എന്റെ യൂട്യൂബർ സുഹൃത്തുക്കളേ, ഇന്ന് ഒരു സഹ യൂട്യൂബർ എന്ന നിലയിൽ നിങ്ങളുടെ ഇടയിൽ ഇവിടെ ഉണ്ടായിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനും നിങ്ങളെപ്പോലെയാണ്, വ്യത്യസ്തനല്ല. കഴിഞ്ഞ 15 വർഷമായി, ഒരു യൂട്യുബ് ചാനലിലൂടെ ഞാനും രാജ്യവുമായും ലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്കും സാമാന്യം നല്ല രീതിയിലുള്ള വരിക്കാരുണ്ട്.
5000ത്തോളം സ്രഷ്‌ടാക്കൾ, ഉത്കൃഷ്ടമായ അഭിലാഷമുള്ള സ്രഷ്ടാക്കൾ, അടങ്ങുന്ന വലിയ സമൂഹം ഇന്ന് ഇവിടെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ചിലർ ഗെയിമിങ്ങിലാണ്. ചിലർ സാങ്കേതികവിദ്യയെക്കുറിച്ച് പഠിപ്പിക്കുന്നു. ചിലർ ഫുഡ് ബ്ലോഗിങ് ചെയ്യുന്നു. ചിലർ യാത്രാ ബ്ലോഗർമാരോ ജീവിതശൈലിയിൽ സ്വാധീനം ചെലുത്തുന്നവരോ ആണ്.
സുഹൃത്തുക്കളേ, വർഷങ്ങളായി നിങ്ങളുടെ ഉള്ളടക്കം നമ്മുടെ രാജ്യത്തെ ജനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രഭാവം കൂടുതൽ ഫലപ്രദമാക്കാനുള്ള അവസരവും നമുക്കുണ്ട്. നാമൊന്നിച്ചാൽ നമ്മുടെ രാജ്യത്തെ ഒരു വലിയ ജനതയുടെ ജീവിതത്തിൽ പരിവർത്തനം കൊണ്ടുവരാൻ കഴിയും. ഒരുമിച്ച്, നമുക്ക് കൂടുതൽ വ്യക്തികളെ ശാക്തീകരിക്കാനും ശക്തിപ്പെടുത്താനും കഴിയും. ഒരുമിച്ച്, കോടിക്കണക്കിനുപേരെ പ്രധാനപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പഠിപ്പിക്കാനും മനസിലാക്കാനും നമുക്ക് കഴിയും. അവരെ നമ്മളോടു കൂട്ടിയിണക്കാം.
സുഹൃത്തുക്കളേ, എന്റെ ചാനലിൽ ആയിരക്കണക്കിന് വീഡിയോകൾ ഉണ്ടെങ്കിലും, പരീക്ഷാ സമ്മർദം, പ്രതീക്ഷയ്ക്കു വിപരീതമായി സംഭവിക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യൽ, ഉൽപ്പാദനക്ഷമത തുടങ്ങിയ വിഷയങ്ങളിൽ യൂട്യൂബിലൂടെ നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുമായി സംസാരിച്ചതാണ് എനിക്ക് ഏറ്റവും സംതൃപ്തി നൽകിയത്.
രാജ്യത്തെ ഇത്രയും വലിയ സർഗാത്മക സമൂഹത്തിനിടയിൽ സമയം ചെലവഴിക്കുമ്പോൾ, ചില വിഷയങ്ങളെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ എനിക്ക് തോന്നുന്നു. ഈ വിഷയങ്ങൾ ബഹുജന മുന്നേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു, രാജ്യത്തെ ജനങ്ങളുടെ ശക്തിയാണ് അവരുടെ വിജയത്തിന്റെ അടിസ്ഥാനം.
ആദ്യത്തെ വിഷയം ശുചിത്വമാണ് - കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ശുചിത്വ ഭാരതം വലിയ യജ്ഞമായി മാറി. എല്ലാവരും അതിന് സംഭാവന നൽകി. കുട്ടികൾ അതിന് വൈകാരിക ശക്തി കൊണ്ടുവന്നു. പ്രശസ്ത വ്യക്തികൾ ഇതിന് ഉയരങ്ങളേകി. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ജനങ്ങൾ ഇത് ദൗത്യമാക്കി മാറ്റി. നിങ്ങളെപ്പോലുള്ള യൂട്യൂബർമാർ ശുചിത്വത്തെ കൂടുതൽ രസകരമാക്കി
പക്ഷേ നമ്മൾ അവസാനിപ്പിക്കേണ്ടതില്ല. ശുചിത്വം ഇന്ത്യയുടെ സ്വത്വം ആയി മാറാത്തകാലം വരെ നാം അതവസാനിപ്പിക്കില്ല. അതിനാൽ, നിങ്ങൾ ഓരോരുത്തരും ശുചിത്വത്തിന് മുൻഗണന നൽകണം.
