ടൗണ്‍ഹാളില്‍ വെച്ച് നടന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ചെറുപ്പക്കാരുമായി സംവദിക്കവെ സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗത്തെകുറിച്ച് പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. സാങ്കേതിക വിദ്യയിലെ പ്രവണതകള്‍ വേഗത്തിലാണ് മാറുന്നത്. ഈ പ്രവണതള്‍ മനസ്സിലാക്കി സ്വയം നവീകരിക്കുക അത്യാവശ്യമാണ്. സാങ്കേതിക വിദ്യകളോടുള്ള പേടി നല്ലതല്ല. സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവു മാത്രം പോരാ. അതിന്റെ പ്രയോഗവും അതുപോലെ പ്രധാനപ്പെട്ടതാണ്, മോദി പറഞ്ഞു.
പിന്നീട് സാങ്കേതിക വിദ്യയില്‍ നിന്ന് സ്വതന്ത്രമായ സമയത്തെ കുറിച്ചു പ്രധാന മന്ത്രി ഉദ്ബോധിപ്പിച്ചു. നമുക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭ്യമാക്കാന്‍ ഇത്തരം പരീക്ഷണം സഹായിക്കും. സാങ്കേതിക വിദ്യ കൂടാതെ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നതിനെക്കുറിച്ച് നമുക്കു ചിന്തിക്കാനാവുമോ? വീട്ടിലെ ഒരു മുറി സാങ്കേതിക വിദ്യയില്‍ നിന്ന് വിമുക്തമാക്കുക. അതില്‍ പ്രവേശിക്കുന്നവര്‍ അത്തരം ഉപകരണങ്ങള്‍ കൈയില്‍ കരുതുവാന്‍ പാടില്ല- പ്രധാനമന്ത്രി പറഞ്ഞു.