പ്രധാനപ്പെട്ട പല ആശയങ്ങളും ഉന്നയിച്ചതിന് വളരെ നന്ദി. ഒരു വര്‍ഷത്തിലേറെയായി രാജ്യം കൊറോണയ്‌ക്കെതിരെ പോരാടുകയാണ്. കൊറോണയെ ഇന്ത്യയിലെ ജനങ്ങള്‍ നേരിട്ട രീതി ലോകത്ത് ഒരു ഉദാഹരണമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇന്ന് ഇന്ത്യയില്‍ 96 ശതമാനത്തിലധികം കേസുകളിലും രോഗമുക്തി കൈവരിച്ചു. മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
രാജ്യത്തെയും ലോകത്തെയും കൊറോണയുടെ അവസ്ഥയെക്കുറിച്ചുള്ള അവതരണത്തില്‍ നിന്ന് നിരവധി സുപ്രധാന വശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കൊറോണ ബാധിച്ച മിക്ക രാജ്യങ്ങളിലും കൊറോണയുടെ പല തരംഗങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തും ചില സംസ്ഥാനങ്ങളില്‍ ഇടിവ് സംഭവിച്ചതിന് ശേഷം കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിച്ചു. നിങ്ങള്‍ എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും വര്‍ദ്ധന ഉണ്ട്. എല്ലാ മുഖ്യമന്ത്രിമാരും ഈ അവസ്ഥയെക്കുറിച്ച് ആശങ്കാകുലരാണ്. എനിക്ക് മാത്രമല്ല നിങ്ങള്‍ക്കും ആശങ്കയുണ്ട്. അങ്ങനെ തന്നെയാണ് വേണ്ടത്. മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും പോസിറ്റിവിറ്റി നിരക്ക് വളരെ ഉയര്‍ന്നതാണെന്നും കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നും നാം കണ്ടു.
ഇതുവരെ ബാധിച്ചിട്ടില്ലാത്ത പല പ്രദേശങ്ങളിലും ജില്ലകളിലും ഇത്തവണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു തരത്തില്‍, അവ സുരക്ഷിത മേഖലകളായിരുന്നു, പക്ഷേ ഇപ്പോള്‍ പുതിയ കേസുകള്‍ ഉയര്‍ന്നുവരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ 70 ജില്ലകളില്‍ ഇത് 150 ശതമാനത്തിലധികമാണ്. മഹാമാരിയെ അതിന്റെ നിലയ്ക്ക് നാം നിര്‍ത്തിയില്ലെങ്കില്‍ അത് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നയിച്ചേക്കാം. കൊറോണയുടെ ഉയര്‍ന്നുവരുന്ന 'രണ്ടാമത്തെ കൊടുമുടി' നാം ഉടന്‍ അവസാനിപ്പിക്കണം. നമുക്ക് വേഗത്തിലും നിര്‍ണ്ണായകവുമായ നടപടികള്‍ കൈക്കൊള്ളേണ്ടിവരും. പല സ്ഥലങ്ങളിലും, പ്രാദേശിക ഭരണകൂടങ്ങള്‍ മാസ്‌കിന്റെ കാര്യത്തില്‍ ഗൗരവം കാണിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തില്‍ ഭരണത്തിലെ ബുദ്ധിമുട്ടുകള്‍ പരിശോധിക്കുകയും അവലോകനം ചെയ്യുകയും പരിഹരിക്കുകയും ചെയ്യേണ്ടത് ഇപ്പോള്‍ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു.
ചില സ്ഥലങ്ങളില്‍ എന്തുകൊണ്ടാണ് പരിശോധന കുറയുന്നത് എന്നത് ആശങ്കാജനകമാണ്. എന്തുകൊണ്ടാണ് വാക്‌സിനേഷന്‍ ആ സ്ഥലങ്ങളില്‍ മന്ദഗതിയിലാകുന്നത്? സദ് ഭരണത്തിന്റെ പരീക്ഷണത്തിനുള്ള സമയം കൂടിയാണിതെന്ന് ഞാന്‍ കരുതുന്നു. കൊറോണയ്ക്കെതിരായ നമ്മുടെ പോരാട്ടത്തില്‍, നമ്മുടെ ആത്മവിശ്വാസം അമിത ആത്മവിശ്വാസമായി മാറരുത്, നമ്മുടെ വിജയം അലംഭാവമായി മാറരുത്. നാം ജനങ്ങളെ പരിഭ്രാന്തിയിലേക്കും നയിക്കേണ്ടതില്ല. പരിഭ്രാന്തി പരത്തുന്ന ഒരു സാഹചര്യം നമുക്ക് ആവശ്യമില്ല, ഒപ്പം ചില മുന്‍കരുതലുകളും മുന്‍കൈകളും സ്വീകരിച്ച് ജനങ്ങളെ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ പുതിയ ഉദ്യമങ്ങളില്‍ നമ്മുടെ പഴയ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പരീക്ഷണങ്ങളുണ്ട്, നല്ല സംരംഭങ്ങള്‍ ഉണ്ട്, കൂടാതെ പല സംസ്ഥാനങ്ങളും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവത്തില്‍ നിന്ന് പഠിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി, അത്തരം സാഹചര്യങ്ങളില്‍ താഴത്തെ നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നു. ഇപ്പോള്‍ നാം പരപ്രേരണ കൂടാതെ മുന്‍കൈയെടുക്കണം. ഏത് സാഹചര്യത്തിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാര്യത്തില്‍ ഒരു മന്ദതയും ഉണ്ടാകരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ആവശ്യമെങ്കില്‍, ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പകര്‍ച്ചവ്യാധി പ്രതികരണ ടീമുകളെ ''നിയന്ത്രണവും നിരീക്ഷണ പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച് പുനഃക്രമീകരിക്കണം. ഒരിക്കല്‍ കൂടി, എല്ലാ തലത്തിലും വിശദമായ ചര്‍ച്ച നടത്തണം. പഴയ രീതികളെ സംവേദനക്ഷമമാക്കി നമുക്ക് ഈ പ്രക്രിയയ്ക്ക് ഒരു പ്രചോദനം നല്‍കാന്‍ കഴിയും. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന 'പരിശോധന, പിന്തുടരുക, ചികിത്സ' എന്നിവയെ നാം ഒരുപോലെ ഗൗരവമായി കാണേണ്ടതുണ്ട്. രോഗം ബാധിച്ച ഓരോ വ്യക്തിയുടെയും സമ്പര്‍ക്കങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്തുകയും ആര്‍ടി-പിസിആര്‍ പരിശോധന നിരക്ക് 70 ശതമാനത്തിന് മുകളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
കേരളം, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളും ദ്രുതഗതിയിലുള്ള ആന്റിജന്‍ പരിശോധനയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നുണ്ടെന്നും നാം ശ്രദ്ധിച്ചു. ഇത് ഉടനടി മാറ്റേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ സംസ്ഥാനങ്ങള്‍ മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ പരമാവധി ഉപയോഗം നിര്‍ബന്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, തുടക്കത്തില്‍ ബാധിച്ചിട്ടില്ലാത്ത നമ്മുടെ ടയര്‍ -2, ടയര്‍ -3 നഗരങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതാണ്. നോക്കൂ, ഈ യുദ്ധത്തില്‍ നിന്ന് നാം രക്ഷപ്പെട്ടതിന്റെ ഒരു കാരണം ഗ്രാമങ്ങളെ അതില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞതാണ്. എന്നാല്‍ ഇത് ടയര്‍ -2, ടയര്‍ -3 നഗരങ്ങളില്‍ എത്തുകയാണെങ്കില്‍, അത് ഗ്രാമങ്ങളില്‍ എത്തുന്നതിനുമുമ്പ് വളരെ വൈകില്ല, അങ്ങനെയാണെങ്കില്‍, ഗ്രാമങ്ങളെ പരിപാലിക്കാന്‍ നമ്മുടെ വിഭവങ്ങള്‍ അപര്യാപ്തമായിരിക്കും. അതിനാല്‍, ചെറിയ നഗരങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കണം.
ചെറിയ നഗരങ്ങളിലെ 'റഫറല്‍ സമ്പ്രദായം', 'ആംബുലന്‍സ് ശൃംഖല' എന്നിവയില്‍ നാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈറസിന്റെ വ്യാപനം ഇപ്പോള്‍ ചിതറിക്കിടക്കുന്ന രീതിയിലാണ് സംഭവിക്കുന്നതെന്നും അവതരണം വെളിപ്പെടുത്തുന്നു. ഇതിനുള്ള പ്രധാന കാരണം ഇപ്പോള്‍ രാജ്യം മുഴുവന്‍ യാത്രയ്ക്കായി തുറന്നുകൊടുക്കുകയും വിദേശത്ത് നിന്ന് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു എന്നതാണ്. അതിനാല്‍, എല്ലാ സംസ്ഥാനങ്ങളുടെയും ഓരോ വ്യക്തിയുടെയും അവന്റെ സമ്പര്‍ക്കങ്ങളുടെയും യാത്രാ ചരിത്രം പങ്കിടേണ്ടത് അത്യാവശ്യമായി. വിവരങ്ങള്‍ പങ്കിടാന്‍ ഒരു പുതിയ സംവിധാനം ആവശ്യമാണെങ്കില്‍ അതും പരിഗണിക്കണം. അതുപോലെ, വിദേശത്ത് നിന്നുള്ള യാത്രക്കാരുടെയും അവരുടെ സമ്പര്‍ക്കങ്ങളെയും നിരീക്ഷണത്തിനായുള്ള എസ്ഒപി യുടെ പാലനത്തിന്റെ ഉത്തരവാദിത്തവും വര്‍ദ്ധിച്ചു. കൊറോണ വൈറസിന്റെ വകഭേദങ്ങളെ തിരിച്ചറിയുകയും അവയുടെ ഫലങ്ങള്‍ വിലയിരുത്തുകയും വേണം. നിങ്ങളുടെ സംസ്ഥാനങ്ങളിലെ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിന് പരിശോധനയ്ക്കായി ജീനോം സാമ്പിളുകള്‍ അയയ്ക്കുന്നതും അത്രതന്നെ പ്രധാനമാണ്.
