നമസ്കാരം സുഹൃത്തുക്കളേ!
(പാർലമെന്റിന്റെ) വർഷകാല സമ്മേളനത്തിലേക്കു നിങ്ങളെയേവരെയും സ്വാഗതം ചെയ്യുകയാണ്. ‘സാവൻ’ എന്ന വിശുദ്ധ മാസത്തിലാണു നാമിപ്പോൾ. ഇത്തവണ ‘സാവൻ’, ദൈർഘ്യം അൽപ്പം വർധിച്ച്, രണ്ടുമാസം നീണ്ടുനിൽക്കും. പവിത്രമായ തീരുമാനങ്ങൾക്കും കർമങ്ങൾക്കും വളരെ അനുകൂലമായി കണക്കാക്കുന്ന ഒന്നാണു സാവൻ മാസം. ഇന്ന്, ഈ വിശുദ്ധ സാവൻ മാസത്തിൽ നാം ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഒത്തുചേരുമ്പോൾ, ജനാധിപത്യത്തിന്റെ ശ്രീകോവിലിനു നിരവധി പവിത്രമായ ചുമതലകൾ ഏറ്റെടുക്കാൻ ഇതിലും മികച്ച അവസരമുണ്ടാകില്ല. ബഹുമാനപ്പെട്ട എല്ലാ പാർലമെന്റ് അംഗങ്ങളും ഒത്തുചേർന്ന്, ജനങ്ങളുടെ ക്ഷേമത്തിനായി ഈ സമ്മേളനം ഏറ്റവും പ്രയോജനകരമായി വിനിയോഗിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
വിവിധ നിയമങ്ങൾക്കു രൂപംനൽകുന്നതിൽ പാർലമെന്റിന്റെയും ഓരോ പാർലമെന്റ് അംഗത്തിന്റെയും ഉത്തരവാദിത്വങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ചർച്ചകൾ കൂടുതൽ വിപുലവും വിമർശനാത്മകവുമാകുമ്പോൾ, ജനങ്ങളുടെ ക്ഷേമത്തിനായി കൂടുതൽ ദൂരവ്യാപകമായ തീരുമാനങ്ങൾ എടുക്കാനാകും. സഭയിലെത്തുന്ന ബഹുമാന്യരായ എംപിമാർ ജനങ്ങളുടെ സങ്കടങ്ങളും വേദനകളും മനസിലാക്കുകയും താഴേത്തട്ടിൽ ആഴത്തിൽ വേരൂന്നുകയും ചെയ്തവരാണ്. അവർ ചർച്ചകളിൽ സംഭാവനയേകുമ്പോൾ, അവരുടെ ചിന്തകൾ രാജ്യത്തിന്റെ ക്ഷേമത്തിൽ വേരൂന്നിയിരിക്കുന്നു. ഇതു സംവാദങ്ങളെ സമ്പന്നമാക്കുന്നു. തീരുമാനങ്ങൾ ശക്തവും ഫലാധിഷ്ഠിതവുമാക്കുന്നു. അതിനാൽ, ഈ സമ്മേളനം പരമാവധി പ്രയോജനപ്പെടുത്താനും പൊതുജനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും എല്ലാ രാഷ്ട്രീയ കക്ഷികളോടും ബഹുമാനപ്പെട്ട എംപിമാരോടും ഞാൻ അഭ്യർഥിക്കുന്നു.
ഈ സെഷനിൽ അവതരിപ്പിക്കുന്ന ബില്ലുകൾ ജനങ്ങളുടെ ക്ഷേമവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ സമ്മേളനം വിവിധ തരത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഡിജിറ്റൽ ലോകത്തെ നയിക്കുന്ന നമ്മുടെ യുവതലമുറയെ സംബന്ധിച്ചിടത്തോളം, ഡാറ്റ സംരക്ഷണ ബിൽ ഈ ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. കാരണം ഇത് ഓരോ പൗരനിലും പുതിയ ആത്മവിശ്വാസം വളർത്താനും ആഗോള വേദിയിൽ ഇന്ത്യയുടെ പ്രശസ്തി ഉയർത്താനും ലക്ഷ്യമിടുന്നു. അതുപോലെ, പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയ ഗവേഷണ ഫൗണ്ടേഷൻ പ്രധാന ചുവടുവയ്പ്പാണ്. അതു ഗവേഷണത്തെയും നവീകരണത്തെയും ശാക്തീകരിക്കും. പുതിയ സംരംഭങ്ങളിലൂടെയും കഴിവുകളിലൂടെയും ലോകത്തെ നയിക്കാൻ നമ്മുടെ യുവാക്കൾക്ക് അവസരങ്ങളേകുകയും ചെയ്യും.
പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വിവിധ നിയമങ്ങളിൽ നിയമപരമായ വിലക്ക് ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പാണ് ‘ജൻ വിശ്വാസ് ബിൽ’. അതുപോലെ, കാലഹരണപ്പെട്ട നിയമങ്ങൾ നിർത്തലാക്കാനും, തർക്കങ്ങൾ പരിഹരിക്കുന്നതിനു ചർച്ചകളും മധ്യസ്ഥതയും പ്രോത്സാഹിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതു നമ്മുടെ രാജ്യത്തു നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പാരമ്പര്യമാണ്. ഈ സെഷനിൽ മധ്യസ്ഥതാബിൽ കൊണ്ടുവരുന്നതു ദീർഘകാലമായി നിലനിൽക്കുന്ന മധ്യസ്ഥതാപാരമ്പര്യത്തിനു നിയമപരമായ കരുത്തുറ്റ അടിത്തറയേകുന്നു. ഇതു സാധാരണഗതിയിലുള്ള തർക്കങ്ങൾ മാത്രമല്ല, സങ്കീർണവും അസാധാരണവുമായ സാഹചര്യങ്ങളും പരസ്പരസംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ സഹായിക്കും. കൂടാതെ, വൈദ്യശാസ്ത്ര വിദ്യാർഥികളുമായി ബന്ധപ്പെട്ട ദന്തൽ കോളേജുകൾക്കായി പുതിയ സംവിധാനം സ്ഥാപിക്കാൻ, ദന്തൽ ദൗത്യ ബിൽ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങളുടെയും യുവാക്കളുടെയും ഇന്ത്യയുടെ ശോഭനമായ ഭാവിയുടെയും താൽപ്പര്യം മുൻനിർത്തി, ഈ സമ്മേളനത്തിൽ നിർണായകമായ നിരവധി ബില്ലുകൾ പാർലമെന്റിൽ വരുന്നുണ്ട്. ഈ സെഷനിൽ ഈ ബില്ലുകളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലൂടെ രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള സുപ്രധാന നടപടികൾ നാം മുന്നോട്ടു കൊണ്ടുപോകുമെന്ന് എനിക്കു വിശ്വാസമുണ്ട്.
സുഹൃത്തുക്കളേ,
ഇന്ന്, ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഞാൻ നിങ്ങൾക്കിടയിൽ നിൽക്കുമ്പോൾ, മണിപ്പുരിലെ സംഭവത്തിൽ എന്റെ ഹൃദയം ദുഃഖത്താലും രോഷത്താലും നിറഞ്ഞിരിക്കുകയാണ്. പരിഷ്കൃതമായ ഏതൊരു സമൂഹത്തിനും ലജ്ജാകരമായ പ്രവൃത്തിയാണ് ഈ സംഭവം. ഈ പാപം ചെയ്തവർ, അക്രമികൾ, അവർ ആരായാലും, രാജ്യം മുഴുവൻ ലജ്ജിക്കുന്നു. 140 കോടി പൗരന്മാരെ നാണംകെടുത്തുന്നു. എല്ലാ മുഖ്യമന്ത്രിമാരും അവരുടെ സംസ്ഥാനങ്ങളിൽ ക്രമസമാധാനത്തിനു കരുത്തേകണമെന്നു ഞാൻ അഭ്യർഥിക്കുന്നു. പ്രത്യേകിച്ച്, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ കർശനമായ നടപടികൾ കൈക്കൊള്ളണം. ഇത്തരം സംഭവം നടക്കുന്നതു രാജസ്ഥാനിലോ ഛത്തീസ്ഗഢിലോ മണിപ്പുരിലോ ഇന്ത്യയുടെ ഏതു കോണിലോ ആകട്ടെ, ഏതു സംസ്ഥാന ഗവണ്മെന്റിനു കീഴിലോ ആകട്ടെ, അവിടെയെല്ലാം രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് അതീതമായി നിയമവാഴ്ചയുടെ പ്രാധാന്യവും സ്ത്രീകളോടുള്ള ബഹുമാനവും നിലനിർത്തേണ്ടതു നിർണായകമാണ്. തെറ്റുചെയ്ത ഒരാളും രക്ഷപ്പെടില്ലെന്ന് ഈ രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. നിയമത്തെ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ചു കരുത്തുറ്റതാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. മണിപ്പുരിലെ പെൺമക്കൾക്കു സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതാണ്.
വളരെ നന്ദി, സുഹൃത്തുക്കളേ.