''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''
''വരുംവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എങ്ങനെ നേതൃപരമായ പങ്കുവഹിക്കാനാകും എന്നു ചിന്തിക്കാനുള്ള കൃത്യമായ സമയമാണ് 'ആസാദി കാ അമൃത് മഹോത്സവ്'''
''വിമര്‍ശനം ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ, അന്ധമായി എല്ലാത്തിനേയും എതിര്‍ക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള വഴിയല്ല''
''ഞങ്ങള്‍ പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയല്ലേ ചെയ്യുന്നത്? പിന്നെ എന്തിനാണു പ്രതിപക്ഷം അതിനെ പരിഹസിക്കുന്നത്?''
''ഇന്ത്യയുടെ സാമ്പത്തികപുരോഗതി ലോകം കാണുകയാണ്; അതും ആയുസ്സിലൊരിക്കല്‍മാത്രം സംഭവിക്കുന്ന ആഗോള മഹാമാരിക്കിടയില്‍''
''മഹാമാരിക്കിടയിലും നമുക്കൊപ്പമുള്ള 80 കോടിയിലധികം ഇന്ത്യക്കാര്‍ക്കു സൗജന്യറേഷന്‍ ഇന്ത്യാഗവണ്‍മെന്റ് ഉറപ്പാക്കി. ഒരിന്ത്യക്കാരനും പട്ടിണികിടക്കരുത് എന്നതു ഞങ്ങളുടെ പ്രതിബദ്ധതയാണ്''
''ചെറുകിടകര്‍ഷകനെ ശാക്തീകരിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കു കരുത്തുപകരാന്‍ ചെറുകിടകര്‍ഷകനു കഴിയും''
''നമ്മുടെ അടിസ്ഥാനസൗകര്യവെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള സമഗ്രമായ സമീപനമാണു പിഎം ഗതിശക്തിയിലുള്ളത്. ശരിയായ സമ്പര്‍ക്കസംവിധാനത്തിനാണു ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്''
''എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്കുമാത്രമേ കഴിയൂ എന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുന്നു; രാജ്യത്തെ യുവാക്കളെയും''
''നമ്മുടെ യുവാക്കളെയും സമ്പാദ്യം കെട്ടിപ്പടുക്കുന്നവരെയും സംരംഭകരെയും ഭയപ്പെടുത്തുന്ന സമീപനത്തോടു ഞങ്ങള്‍ക്കു യോജിപ്പില്ല''
''പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തമാകുന്നത് ഏറ്റവും വലിയ ദേശസേവനമാണ്''
''രാഷ്ട്രം നമുക്ക് അധികാരത്തിന്റെയോ ഗവണ്‍മെന്റിന്റെയോ വെറുമൊരു സംവിധാനം മാത്രമല്ല; ജീവനുള്ള ആത്മാവാണ്''

രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ അഭിസംബോധനയിന്‍മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക്‌സഭയില്‍ മറുപടി നല്‍കി. പ്രസംഗം ആരംഭിക്കുന്നതിനുമുമ്പു ലത മങ്കേഷ്‌കറിനു പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു. ''എന്റെ വാക്കുകള്‍ക്കുമുമ്പ്, ലതാദീദിക്കു ഞാന്‍ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. സംഗീതത്തിലൂടെ അവര്‍ നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ചു''- അദ്ദേഹം പറഞ്ഞു.

പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിലവിലെ കാലഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാഷ്ട്രനിര്‍മ്മാണദൗത്യത്തിനായി പുനരര്‍പ്പണംചെയ്യുകയാണ്. ''വരുംവര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എങ്ങനെ നേതൃപരമായ പങ്കുവഹിക്കാനാകും എന്നു ചിന്തിക്കാനുള്ള കൃത്യമായ സമയമാണ് 'ആസാദി കാ അമൃത് മഹോത്സവ്'. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യ നിരവധി വികസനമുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതും സത്യമാണ്''- അദ്ദേഹം പറഞ്ഞു. കൂടാതെ, കൊറോണയ്ക്കുശേഷമുള്ള കാലഘട്ടത്തില്‍ ഒരു പുതിയ ലോകക്രമം അതിവേഗം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഇതൊരു വഴിത്തിരിവാണ്. ഇന്ത്യ എന്ന നിലയില്‍ ഈ അവസരം നാം നഷ്ടപ്പെടുത്തിക്കളയാന്‍ പാടില്ല.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരാലംബര്‍ക്കും പാവപ്പെട്ടവര്‍ക്കും വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജീവിതത്തിനു പുതിയ മാനം കൈവന്നതിനെക്കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു. ''അന്തസ്സിന്റെ അടയാളമായാണു മുമ്പു പാചകവാതകകണക്ഷനെ കണക്കാക്കിയിരുന്നത്. ഇപ്പോള്‍, ഏറ്റവും പാവപ്പെട്ടയാളിനുപോലും അതു പ്രാപ്യമാണ്. ഇക്കാര്യം വളരെ സന്തോഷമേകുന്നതാണ്. പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളുണ്ട്. സേവനങ്ങള്‍ എത്തിക്കുന്നതിനു നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം സഹായിക്കുന്നു. ഇതൊക്കെയാണു പ്രധാനമാറ്റങ്ങള്‍''- അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ വീട്ടില്‍ വൈദ്യുതിയുണ്ടെന്നതില്‍ സന്തോഷം തോന്നുമ്പോള്‍, അവരുടെ സന്തോഷം രാജ്യത്തിന്റെ സന്തോഷത്തിനു കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യ പാചകവാതകകണക്ഷന്‍ ലഭിച്ചതിനെത്തുടര്‍ന്നു പാവപ്പെട്ട വീടുകളില്‍ അടുക്കളകള്‍ പുകശല്യമില്ലാത്തതായതിന്റെ സന്തോഷത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജനാധിപത്യത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം അടിവരയിട്ട പ്രധാനമന്ത്രി ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജനാധിപത്യപാരമ്പര്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ''ഞങ്ങള്‍ ജനാധിപത്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നവരാണ്. മാത്രമല്ല, വിമര്‍ശനം ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പക്ഷേ, അന്ധമായി എല്ലാത്തിനേയും എതിര്‍ക്കുന്നത് ഒരിക്കലും മുന്നോട്ടുള്ള വഴിയല്ല''- അദ്ദേഹം പറഞ്ഞു. മഹാമാരിയെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ലോക്ക്ഡൗണ്‍ സമയത്തു ജനങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയപ്പോള്‍, മുംബൈയും ഡല്‍ഹിയുംവിട്ടു സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും പോകാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ഭയപ്പെടുത്തുകയും ചെയ്തതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു.

ഏവരില്‍നിന്നും പിന്തുണ ലഭിക്കേണ്ട കാര്യങ്ങളില്‍ അന്ധമായ എതിര്‍പ്പുയര്‍ത്തിയതിലും ശ്രീ മോദി ഖേദം പ്രകടിപ്പിച്ചു. ''ഞങ്ങള്‍ പ്രാദേശികതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയല്ലേ ചെയ്യുന്നത്? പിന്നെ എന്തിനാണു പ്രതിപക്ഷം അതിനെ പരിഹസിക്കുന്നത്? യോഗയെക്കുറിച്ചും ഫിറ്റ് ഇന്ത്യയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. പക്ഷേ, പ്രതിപക്ഷം അതിനെയും പരിഹസിച്ചു''- അദ്ദേഹം പറഞ്ഞു. ''ഇന്ത്യയുടെ സാമ്പത്തികപുരോഗതി ലോകം കാണുകയാണ്; അതും ആയുസ്സിലൊരിക്കല്‍മാത്രം സംഭവിക്കുന്ന ആഗോളമഹാമാരിക്കിടയില്‍''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൂറുകൊല്ലം മുമ്പുണ്ടായ ഇന്‍ഫ്‌ളുവന്‍സ മഹാമാരിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അന്നു മരണങ്ങളില്‍ കൂടുതലുമുണ്ടായതു പട്ടിണിയെത്തുടര്‍ന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുണ്ടായ മഹാമാരിയില്‍, ഒരു ഇന്ത്യക്കാരനെയും പട്ടിണികിടന്നു മരിക്കാന്‍ അനുവദിച്ചില്ലെന്നും ഏറ്റവും വലിയ സാമൂഹിക സുരക്ഷാനടപടികളിലൊന്നാണു സ്വീകരിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ''മഹാമാരിക്കിടയിലും നമുക്കൊപ്പമുള്ള 80 കോടിയിലധികം ഇന്ത്യക്കാര്‍ക്കു സൗജന്യറേഷന്‍ ഇന്ത്യാഗവണ്‍മെന്റ് ഉറപ്പാക്കി. ഒരിന്ത്യക്കാരനും പട്ടിണി കിടക്കരുത് എന്നതു ഞങ്ങളുടെ പ്രതിബദ്ധതയാണ്''- അദ്ദേഹം പറഞ്ഞു.

ചെറുകിടകര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുകയാണു ദാരിദ്ര്യത്തെ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗമെന്നു പ്രധാനമന്ത്രി പറഞ്ഞു. ചെറുകിടകര്‍ഷകര്‍ ഏറെക്കാലമായി അവഗണിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ''ഇത്രയും വര്‍ഷങ്ങളായി, രമ്യഹര്‍മ്യങ്ങളില്‍ വസിച്ചു രാഷ്ട്രം ഭരിച്ചവര്‍ ചെറുകിടകര്‍ഷകന്റെ ക്ഷേമത്തെക്കുറിച്ചു സംസാരിക്കാന്‍ മറന്നു. ചെറുകിടകര്‍ഷകനെ ശാക്തീകരിക്കേണ്ടത് ഇന്ത്യയുടെ പുരോഗതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കു കരുത്തുപകരാന്‍ ചെറുകിടകര്‍ഷകനു കഴിയും''- അദ്ദേഹം പറഞ്ഞു.