സുഹൃത്തുക്കളെ,
നിരവധി സഹപ്രവര്‍ത്തകര്‍ വാക്‌സിന്‍ പ്രചാരണത്തെക്കുറിച്ച് സംസാരിച്ചു. തീര്‍ച്ചയായും, ഈ യുദ്ധത്തില്‍, വാക്‌സിന്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം നമ്മുടെ കൈകളിലെ ഫലപ്രദമായ ആയുധമായി തീര്‍ന്നിരിക്കുന്നു. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം പ്രതിരോധ കുത്തിവയ്പ്പിന്റെ എണ്ണം 30 ലക്ഷം കടന്നു. എന്നാല്‍, അതേ സമയം, വാക്‌സിന്‍ ഡോസുകള്‍ പാഴാക്കുന്നതിനെക്കുറിച്ച് നാം വളരെയധികം ആശങ്കപ്പെടണം. തെലങ്കാനയിലും ആന്ധ്രയിലും 10 ശതമാനത്തിലധികം വാക്‌സിന്‍ ഡോസ് പാഴായതായി റിപ്പോര്‍ട്ടുകളുണ്ട്. യുപിയിലും സ്ഥിതി സമാനമാണ്. സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ഡോസ് പാഴാക്കുന്നത് സംബന്ധിച്ച് നിരീക്ഷണം നടത്തണം. വാക്‌സിന്‍ ഡോസുകള്‍ പാഴാകാതിരിക്കാന്‍ എല്ലാ വൈകുന്നേരവും നിരീക്ഷണ സംവിധാനം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. ഈ പാഴാക്കലിലൂടെ നാം ആരുടെയെങ്കിലും അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ആരുടേയും അവകാശം ഇല്ലാതാക്കാന്‍ നമുക്ക് അവകാശമില്ല.
പ്രാദേശിക തലത്തിലുളള ആസൂത്രണത്തിന്റെയും ഭരണത്തിന്റെയും കുറവുകള്‍ ഉടനടി ശരിയാക്കണം. വാക്‌സിന്‍ പാഴാകുന്നത് തടയാന്‍ നാം സാധ്യമായത് എല്ലാം ചെയ്യണം, കൂടാതെ പൂജ്യം പാഴാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാം ശ്രമിച്ചുകഴിഞ്ഞാല്‍, തീര്‍ച്ചയായും പുരോഗതി ഉണ്ടാകും, കൂടാതെ രണ്ട് ഡോസ് വാക്‌സിനുകളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും മറ്റ് യോഗ്യരായ ആളുകള്‍ക്കും നല്‍കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. ഈ കൂട്ടായ പരിശ്രമങ്ങളുടെയും തന്ത്രങ്ങളുടെയും ഫലങ്ങള്‍ ഉടന്‍ തന്നെ നമുക്ക് ദൃശ്യമാകുമെന്നും അവ അനുഗുണമായിരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
അവസാനമായി, ചില വസ്തുതകള്‍ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ നാമെല്ലാവരും ഇവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നാം നിരന്തരം എല്ലാവരോടും പറയേണ്ട ഒരു മന്ത്രം : ഔഷധങ്ങളോടൊപ്പം കര്‍ശനമായ പാലനവും'. നോക്കൂ, വൈദ്യശാസ്ത്രം രോഗം അപ്രത്യക്ഷമായി എന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരാള്‍ക്ക് ജലദോഷമുണ്ടെന്നും അയാള്‍ മരുന്ന് കഴിക്കുന്നുവെന്നും കരുതുക. അയാള്‍ കമ്പിളി വസ്ത്രം ധരിക്കാതെ അല്ലെങ്കില്‍ സംരക്ഷണമില്ലാതെ തണുപ്പിലേക്ക് പോവുകയോ അല്ലെങ്കില്‍ മഴയില്‍ സ്വയം നനയുകയോ ചെയ്യണമെന്ന് ഇതിനര്‍ത്ഥമില്ല, . ശരി, നിങ്ങള്‍ മരുന്ന് കഴിച്ചു, എന്നാല്‍ ബാക്കിയുള്ളവയും നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരും. ഇത് ആരോഗ്യത്തിന്റെ നിയമമാണ്, ഈ രോഗത്തിന് മാത്രമല്ല, ഇത് എല്ലാ രോഗങ്ങള്‍ക്കും