ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ വിതരണം ചെയ്തു
“ഇന്ത്യയിന്ന് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്”
“പുതിയ സാധ്യതകൾക്കായി വാതിലുകൾ തുറക്കുന്ന നയങ്ങളും തന്ത്രങ്ങളുമായാണ് ഇന്നത്തെ പുതിയ ഇന്ത്യ നീങ്ങുന്നത്”
“മുൻ കാലങ്ങളിലെ പ്രതികരണാത്മക നിലപാടിൽ നിന്ന് വ്യത്യസ്തമായി സജീവമായ സമീപനമാണ് 2014നു ശേഷം ഇന്ത്യ സ്വീകരിച്ചത്”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഇന്ത്യയിൽ മുമ്പു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തൊഴിലവസരങ്ങൾക്കും സ്വയംതൊഴിൽ അവസരങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു”
“ആത്മനിർഭർ ഭാരത് യജ്ഞത്തിന്റെ ചിന്തയും സമീപനവും സ്വദേശിവൽക്കരണത്തിനും ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാന’ത്തിനും അപ്പുറമാണ്. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ‘യജ്ഞ’മാണ് ആത്മനിർഭർ ഭാരത് യജ്ഞം”
“ഗ്രാമങ്ങളിൽ റോഡുകൾ എത്തുമ്പോൾ, അത് ആവാസവ്യവസ്ഥയിലാകെ ദ്രുതഗതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കു നയിക്കുന്നു”
“ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ, സാധാരണ പൗരനെന്ന നിലയിൽ നിങ്ങൾക്കു തോന്നിയ കാര്യങ്ങൾ എപ്പോഴും ഓർക്കണം”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിക്കപ്പെട്ടവർക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകൾ അദ്ദേഹം വിതരണം ചെയ്തു. കേന്ദ്ര ഗവണ്മെന്റിനു കീഴിൽ ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് എന്നിങ്ങനെ വിവിധ തസ്തികകളിലാണു പുതിയ നിയമനങ്ങൾ. പുതുതായി നിയമിക്കപ്പെട്ടവർക്ക് ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ പുതിയ നിയമനങ്ങൾക്കു വേണ്ടിയുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സായ 'കർമയോഗി പ്രാരംഭ്' വഴി സ്വയം പരിശീലനം നേടാനാകും. 45 സ്ഥലങ്ങൾ മേളയുമായി ഇന്ന് കൂട്ടിയിണക്കപ്പെട്ടു.

സദസിനെ അഭിസംബോധന ചെയ്യവേ, ബൈശാഖിയുടെ ശുഭവേളയിൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. നിയമനപത്രം ലഭിച്ച ഉദ്യോഗാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

 

വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾക്കും ഊർജത്തിനും ശരിയായ അവസരങ്ങൾ ഒരുക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത്‌മുതൽ അസംവരെയും ഉത്തർപ്രദേശ്‌മുതൽ മഹാരാഷ്ട്രവരെയും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവണ്മെന്റിന്റെ നിയമനത്തിനുള്ള നടപടികൾ അതിവേഗം നടക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ ഇന്നലെ മാത്രം 22,000-ത്തിലധികം അധ്യാപകർക്ക് നിയമനക്കത്തുകൾ കൈമാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. "രാജ്യത്തെ യുവജനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ തൊഴിൽ മേള."

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, മാന്ദ്യത്തിന്റെയും മഹാമാരിയുടെയും ആഗോള വെല്ലുവിളികൾക്കിടയിൽ ലോകം ഇന്ത്യയെ തിളക്കമാർന്ന ഇടമായാണു കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. "പുതിയ സാധ്യതകൾക്കായി വാതിലുകൾ തുറക്കുന്ന നയങ്ങളും തന്ത്രങ്ങളുമായാണ് ഇന്നത്തെ പുതിയ ഇന്ത്യ നീങ്ങുന്നത്" - അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലെ പ്രതികരണാത്മക നിലപാടിൽ നിന്ന് വ്യത്യസ്തമായി സജീവമായ സമീപനമാണ് 2014നു ശേഷം ഇന്ത്യ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മൂന്നാം ദശകം ഇന്ത്യയിൽ മുമ്പു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തൊഴിലവസരങ്ങൾക്കും സ്വയംതൊഴിൽ അവസരങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചു. പത്തുവർഷം മുമ്പുപോലും നിലവിലില്ലാതിരുന്ന മേഖലകളാണു യുവാക്കൾ ഇപ്പോൾ കണ്ടെത്തുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകളുടെയും ഇന്ത്യൻ യുവാക്കളുടെ ഉത്സാഹത്തിന്റെയും ഉദാഹരണങ്ങൾ നിരത്തിയ പ്രധാനമന്ത്രി, സ്റ്റാർട്ടപ്പുകൾ പ്രത്യക്ഷമായും പരോക്ഷമായും 40 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന റിപ്പോർട്ടും പരാമർശിച്ചു. ഡ്രോണുകളും കായിക മേഖലയും പുതിയ തൊഴിലവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

"ആത്മനിർഭർ ഭാരത് യജ്ഞത്തിന്റെ ചിന്തയും സമീപനവും സ്വദേശിവൽക്കരണത്തിനും ‘പ്രാദേശികതയ്ക്കായുള്ള ആഹ്വാന’ത്തിനും അപ്പുറമാണ്. ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ‘യജ്ഞ’മാണ് ആത്മനിർഭർ ഭാരത് യജ്ഞം" - പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിർമിച്ച ആധുനിക ഉപഗ്രഹങ്ങളുടെയും അർധ-അതിവേഗ ട്രെയിനുകളുടെയും ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 8-9 വർഷത്തിനിടെ 30,000-ലധികം എൽഎച്ച്ബി കോച്ചുകൾ ഇന്ത്യയിൽ നിർമിച്ചതായി അദ്ദേഹം പറഞ്ഞു. ഈ കോച്ചുകൾക്കുള്ള സാങ്കേതികവിദ്യയും അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.

ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പതിറ്റാണ്ടുകളായി ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങൾ കൊണ്ടാണു രാജ്യത്തെ കുരുന്നുകൾ കളിച്ച‌ിരുന്നതെന്നു വ്യക്തമാക്കി. കളിപ്പാട്ടങ്ങൾ മികച്ച നിലവാരമുള്ളതോ ഇന്ത്യൻ കുട്ടികളെ മനസിൽവച്ചു രൂപകൽപ്പന ചെയ്തതോ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ഗുണനിലവാരത്തിനു ഗവണ്മെന്റ് മാനദണ്ഡം ഏർപ്പെടുത്തിയതായും തദ്ദേശീയ കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതായും പ്രധാനമന്ത്രി പറഞ്ഞു. തൽഫലമായി, ഇന്ത്യയിലെ കളിപ്പാട്ട വ്യവസായത്തിന്റെ മുഖം പൂർണമായും രൂപാന്തരപ്പെട്ടതായും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ മാത്രമേ കഴിയൂ എന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ചിന്താഗതിയെ ഖണ്ഡിച്ച പ്രധാനമന്ത്രി, തദ്ദേശീയരായ നിർമാതാക്കളെ വിശ്വസിച്ച് ഗവണ്മെന്റ് ഈ സമീപനം മാറ്റിയെന്നും അതിന്റെ ഫലമായി സായുധ സേനയുടെ ഇന്ത്യയിൽ നിർമിക്കാവുന്ന 300-ലധികം ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പട്ടിക സൃഷ്ടിക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കി. ലോകമെമ്പാടും 15,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോൺ നിർമാണ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ, പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം മൊബൈൽ ഹാൻഡ്‌സെറ്റുകൾ കയറ്റുമതി ചെയ്യുന്നതിനാൽ, ഇന്ത്യ ധാരാളം വിദേശനാണ്യം ലാഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന്റെ പങ്കും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനു മൂലധനച്ചെലവിന് ഊന്നൽ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിലെ തൊഴിൽ സാധ്യതകൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇപ്പോഴത്തെ ഗവണ്മെന്റിന്റെ ഭരണകാലത്തു മൂലധനച്ചെലവു നാലിരട്ടിയായി വർധിച്ചുവെന്നും ചൂണ്ടിക്കാട്ടി.

2014നു മുമ്പും ശേഷവുമുള്ള സംഭവവികാസങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2014നു മുമ്പുള്ള ഏഴ് ദശാബ്ദങ്ങളിൽ 20,000 കിലോമീറ്റർ റെയിൽവേ പാതകളുടെ വൈദ്യുതവൽക്കരണം മാത്രമാണു നടന്നതെന്നും കഴിഞ്ഞ 9 വർഷത്തിനിടെ 40,000 കിലോമീറ്റർ റെയിൽ പാത വൈദ്യുതവൽക്കരിച്ചുവെന്നും വ്യക്തമാക്കി. 2014നു മുമ്പ് മെട്രോ പാതകൾ സ്ഥാപിക്കൽ പ്രതിമാസം 600 മീറ്ററായിരുന്നെങ്കിൽ ഇന്നതു പ്രതിമാസം 6 കിലോമീറ്ററായി വർധിച്ചതായും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പ് രാജ്യത്തെ 70 ജില്ലകളിൽ വാതകശൃംഖല പരിമിതപ്പെടുത്തിയിരുന്നെങ്കിൽ ഇന്നത് 630 ജില്ലകളിലേക്കു വ്യാപ‌ിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണ മേഖലയിലെ റോഡുകളുടെ ദൈർഘ്യം 4 ലക്ഷം കിലോമീറ്ററിൽ നിന്ന്  2014നു ശേഷം 7 ലക്ഷം കിലോമീറ്ററായി വർധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഗ്രാമങ്ങളിൽ റോഡുകൾ എത്തുമ്പോൾ, അത് ആവാസവ്യവസ്ഥയിലാകെ ദ്രുതഗതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കു നയിക്കുന്നു” - അദ്ദേഹം പറഞ്ഞു.

വ്യോമയാന മേഖലയെക്കുറിച്ച് സംസാരിക്കവെ, 2014-ലെ 74 വിമാനത്താവളങ്ങൾ എന്നത് ഇപ്പോൾ 148 ആയി ഉയർന്നതായി ശ്രീ മോദി പറഞ്ഞു. വിമാനത്താവള പ്രവർത്തനങ്ങളുടെ തൊഴിൽ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയുടെ വിമാനങ്ങളുടെ റെക്കോർഡ് ഓർഡറും മറ്റ് ചില കമ്പനികളുടെ സമാന പദ്ധതികളും അദ്ദേഹം പരാമർശിച്ചു. ചരക്ക് കൈകാര്യം ചെയ്യുന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി വർധിക്കുകയും ചരക്കുനീക്ക സമയം പകുതിയായി കുറയ്ക്കുകയും ചെയ്തതിനാൽ തുറമുഖ മേഖലയും സമാനമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവവികാസങ്ങൾ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

ആരോഗ്യ മേഖലയിലേക്ക് വിരൽചൂണ്ടി, 2014-ന് മുമ്പ് രാജ്യത്ത് 400-ൽ താഴെ മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 660 മെഡിക്കൽ കോളേജുകളുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, ബിരുദ മെഡിക്കൽ സീറ്റുകൾ 2014-ലെ 50,000-ത്തിൽ നിന്ന് ഒരു ലക്ഷത്തിലേറെയായി വർധിച്ച്, ഇന്ന് ബിരുദം നേടുന്ന ഡോക്ടർമാരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമായി.

ഗ്രാമീണ മേഖലകളിൽ എഫ്‌പിഒകൾക്കും സ്വയംസഹായസംഘങ്ങൾക്കും ലക്ഷക്കണക്കിന് കോടി രൂപയുടെ സഹായം ലഭിക്കുന്നു; സംഭരണശേഷി വർധിപ്പിക്കുന്നു. 2014ന് ശേഷം 3 ലക്ഷത്തിലധികം പൊതുസേവന കേന്ദ്രങ്ങൾ സൃഷ്ടിച്ചു. 6 ലക്ഷത്തിലധികം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ഗ്രാമങ്ങളിൽ സ്ഥാപിച്ചു. പിഎംഎവൈയുടെ കീഴിലുള്ള 3 കോടി വീടുകളിൽ 2.5 കോടിയിലധികം വീടുകൾ ഗ്രാമങ്ങളിൽ നിർമിച്ചു. 10 കോടിയിലധികം കക്കൂസുകൾ, 1.5 ലക്ഷത്തിലധികം സൗഖ്യകേന്ദ്രങ്ങൾ, കാർഷിക മേഖലയിലെ യന്ത്രവൽക്കരണം എന്നിവ വർധിച്ചു. ഇതെല്ലാം വലിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

സംരംഭകത്വം വളരുന്നതിനെക്കുറിച്ചും ചെറുകിട വ്യവസായങ്ങളെ കൈപിടിച്ചുയർത്തുന്നതിനെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. അടുത്തിടെ 8 വർഷം പൂർത്തിയാക്കിയ പിഎം മുദ്ര യോജനയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 23 ലക്ഷം കോടിയിലധികം രൂപയുടെ ഈടുരഹിത വായ്പകൾ പദ്ധതിപ്രകാരം വിതരണം ചെയ്തു. ഇതിൽ 70 ശതമാനത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. "ഈ പദ്ധതി 8 കോടി പുതിയ സംരംഭകരെ സൃഷ്ടിച്ചു. മുദ്ര യോജനയുടെ സഹായത്തോടെ ആദ്യമായി വ്യവസായം തുടങ്ങിയവരാണ് ഇവർ" - അദ്ദേഹം പറഞ്ഞു. താഴേത്തട്ടിൽ സമ്പദ്‌വ്യവസ്ഥയെ ഊർജസ്വലമാക്കുന്നതിൽ മൈക്രോ ഫിനാൻസിന്റെ ശക്തിയും അദ്ദേഹം എടുത്തുപറഞ്ഞു.

2047-ഓടെ വികസിത ഇന്ത്യയാകുക എന്ന ലക്ഷ്യത്തോടെ രാജ്യം മുന്നേറുമ്പോൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാനുള്ള അവസരമാണിതെന്ന് ഇന്ന് നിയമനക്കത്തുകൾ ലഭിച്ചവരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന് നിങ്ങൾ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിങ്ങളുടെ യാത്ര ആരംഭിക്കുന്നു. ഈ യാത്രയിൽ, സാധാരണ പൗരനെന്ന നിലയിൽ നിങ്ങൾക്കു തോന്നിയ കാര്യങ്ങൾ എപ്പോഴും ഓർക്കണം" - പുതുതായി നിയമിക്കപ്പെട്ടവരിലുള്ള പ്രതീക്ഷകൾ ചൂണ്ടിക്കാട്ടി, മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ജോലിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു. ജോലിയിൽ ക്രിയാത്മക സ്വാധീനം ചെലുത്താനും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗം ഉപസംഹരിക്കവേ, പുതിയതായി നിയമിക്കപ്പെട്ടവരോട് അവരുടെ പഠന പ്രക്രിയയ്ക്ക് വിരാമമിടരുതെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. പുതുതായി എന്തെങ്കിലും അറിയുകയോ പഠിക്കുകയോ ചെയ്യുന്ന സ്വഭാവം ജോലിയിലും വ്യക്തിത്വത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ പഠന വേദിയായ ഐഗോട്ട് (iGoT) കർമയോഗിയിൽ ചേർന്ന് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു.

പശ്ചാത്തലം: 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പാണു തൊഴി‌ൽമേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു തൊഴിൽ മേള ഉത്തേജകമായി പ്രവർത്തിക്കുമെന്നും ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും യുവാക്കൾക്ക് അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുമെന്നുമാണു പ്രതീക്ഷിക്കുന്നത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government