ഭരണനിര്‍വഹണത്തിന്റെയും പദ്ധതിവിന്യാസത്തിന്റെയും പുതിയ സമീപനത്തെക്കുറിച്ചു പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ഉത്തര്‍പ്രദേശിലെ സരയു നഹര്‍ ദേശീയപദ്ധതിപോലുള്ള ദീര്‍ഘകാല പദ്ധതികള്‍ നിലവിലെ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യവെല്ലുവിളികള്‍ പരിഹരിക്കുന്നതിനു സമഗ്രമായ സമീപനം സ്വീകരിക്കുന്ന പിഎം ഗതിശക്തിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇതു വ്യവസായമേഖലയില്‍ സേവനവിതരണശൃംഖലകള്‍ എളുപ്പമാക്കും. ശരിയായ സമ്പര്‍ക്കസംവിധാനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''നമ്മുടെ ഗവണ്‍മെന്റ് എംഎസ്എംഇകളുടെ നിര്‍വചനം മാറ്റിയെഴുതി. ഇത് ഈ മേഖലയ്ക്കു സഹായകമായി''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുത്തന്‍ നയങ്ങളാല്‍ ഊര്‍ജംകൈവരിച്ച ആത്മനിര്‍ഭരതയുടെ പുതിയ മാനസികാവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പുതിയ മേഖലകള്‍ തുറക്കുന്നതിലൂടെ രാജ്യത്തെ പ്രതിഭകളെയും യുവാക്കളെയും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ''എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്കുമാത്രമേ കഴിയൂ എന്നു ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ രാജ്യത്തെ ജനങ്ങളെ വിശ്വസിക്കുന്നു; രാജ്യത്തെ യുവാക്കളെയും. ഉദാഹരണത്തിനു സ്റ്റാര്‍ട്ടപ്പ് മേഖലയെടുക്കാം. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചു. ഇതു നമ്മുടെ ജനങ്ങളുടെ ശക്തിയാണു കാണിക്കുന്നത്.'' അടുത്തകാലത്തു ഗുണനിലവാരമുള്ള യൂണികോണുകള്‍ വളര്‍ന്നുവന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. നമ്മുടെ യുവാക്കളെയും സമ്പാദ്യം കെട്ടിപ്പടുക്കുന്നവരെയും സംരംഭകരെയും ഭയപ്പെടുത്തുന്ന സമീപനത്തോടു ഞങ്ങള്‍ക്കു യോജിപ്പില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014നുമുമ്പ് 500 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 60,000 സ്റ്റാര്‍ട്ടപ്പുകളാണ് ഉദയംചെയ്തത്. ഇന്ത്യ യുണീകോണുകളുടെ ദശകത്തിലേക്കു നീങ്ങുകയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണിപ്പോള്‍.

'മേക്ക് ഇന്‍ ഇന്ത്യ'യെ പരിഹസിക്കുന്നത് ഇന്ത്യയുടെ സംരംഭകത്വത്തെയും ഇന്ത്യയിലെ യുവാക്കളെയും മാധ്യമവ്യവസായത്തെയും പരിഹസിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധമേഖലയില്‍ സ്വയംപര്യാപ്തമാകുന്നത് ഏറ്റവും വലിയ ദേശസേവനമാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോളപ്രശ്നങ്ങളുടെ പേരിലാണു മുന്‍കാലങ്ങളില്‍ പണപ്പെരുപ്പത്തെ പഴിചാരിയിരുന്നതെന്നും എന്നാലിന്ന്, പ്രയാസകരമായ ആഗോളസാഹചര്യങ്ങള്‍ക്കിടയിലും മറ്റൊന്നിലും പഴിചാരാതെ പണപ്പെരുപ്പത്തെ നേരിടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

''രാഷ്ട്രം നമുക്ക് അധികാരത്തിന്റെയോ ഗവണ്‍മെന്റിന്റെയോ വെറുമൊരു സംവിധാനം മാത്രമല്ല; ജീവനുള്ള ആത്മാവാണ്''- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയൊന്നാകെ ഒരു ജീവാത്മാവായി കണക്കാക്കുന്ന ആശയത്തെക്കുറിച്ചു വിശദീകരിക്കാന്‍ അദ്ദേഹം പുരാണങ്ങളെയും സുബ്രഹ്‌മണ്യ ഭാരതിയെയും ഉദ്ധരിച്ചു. സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനു തമിഴ്നാട്ടിലെ ജനങ്ങള്‍ നല്‍കിയ ആദരം ഇന്ത്യയൊട്ടാകെയുയര്‍ന്ന ദേശീയ വികാരത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയകക്ഷികളോടും പൗരന്മാരോടും യുവാക്കളോടും അമൃതകാലത്തിന്റെ ഈ ശുഭവേളയില്‍ ശുഭസമീപനങ്ങളോടെ മുന്നോട്ടുപോകാന്‍ ആഹ്വാനംചെയ്താണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi