മഹാമാരി തുടങ്ങിയതുമുതല്‍ കൃത്യസമയത്തു മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയതിനു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു
''ഭരണഘടന അനുശാസിക്കുന്ന സഹകരണ ഫെഡറലിസത്തിന്റെ ചേതനയോടെയാണ് കൊറോണയ്ക്കെതിരായ നീണ്ട പോരാട്ടം ഇന്ത്യ നടത്തിയത്''
''കൊറോണ വെല്ലുവിളി പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നതു വ്യക്തമാണ്''
''അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പു നല്‍കുക എന്നതിനാണു നാം മുന്‍ഗണന നല്‍േകണ്ടത്. വിദ്യാലയങ്ങളില്‍ പ്രത്യേക ക്യാമ്പയിനുകള്‍ നടത്തണം''
''പരിശോധന, നിരീക്ഷണം, ചികിത്സ എന്ന നമ്മുടെ തന്ത്രങ്ങള്‍ കാര്യക്ഷമമായി നാം നടപ്പാക്കണം''
''പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എക്സൈസ് തീരുവ കുറച്ചെങ്കിലും പല സംസ്ഥാനങ്ങളും നികുതി കുറച്ചില്ല''
''ഇത് ആ സംസ്ഥാനങ്ങളിലെ ജനങ്ങളോടുള്ള അനീതി മാത്രമല്ല, അയല്‍സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്''
''സഹകരണ ഫെഡറലിസത്തിന്റെ സത്ത പിന്തുടര്‍ന്ന് ആഗോള പ്രതിസന്ധിയുടെ ഈ സമയത്തു കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു''

രാജ്യത്തെ കോവിഡ് സ്ഥിതിഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.

ചില സംസ്ഥാനങ്ങളില്‍ അടുത്തിടെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചും പരിശോധന, നിരീക്ഷണം, ചികിത്സ, പ്രതിരോധ കുത്തിവയ്പ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ തുടങ്ങിയവയെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി സംസാരിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിലും രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങള്‍ പതിവായി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുചെയ്യുകയും വേണം. കാര്യക്ഷമമായ നിരീക്ഷണം തുടരുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം. കേന്ദ്രം നല്‍കുന്ന ധനസഹായം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മഹാമാരിയുടെ തുടക്കം മുതല്‍ കൃത്യസമയത്ത് നല്‍കിയ മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്ക്കും മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ശരിയായ സമയത്താണ് ഈ അവലോകന യോഗം പ്രധാനമന്ത്രി വിളിച്ചതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചും പ്രതിരോധ കുത്തിവയ്പു നിലയെക്കുറിച്ചും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.

പ്രധാനമന്ത്രി നല്‍കിയ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും സന്ദേശമാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലസ്ഥാന മേഖലയിലെ നഗരങ്ങളില്‍ കൂടുതല്‍ കോവിഡ് ബാധ കാണപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ രോഗസ്ഥിരീകരണനിരക്ക് ഉയര്‍ന്നതായി ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രിയുടെ ശക്തമായ പിന്തുണയും മാര്‍ഗനിര്‍ദേശവും സംസ്ഥാനത്തുണ്ടായ മുന്‍ തരംഗങ്ങളെ മറികടക്കാന്‍ സഹായിച്ചതായി മിസോറം മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ആരോഗ്യകാര്യങ്ങളിലും വികസനകാര്യങ്ങളിലും പിന്തുണച്ച കേന്ദ്രഗവണ്‍മെന്റിന് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രി നല്‍കിയ മാര്‍ഗനിര്‍ദേശം തുടര്‍ന്നുള്ള കോവിഡ് തരംഗങ്ങളെ മികച്ച രീതിയില്‍ നേരിടാന്‍ സഹായിക്കുന്നതിനുള്ള പഠനരീതിയാണെന്നു കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അനുസൃത ശീലങ്ങള്‍ ഉറപ്പാക്കാന്‍ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഡല്‍ഹിക്ക് ചുറ്റുമുള്ള ഗുരുഗ്രാം, ഫരീദാബാദ് നഗരങ്ങളിലാണ് സംസ്ഥാനത്ത് കൂടുതല്‍ രോഗബാധ കാണപ്പെടുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ തഞ്ചാവൂരിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പിഎംഎന്‍ആര്‍എഫ്) നിന്ന് ധനസഹായം നല്‍കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കൂട്ടായ ശ്രമങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും എല്ലാ കൊറോണ യോദ്ധാക്കളെയും അവരുടെ പരിശ്രമങ്ങള്‍ക്ക് അദ്ദേഹം അഭിനന്ദിച്ചു. കൊറോണ വെല്ലുവിളി പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ പല രാജ്യങ്ങളിലും ഒമിക്രോണും അതിന്റെ ഉപ വകഭേദങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു. ഉപവകഭേദങ്ങള്‍ പല രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നു. പല രാജ്യങ്ങളേക്കാളും മികച്ച രീതിയില്‍ സ്ഥിതിഗതികള്‍ നേരിടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ചില സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ തരംഗത്തെ നിശ്ചയദാര്‍ഢ്യത്തോടെയും പരിഭ്രാന്തരാകാതെയും നാം കൈകാര്യം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൊറോണ പോരാട്ടത്തിന്റെ ഭാഗമായി  ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങള്‍, ഓക്സിജന്‍ വിതരണം, പ്രതിരോധ കുത്തിവയ്പ് എന്നിവ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തില്‍ ഒരു സംസ്ഥാനത്തും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നത് കണ്ടില്ല. വന്‍തോതിലുള്ള വാക്‌സിനേഷന്‍ യജ്ഞത്തിന്റെ പശ്ചാത്തലത്തിലാകണം ഇതിനെ കാണേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ ഓരോ വ്യക്തിയിലും എത്തിയിട്ടുണ്ട്. 96 ശതമാനം മുതിര്‍ന്നവരും കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തു. 15 വയസ്സിന് മുകളിലുള്ള 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തില്‍ കൊറോണയ്ക്കെതിരായ ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകള്‍ ഏറെ നാളുകള്‍ക്ക് ശേഷം തുറന്നിട്ടുണ്ടെന്നും ചില സ്ഥലങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതില്‍ ചില രക്ഷിതാക്കള്‍ ആശങ്കാകുലരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ വാക്‌സിന്‍ എടുക്കുന്നതില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 12-14 പ്രായപരിധിയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാനുള്ള ക്യാമ്പയിന്‍ മാര്‍ച്ചില്‍ ആരംഭിച്ചതായും ഇന്നലെയാണ് 6-12 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ''അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പു നല്‍കുക എന്നതിനാണു നാം മുന്‍ഗണന നല്‍േകണ്ടത്. വിദ്യാലയങ്ങളില്‍ പ്രത്യേക ക്യാമ്പയിനുകള്‍ നടത്തണം. അധ്യാപകരും രക്ഷിതാക്കളും ഇതേക്കുറിച്ച് ബോധവാന്മാരാകണം.''- പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ സംരക്ഷണ കവചം ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും മുന്‍കരുതല്‍ ഡോസും ലഭ്യമാണ്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അര്‍ഹരായ മറ്റുള്ളവര്‍ക്കും മുന്‍കരുതല്‍ ഡോസ് എടുക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാം തരംഗത്തില്‍ ഇന്ത്യയില്‍ പ്രതിദിനം 3 ലക്ഷം പേര്‍ക്കുവരെ കോവിഡ് ബാധിച്ചെന്നും എല്ലാ സംസ്ഥാനങ്ങളും സാഹചര്യം കൈകാര്യം ചെയ്തതായും അദ്ദേഹം പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സന്തുലിതാവസ്ഥ ഭാവിയിലും നമ്മുടെ നയങ്ങളിലുണ്ടാകണം- അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരും വിദഗ്ധരും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നാം സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ''തുടക്കത്തില്‍ തന്നെ വൈറസ് ബാധ തടയുക എന്നതിനായിരുന്നു നമ്മുടെ മുന്‍ഗണന. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരണം. പരിശോധന, നിരീക്ഷണം, ചികിത്സ എന്ന നമ്മുടെ തന്ത്രങ്ങള്‍ കാര്യക്ഷമമായി നാം നടപ്പാക്കണം.''- അദ്ദേഹം പറഞ്ഞു.

ഗുരുതരമായ പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ നൂറുശതമാനം പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവരുടെ ജനിതകശ്രേണീപരിശോധന നടത്തണം. പൊതു സ്ഥലങ്ങളില്‍ കോവിഡ് അനുസൃത പെരുമാറ്റ രീതി തുടരണം. പരിഭ്രാന്തി വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ചികിത്സാരംഗത്ത് കൂടുതല്‍ തൊഴില്‍ ശക്തി എന്നിവയ്ക്കും അദ്ദേഹം ഊന്നല്‍ നല്‍കി.

ഭരണഘടന അനുശാസിക്കുന്ന സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തോടെയാണ് ഇന്ത്യ കൊറോണയ്ക്കെതിരായ നീണ്ട പോരാട്ടം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തില്‍, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കു കരുത്തുപകരാന്‍ സാമ്പത്തിക തീരുമാനങ്ങളില്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ തമ്മിലുള്ള ഏകോപനം ആവശ്യമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആഗോളസാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍, സഹകരണ ഫെഡറലിസത്തിന്റെ ഈ മനോഭാവം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വിലയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനയുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് എക്‌സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചെങ്കിലും ചില സംസ്ഥാനങ്ങള്‍ അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറിയില്ല. ഈ സംസ്ഥാനങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നു. ഇത് സംസ്ഥാനത്തെ ജനങ്ങളോടുള്ള അനീതി മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അയല്‍ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാതെ വരുമാനം നേടിയപ്പോള്‍ കര്‍ണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ വരുമാനനഷ്ടമുണ്ടായിട്ടും ജനങ്ങളുടെ ക്ഷേമത്തിനായാണ് നികുതിയിളവ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, കഴിഞ്ഞ നവംബറില്‍ വാറ്റ് കുറയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, ഝാര്‍ഖണ്ഡ് തുടങ്ങിയ പല സംസ്ഥാനങ്ങളും ചില കാരണങ്ങളാല്‍ അത് ചെയ്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രത്തിലെ വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''സഹകരണ ഫെഡറലിസത്തിന്റെ സത്ത പിന്തുടര്‍ന്ന് ആഗോള പ്രതിസന്ധിയുടെ ഈ സമയത്തു കൂട്ടായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ വനമേഖലകളിലും കെട്ടിടങ്ങളിലും തീപിടിത്തം വര്‍ദ്ധിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ അഗ്നിശമനസംവിധാനങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വെല്ലുവിളി നേരിടാനുള്ള നമ്മുടെ ക്രമീകരണങ്ങള്‍ സമഗ്രമായിരിക്കണമെന്നും ഇതിനോടു പ്രതികരിക്കാന്‍ നാമെടുക്കുന്ന സമയം വളരെ കുറഞ്ഞതാകണമെന്നും അദ്ദേഹം പറഞ്ഞു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."