സുഹൃത്തുക്കളേ,
ത്രികക്ഷി മനോഭാവത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്.
ബ്രസീലിന് അചഞ്ചലമായ പിന്തുണ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. അവരുടെ നേതൃത്വത്തിൽ, ജി-20 നമ്മുടെ പൊതു ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
ബ്രസീൽ പ്രസിഡന്റും എന്റെ സുഹൃത്തുമായ ലുല ഡ സിൽവയെ ഞാൻ അഭിനന്ദിക്കുന്നു.
അതോടൊപ്പം, ഞാൻ അദ്ദേഹത്തിന് അധ്യക്ഷപദം കൈമാറുന്നു.
ഈ അവസരത്തിൽ ചിന്തകൾ പങ്കുവയ്ക്കാൻ ഞാൻ പ്രസിഡന്റ് ലുലയെ ക്ഷണിക്കുന്നു.
(പ്രസിഡന്റ് ലുലയുടെ വാക്കുകൾ)
വിശിഷ്ട വ്യക്തികളേ,
ആദരണീയരേ,
നിങ്ങൾക്കറിയാവുന്നതുപോലെ, നവംബർ വരെ ഇന്ത്യ ജി-20 അധ്യക്ഷപദം വഹിക്കും. അതിന് ഇനിയും രണ്ടര മാസം ബാക്കിയുണ്ട്.
ഈ രണ്ട് ദിവസങ്ങളിൽ, നിങ്ങളേവരും നിരവധി കാര്യങ്ങൾ മുന്നോട്ടുവച്ചു. നിരവധി അഭിപ്രായങ്ങൾ നൽകി. നിരവധി നിർദേശങ്ങൾ നൽകി.
മുന്നോട്ട് വന്ന നിർദേശങ്ങൾ ഒരിക്കൽ കൂടി പരിശോധിക്കുകയും അവയുടെ പുരോഗതി എങ്ങനെ ത്വരിതപ്പെടുത്തണമെന്നു ചിന്തിക്കുകയും ചെയ്യേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്.
നവംബർ അവസാനം ജി-20 ഉച്ചകോടിയുടെ മറ്റൊരു വെർച്വൽ സെഷൻ നടത്തണമെന്ന് ഞാൻ നിർദേശിക്കുന്നു.
ഈ ഉച്ചകോടിയിൽ തീരുമാനിച്ച വിഷയങ്ങൾ ആ സെഷനിൽ നമുക്ക് അവലോകനം ചെയ്യാം.
ഇവയുടെ എല്ലാ വിശദാംശങ്ങളും നമ്മുടെ സംഘം നിങ്ങളുമായി പങ്കിടും.
നിങ്ങളേവരും ഇതിൽ പങ്കാളികളാകുമെന്നാണ് എന്റെ പ്രതീക്ഷ.
വിശിഷ്ട വ്യക്തികളേ,
ആദരണീയരേ,
ഈ വാക്കുകളോടെ ഞാൻ ഔദ്യോഗികമായി ഈ ജി-20 ഉച്ചകോടിക്കു പരിസമാപ്തി കുറിക്കുന്നു.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നിവയിലേക്കുള്ള പാത സന്തോഷകരമാകട്ടെ.
‘സ്വസ്തി അസ്തു വിശ്വസ്യ!’
ലോകമെമ്പാടും പ്രത്യാശയും സമാധാനവും പുലരട്ടെ എന്നാണ് അതിനർഥം.
ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ആശംസകളോടെ, നിങ്ങളേവരോടും ഞങ്ങളുടെ ആത്മാർഥമായ കൃതജ്ഞത അറിയിക്കുന്നു!