

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമാലയത്തിന്റെ മഹാ കുംഭാഭിഷേക പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശം വഴി അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മുരുകൻ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിങ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും വിശിഷ്ട വ്യക്തികൾ, പുരോഹിതർ, ആചാര്യർ, ഇന്ത്യൻ പ്രവാസികൾ, ഇന്തോനേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർ തുടങ്ങി ഈ ശുഭവേളയിൽ പങ്കെടുത്ത എല്ലാവർക്കും, ഈ പവിത്രവും മഹത്തായതുമായ ക്ഷേത്രം യാഥാർഥ്യമാക്കിയ എല്ലാ പ്രതിഭാധനരായ കലാകാരർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.
ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതു ഭാഗ്യമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ബഹുമാന്യനായ പ്രസിഡന്റ് പ്രബോവോയുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ സവിശേഷമാക്കിയെന്നു പറഞ്ഞു. ജക്കാർത്തയിൽനിന്ന് ഏറെ അകലെയാണെങ്കിലും, കരുത്തുറ്റ ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തെ പ്രതിഫലിപ്പിക്കുംവിധത്തിൽ, പരിപാടിയോട് വൈകാരികമായി അടുപ്പം തോന്നുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രസിഡന്റ് പ്രബോവോ അടുത്തിടെ 140 കോടി ഇന്ത്യക്കാരുടെ സ്നേഹം ഇന്തോനേഷ്യയിലേക്ക് കൊണ്ടുവന്നുവെന്നും, അദ്ദേഹത്തിലൂടെ ഇന്തോനേഷ്യയിലെ ഏവർക്കും ഓരോ ഇന്ത്യക്കാരന്റെയും ആശംസകൾ അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. ജക്കാർത്ത ക്ഷേത്രത്തിലെ മഹാ കുംഭാഭിഷേക വേളയിൽ ഇന്തോനേഷ്യയിലും ലോകമെമ്പാടുമുള്ള എല്ലാ മുരുകഭക്തർക്കും അദ്ദേഹം ആശംസകൾ നേർന്നു. തിരുപ്പുകഴ് സ്തുതിഗീതങ്ങളിലൂടെ മുരുകനെ തുടർന്നും സ്തുതിക്കണമെന്നും സ്കന്ദ ഷഷ്ഠി കവചത്തിന്റെ മന്ത്രങ്ങളിലൂടെ എല്ലാ ജനങ്ങൾക്കും സംരക്ഷണം ലഭിക്കണമെന്നും പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ക്ഷേത്രനിർമാണമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി കഠിനാധ്വാനം നടത്തിയ ഡോ. കോബാലനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.
“ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം വെറും ഭൗമ-രാഷ്ട്രീയപരമല്ല; അത് ആയിരക്കണക്കിനു വർഷത്തെ പൊതുവായ സംസ്കാരത്തിലും ചരിത്രത്തിലും വേരൂന്നിയ ഒന്നാണ്” - പ്രധാനമന്ത്രി പറഞ്ഞു. പൈതൃകം, ശാസ്ത്രം, വിശ്വാസം, പൊതുവായ വിശ്വാസങ്ങൾ, ആത്മീയത എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം പറഞ്ഞു. ഈ ബന്ധത്തിൽ മുരുകൻ, ശ്രീരാമൻ, ശ്രീബുദ്ധൻ എന്നിവരും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഇന്തോനേഷ്യയിലെ പ്രംബനൻ ക്ഷേത്രം സന്ദർശിക്കുമ്പോൾ, കാശിയിലും കേദാർനാഥിലും അനുഭവപ്പെടുന്ന അതേ ആത്മീയ അനുഭൂതി അവർക്ക് അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വാൽമീകി രാമായണം, കമ്പരാമായണം, രാമചരിതമാനസം എന്നിവയുടെ അതേ വികാരങ്ങളാണു കാകവിൻ, സെരത് രാമായണ കഥകൾ എന്നിവ ഉണർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ അയോധ്യയിലും ഇന്തോനേഷ്യൻ രാംലീല അവതരിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ബാലിയിൽ "ഓം സ്വസ്തി-അസ്തു" കേൾക്കുന്നത് ഇന്ത്യക്കാർക്ക് ഇന്ത്യയിലെ വേദ പണ്ഡിതരുടെ അനുഗ്രഹങ്ങളെ ഓർമിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ സാരനാഥിലും ബോധ്ഗയയിലും കാണുന്നതുപോലെ ബുദ്ധന്റെ അതേ ശിക്ഷണങ്ങളെയാണ് ഇന്തോനേഷ്യയിലെ ബോറോബുദൂർ സ്തൂപം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ഇന്ത്യയെയും ഇന്തോനേഷ്യയെയും സാംസ്കാരികമായും വാണിജ്യപരമായും ബന്ധിപ്പിച്ചിരുന്ന പുരാതന സമുദ്രയാത്രകളെയാണ് ഒഡിഷയിലെ ബാലി ജാത്ര ഉത്സവം ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. ഇന്നും, ഇന്ത്യക്കാർ ഗരുഡ ഇന്തോനേഷ്യ എയർലൈൻസിൽ യാത്ര ചെയ്യുമ്പോൾ, അവർ പൊതുവായ സാംസ്കാരിക പൈതൃകം പങ്കുവയ്ക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം നിരവധി കരുത്തുറ്റ ഇഴകളാൽ കോർത്തിണക്കിയതാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പ്രബോവോയുടെ സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ, ഈ പൊതുവായ പൈതൃകത്തിന്റെ പല വശങ്ങളും അവർ അംഗീകരിച്ചുവെന്ന് അദ്ദേഹം പരാമർശിച്ചു. ജക്കാർത്തയിലെ മഹത്തായ മുരുകൻ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിലേക്ക് പുതിയ സുവർണ്ണ അധ്യായം ചേർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ക്ഷേത്രം വിശ്വാസത്തിന്റെയും സാംസ്കാരിക മൂല്യങ്ങളുടെയും പുതിയ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജക്കാർത്തയിലെ മുരുകൻ ക്ഷേത്രത്തിൽ മുരുകൻ മാത്രമല്ല, മറ്റ് വിവിധ ദേവതകളും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ വൈവിധ്യവും ബഹുസ്വരതയുമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കി. ഇന്തോനേഷ്യയിൽ, വൈവിധ്യത്തിന്റെ ഈ പാരമ്പര്യത്തെ "ഭിന്നേക തുങ്കൽ ഇക" എന്ന് വിളിക്കുന്നു, അതേസമയം ഇന്ത്യയിൽ ഇത് "നാനാത്വത്തിൽ ഏകത്വം" എന്ന് അറിയപ്പെടുന്നു - അദ്ദേഹം പറഞ്ഞു. വൈവിധ്യത്തിന്റെ ഈ സ്വീകാര്യതയാണ് ഇന്തോനേഷ്യയിലും ഇന്ത്യയിലും വ്യത്യസ്ത മതവിശ്വാസികൾ ഇത്രയും ഐക്യത്തോടെ ജീവിക്കുന്നതിനു കാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാനാത്വത്തിൽ ഏകത്വം സ്വീകരിക്കാൻ ഈ ശുഭദിനം നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"സാംസ്കാരിക മൂല്യങ്ങൾ, പൈതൃകം, പാരമ്പര്യം എന്നിവ ഇന്ത്യയിലെയും ഇന്തോനേഷ്യയിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു" - ശ്രീ മോദി പറഞ്ഞു. പ്രംബനൻ ക്ഷേത്രം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനവും ബോറോബുദൂർ ബുദ്ധക്ഷേത്രത്തോടുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. അയോധ്യയിലെ ഇന്തോനേഷ്യൻ രാംലീലയെക്കുറിച്ച് പരാമർശിക്കുകയും അത്തരം കൂടുതൽ പരിപാടികൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകുകയും ചെയ്തു. പ്രസിഡന്റ് പ്രബോവോയോടൊപ്പം ഈ ദിശയിൽ അതിവേഗം മുന്നേറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭൂതകാലം സുവർണ ഭാവിയുടെ അടിത്തറയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പ്രബോവോയ്ക്ക് നന്ദി പറഞ്ഞും ക്ഷേത്രത്തിന്റെ മഹാ കുംഭാഭിഷേകത്തിന് ഏവരെയും അഭിനന്ദിച്ചുമാണ് അദ്ദേഹം ഉപസംഹരിച്ചത്.