ച താൽപ്പര്യം കണക്കിലെടുത്ത് തുടർന്നും സമ്പർക്കം പുലർത്താൻ ഇരുപക്ഷവും ധാരണയായി.