ശ്രേഷ്ഠരേ
നമസ്കാരം!
ഇന്ന്, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' ലോഞ്ചിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെയും യുകെയുടെ ഗ്രീൻ ഗ്രിഡ് ഇനിഷ്യേറ്റീവിന്റെയും മുൻകൈകളോടെ, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന എന്റെ നിരവധി വർഷത്തെ കാഴ്ചപ്പാടിന് ഇന്ന് ഒരു മൂർത്തമായ രൂപം ലഭിച്ചു. മാന്യന്മാരേ, വ്യാവസായിക വിപ്ലവത്തിന് ഇന്ധനം നൽകിയത് ഫോസിൽ ഇന്ധനങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്താൽ പല രാജ്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു, പക്ഷേ നമ്മുടെ ഭൂമിയും നമ്മുടെ പരിസ്ഥിതിയും ദരിദ്രമായി. ഫോസിൽ ഇന്ധനങ്ങൾക്കായുള്ള ഓട്ടവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇന്ന് സാങ്കേതികവിദ്യ നമുക്ക് ഒരു മികച്ച ബദൽ നൽകിയിട്ടുണ്ട്.
ശ്രേഷ്ഠരേ ,
സൂര്യ ഉപനിഷത്തിൽ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, പറഞ്ഞിട്ടുണ്ട്, സൂര്യാദ് ഭവന്തി ഭൂതാനി, സൂര്യൻ പാലിതാനി തു॥ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാം സൂര്യനിൽ നിന്നാണ് ഉത്ഭവിച്ചത്, എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം സൂര്യനാണ്, എല്ലാം നിലനിറുത്തുന്നത് സൂര്യന്റെ ഊർജ്ജം കൊണ്ടാണ്. ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് മുതൽ, എല്ലാ ജീവജാലങ്ങളുടെയും ജീവിത ചക്രവും അവയുടെ ദിനചര്യയും സൂര്യോദയവും സൂര്യാസ്തമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സ്വാഭാവിക ബന്ധം തുടരുന്നിടത്തോളം, നമ്മുടെ ഗ്രഹം ആരോഗ്യകരമായി തുടർന്നു. എന്നാൽ ആധുനിക യുഗത്തിൽ, സൂര്യൻ സ്ഥാപിച്ച ചക്രത്തെ മറികടക്കാനുള്ള ഓട്ടത്തിൽ മനുഷ്യൻ പ്രകൃതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും അവന്റെ പരിസ്ഥിതിക്ക് വലിയ നാശമുണ്ടാക്കുകയും ചെയ്തു. പ്രകൃതിയുമായി സന്തുലിതമായ ജീവിതം പുനഃസ്ഥാപിക്കണമെങ്കിൽ, ഇതിന്റെ പാത നമ്മുടെ സൂര്യനാൽ പ്രകാശിപ്പിക്കപ്പെടും. മനുഷ്യരാശിയുടെ ഭാവിയെ രക്ഷിക്കാൻ നമുക്ക് വീണ്ടും സൂര്യനോടൊപ്പം നടക്കണം.
ശ്രേഷ്ഠരേ ,
ഒരു വർഷം മുഴുവൻ മനുഷ്യരാശിയും ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അളവ്, സൂര്യൻ ഒരു മണിക്കൂറിൽ ഭൂമിക്ക് നൽകുന്നു. ഈ വലിയ ഊർജ്ജം പൂർണ്ണമായും ശുദ്ധവും സുസ്ഥിരവുമാണ്. പകൽസമയത്ത് മാത്രമേ സൗരോർജ്ജം ലഭ്യമാകൂ എന്നതും കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഒരേയൊരു വെല്ലുവിളി. ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്’ ഈ വെല്ലുവിളിക്കുള്ള ഒരു പരിഹാരമാണ്. ലോകമെമ്പാടുമുള്ള ഗ്രിഡിൽ നിന്നുള്ള ശുദ്ധമായ ഊർജ്ജം എല്ലായിടത്തും എല്ലായ്‌പ്പോഴും ലഭ്യമാകും. ഇത് സംഭരണത്തിന്റെ ആവശ്യകത കുറയ്ക്കുകയും സോളാർ പദ്ധതികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ സൃഷ്ടിപരമായ സംരംഭം കാർബൺ കാൽപ്പാടും ഊർജ്ജ ചെലവും കുറയ്ക്കുക മാത്രമല്ല, വിവിധ പ്രദേശങ്ങളും രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പുതിയ വഴി തുറക്കുകയും ചെയ്യും. ഒരു സൂര്യൻ: ഒരു ലോകം: ഒരു ഗ്രിഡ്, ഗ്രീൻ-ഗ്രിഡ് സംരംഭങ്ങൾ എന്നിവയുടെ സമന്വയം യോജിച്ചതും ശക്തവുമായ ഒരു ആഗോള ഗ്രിഡിന്റെ വികസനത്തിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നമ്മുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ ഒരു സോളാർ കാൽക്കുലേറ്റർ ആപ്ലിക്കേഷൻ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പോവുകയാണെന്ന് ഞാൻ ഇന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ കാൽക്കുലേറ്റർ ഉപയോഗിച്ച്, ലോകത്തിലെ ഏത് സ്ഥലത്തിന്റെയും സൗരോർജ്ജ സാധ്യതകൾ ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കി അളക്കാൻ കഴിയും. സൗരോർജ്ജ പദ്ധതികളുടെ സ്ഥാനം നിർണ്ണയിക്കാൻ ഈ ആപ്ലിക്കേഷൻ ഉപയോഗപ്രദമാകും കൂടാതെ 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും.
ശ്രേഷ്ഠരേ ,
ഒരിക്കൽ കൂടി, ഞാൻ ഐ എസ് എ യെ അഭിനന്ദിക്കുന്നു, ഒപ്പം എന്റെ സുഹൃത്ത് ബോറിസിന്റെ സഹകരണത്തിന് നന്ദി പറയുന്നു. മറ്റെല്ലാ രാജ്യങ്ങളിലെയും നേതാക്കളോട് അവരുടെ സാന്നിധ്യത്തിന് നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
നന്ദി!