ഇത് ബാധകമാണ്. നമുക്ക് ടൈഫോയ്ഡ് ഉണ്ടെന്ന് കണ്ടെത്തിയാല്‍ നാം മരുന്നുകള്‍ കഴിക്കാറുണ്ട്, പക്ഷേ ഡോക്ടര്‍ ഇപ്പോഴും ചില ഇനങ്ങള്‍ കഴിക്കുന്നത് വിലക്കുന്നു. അതുപോലെയാണ്. അതിനാല്‍, ഈ സാധാരണ കാര്യങ്ങളെക്കുറിച്ച് ആളുകളോട് വിശദീകരിക്കണമെന്ന് ഞാന്‍ കരുതുന്നു. ''മരുന്നുകളും കര്‍ശനമായ പാലനവും'' എന്ന നിയമം പാലിക്കാന്‍ ജനങ്ങള്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കണം.
രണ്ടാമതായി, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്, അതിനാല്‍ പുതിയ കേസുകള്‍ ഉടനടി തിരിച്ചറിയാന്‍ കഴിയും. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് അഭ്യര്‍ത്ഥിക്കണം. അവര്‍ ഈ ജോലി വേഗത്തിലാക്കണം, തുടര്‍ന്ന് വൈറസിന്റെ വ്യാപനം വേഗത്തില്‍ തടയാന്‍ നമുക്ക് കഴിയും, മാത്രമല്ല ഇത് അണുബാധ പടരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ സംസ്ഥാനം തിരിച്ചുള്ള മാപ്പില്‍ കണ്ടതുപോലെ, സ്വകാര്യ അല്ലെങ്കില്‍ ഗവണ്‍മെന്റ് തലത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഒന്നുകില്‍ വേണ്ടത്ര പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ഇല്ല അല്ലെങ്കില്‍ അവ പല മേഖലകളിലും സജീവമല്ലെന്ന് പച്ച ഡോട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതികവിദ്യ നമ്മെ വളരെയധികം സഹായിക്കുന്നുവെന്ന് നമുക്ക് കാണആം. നമുക്ക് ദൈനംദിന കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും. നാം അത് മുതലെടുക്കണം, എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നമ്മളും മെച്ചപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവവും ദൌത്യരൂപത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണെങ്കില്‍, ഡോസുകള്‍ പാഴാക്കുന്നത് കുറയും, കൂടാതെ ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണവും വര്‍ദ്ധിക്കും. ഒരു പുതിയ വിശ്വാസം ഉടനടി വളരും. അതിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അതേ സമയം, നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, തുടര്‍ച്ചയായി വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനാല്‍ കഴിയുന്നത്ര വേഗം വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം, ഇത് ഒരു-രണ്ട്-മൂന്ന് വര്‍ഷത്തേക്ക് നീണ്ടുപോകും. മറ്റൊരു പ്രധാന പ്രശ്‌നം വാക്‌സിനുകളുടെ കാലഹരണ തീയതിയാണ്. അതിനാല്‍, ആദ്യം വന്ന ഡോസുകള്‍ നാം ഉപയോഗിക്കണം. അടുത്തിടെ വന്ന വാക്സിനുകളുടെ ആദ്യ ഉപയോഗം നാം നടത്തുകയാണെങ്കില്‍, കാലഹരണപ്പെടലും ഡോസുകളുടെ പാഴാക്കലും നേരിടേണ്ടിവരും. അതിനാല്‍, ഒഴിവാക്കാവുന്ന പാഴാക്കല്‍ തടയണമെന്ന് ഞാന്‍ കരുതുന്നു. ധാരാളം ഡോസുകളുടെ കാലഹരണപ്പെടല്‍ തീയതിയെക്കുറിച്ച് നാം ബോധവാന്മാരാകുകയും ആദ്യം അത് ഉപയോഗിക്കുകയും വേണം. ഇത് വളരെ ആവശ്യമാണ്. ഇവയ്ക്കൊപ്പം, ഞാന്‍ ആവര്‍ത്തിച്ച് പറയുന്ന ഈ അണുബാധ പടരാതിരിക്കാന്‍ മറ്റ് അടിസ്ഥാന നടപടികളും മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട് - ''മരുന്നുകളും കര്‍ശനമായ പാലനവും'', മാസ്‌കുകളുടെ ഉപയോഗം, രണ്ട് മീറ്റര്‍ ദൂരം, ശുചിത്വത്തില്‍ പ്രത്യേക ശ്രദ്ധ, വ്യക്തിപരമായ ശുചിത്വവും സാമൂഹിക ശുചിത്വവും. കഴിഞ്ഞ ഒരു വര്‍ഷമായി നാം സ്വീകരിക്കുന്ന നിരവധി ഘട്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഈ ഘട്ടങ്ങളില്‍ നാം നിര്‍ബന്ധം പിടിക്കണം, ആവശ്യമെങ്കില്‍ കര്‍ശനമായി പാലിക്കണം. നമ്മുടെ ക്യാപ്റ്റന്‍ (അമരീന്ദര്‍ സിംഗ്) സാഹിബ് തന്റെ ഗവണ്‍മെന്റ് നാളെ മുതല്‍ വളരെ കര്‍ശനമായ പ്രചരണം നടത്താന്‍ പോകുന്നുവെന്ന് പറയുമ്പോള്‍, ഇത് ഒരു നല്ല കാര്യമാണ്. നാമെല്ലാവരും അതിനെ ശക്തമായി കൈകാര്യം ചെയ്യണമെന്ന് ഞാന്‍ കരുതുന്നു.
ഈ വിഷയങ്ങളില്‍ ജനങ്ങളുടെ അവബോധം നിലനിര്‍ത്തുന്നതില്‍ നാം വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഞാന്‍ വീണ്ടും നന്ദി പറയുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി എനിക്ക് അവ അയയ്ക്കുക. ഇന്ന് വന്ന ആശുപത്രിയുടെ പ്രശ്‌നത്തെക്കുറിച്ച് രണ്ടോ നാലോ മണിക്കൂറിനുള്ളില്‍ നിങ്ങള്‍ എല്ലാ വിവരങ്ങളും പങ്കുവയ്ക്കുക. അതില്‍ തടസ്സങ്ങള്‍ നീക്കാന്‍ ആവശ്യമായ ഏത് തീരുമാനവും എന്റെ വകുപ്പിലുള്ളവരുമായും ആരോഗ്യ മന്ത്രാലയവുമായും അവലോകനം ചെയ്തുകൊണ്ട് വൈകുന്നേരം 7-8 മണിയോടെ ഞാന്‍ എടുക്കും. നമ്മുടെ സഹകരണവും, കൊറോണ യോദ്ധാക്കളുടെയും ജനങ്ങളുടെയും സഹകരണവുമാണ് ഈ യുദ്ധത്തില്‍ ഇതുവരെ നാം കൈവരിച്ച വിജയത്തിന് കാരണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. നമുക്ക് ജനങ്ങളുമായി പൊരുതേണ്ടതില്ല. നാം പറഞ്ഞതൊക്കെ, ആളുകള്‍ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്തു, 130 കോടി നാട്ടുകാരുടെ അവബോധവും സഹകരണവും കാരണം ഇന്ത്യ വിജയിക്കുകയാണ്. ഈ വിഷയത്തില്‍ ജനങ്ങളുമായി വീണ്ടും ബന്ധപ്പെടാനും അവരെ വീണ്ടും അറിയിക്കാനും കഴിയുമെങ്കില്‍, ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ് തടയാനും കണക്കുകള്‍ കുറയ്ക്കാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ എല്ലാവരും വളരെ കഠിനാധ്വാനം ചെയ്തു, ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു വിദഗ്ദ്ധ സംഘമുണ്ട്. ദിവസേന ഒന്നോ രണ്ടോ തവണ കുറച്ച് ചോദിക്കാന്‍ ആരംഭിക്കുക, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ യോഗങ്ങള്‍ ചേരുക, കാര്യങ്ങള്‍ക്ക് സ്വാഭാവികമായിവേഗത കൈവരും.
വളരെ ചെറിയ ഒരു അറിയിപ്പില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും വിളിക്കുകയും നിങ്ങള്‍ എല്ലാവരും സമയം ചെലവഴിക്കുകയും വിശദമായ അവതരണങ്ങള്‍ നല്‍കുകയും ചെയ്തതിന് ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു.
വളരെ നന്ദി!