രണ്ടാമത്തെ വിഷയം - ഡിജിറ്റൽ പണമിടപാടുകളാണ്. യുപിഐയുടെ വിജയത്തിലൂടെ, ലോകത്തെ ഡിജിറ്റൽ പണമിടപാടുകളിൽ ഇന്ത്യക്ക് ഇന്ന് 46 ശതമാനം പങ്കുണ്ട്. രാജ്യത്തെ കൂടുതൽ കൂടുതൽ ജനങ്ങളെ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ നിങ്ങൾ പ്രചോദിപ്പിക്കണം. നിങ്ങളുടെ വീഡിയോകളിലൂടെ ലളിതമായ ഭാഷയിൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ അവരെ പഠിപ്പിക്കണം.
‘പ്രാദേശികതയ്ക്കായുള്ള ആഹ്വാനം’ എന്നതാണ് മറ്റൊരു വിഷയം. നമ്മുടെ രാജ്യത്ത്, പ്രാദേശിക തലത്തിൽ നിരവധി ഉൽപ്പന്നങ്ങൾ നിർമിക്കപ്പെടുന്നു. നമ്മുടെ നാട്ടിലെ കരകൗശല വിദഗ്ധരുടെ കഴിവ് അതിശയിപ്പിക്കുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നിങ്ങൾക്ക് അവരെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയുടെ പ്രാദേശിക മാറ്റം ആഗോളമാക്കാൻ സഹായിക്കാനും കഴിയും.
എനിക്ക് ഒരു അപേക്ഷ കൂടിയുണ്ട്. മറ്റുള്ളവരെ പ്രചോദിപ്പിക്കുക. നമ്മുടെ നാട്ടിലെ ഒരു തൊഴിലാളിയുടെയോ കരകൗശല വിദഗ്ധന്റെയോ വിയർപ്പുള്ള, നമ്മുടെ മണ്ണിന്റെ സുഗന്ധമുള്ള ഉൽപ്പന്നം നാം വാങ്ങുമെന്ന് വൈകാരികമായി അഭ്യർഥിക്കുക. അത് ഖാദിയോ, കരകൗശല വസ്തുക്കളോ, കൈത്തറിയോ, മറ്റെന്തെങ്കിലുമോ ആകട്ടെ. രാഷ്ട്രത്തെ ഉണർത്തുക, ഒരു മുന്നേറ്റത്തിനു തുടക്കമിടുക.
ഒപ്പം ഒരു കാര്യം കൂടി ഞാൻ എന്റെ ഭാഗത്ത് നിന്ന് നിർദേശിക്കാൻ ആഗ്രഹിക്കുന്നു. ഒരു യൂട്യൂബർ എന്ന നിലയിൽ നിങ്ങൾക്കുള്ള പ്രതിച്ഛായക്കൊപ്പം, നിങ്ങൾക്ക് ഒരു പ്രവർത്തനം കൂടി ചെയ്യാനാകുമോ. ഓരോ എപ്പിസോഡിന്റെയും അവസാനം ഒരു ചോദ്യം വയ്ക്കുന്നത് പരിഗണിക്കുക. അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാനുള്ള പ്രവർത്തന ആശയങ്ങൾ നൽകുക. ഇതിലൂടെ ജനങ്ങൾക്ക് പ്രവർത്തനങ്ങൾ നടത്താനും നിങ്ങളുമായി പങ്കിടാനും കഴിയും. ഈ രീതിയിൽ, നിങ്ങളുടെ ജനപ്രീതിയും വർധിക്കും. ജനങ്ങൾ കേൾക്കുക മാത്രമല്ല എന്തെങ്കിലും ചെയ്യുന്നതിൽ ഏർപ്പെടുകയും ചെയ്യും.
നിങ്ങളോടെല്ലാം സംസാരിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങളുടെ വീഡിയോകളുടെ അവസാനം നിങ്ങൾ എന്താണ് പറയുന്നത്... ഞാനും അത് ആവർത്തിക്കുന്നു: എന്റെ എല്ലാ അപ്‌ഡേറ്റുകളും ലഭിക്കുന്നതിന് എന്റെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്‌ത് ബെൽ ഐക്കൺ അമർത്തുക.
നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.