എന്റെ പ്രിയപ്പെട്ട സുഹൃത്ത് സ്‌കോട്ട്, നമസ്‌കാരം!
ഹോളി ആഘോഷത്തിനും തിരഞ്ഞെടുപ്പ് വിജയത്തിലും താങ്കളുടെ ആശംസകള്‍ക്ക് നന്ദി പറയുന്നു.
നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടമാക്കിയ ക്വീന്‍സ്ലാന്റിലേയും സൗത്ത് വെയ്ല്‍സിലെയും പ്രളയത്തില്‍ ഓരോ ഇന്ത്യക്കാരന്റെ പേരിലും ഞാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
നമ്മുടെ ഒടുവിലത്തെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പരസ്പരബന്ധവും സഹകരണവും തന്ത്രപ്രധാനമായ തലത്തിലേക്ക് നാം ഉയര്‍ത്തിയിരുന്നു. ഇന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വാര്‍ഷിക ഉച്ചകോടി നാം ആരംഭിക്കുകയാണ്. ഇത് നമ്മുടെ ബന്ധം ശക്തമാക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തുന്നതിനുള്ള അവസരം സൃഷ്ടിക്കും.
ബഹുമാന്യ വ്യക്തിത്വമേ,
നമുക്കിടയിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു കഴിഞ്ഞു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം, ആധുനികവല്‍ക്കരണം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലും നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. തന്ത്രപ്രധാന ധാതുക്കള്‍, ജലസംരക്ഷണം, പുനരുപയോഗ ഊര്‍ജം, കോവിഡ്-19 അനുബന്ധ ഗവേഷണം തുടങ്ങിയ മേഖലകളിലും നമുക്കിടയിലുള്ള സഹകരണം ശക്തി പ്രാപിച്ചിരിക്കുന്നു.
ബംഗളുരുവില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ക്രിട്ടിക്കല്‍ ആന്റ് എമേര്‍ജിംഗ് ടെക്നോളജി പോളിസി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തെ ഞാന്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു. നമുക്കിടയില്‍ സൈബര്‍-വികസിക്കുന്ന സാങ്കേതികവിദ്യ മേഖലകളിലെ സഹകരണം ഊട്ടിയുറപ്പിക്കുന്ന നടപടിയാണിത്. ഇത്തരത്തിലുള്ള വികാസം പ്രാപിക്കുന്ന സാങ്കേതിക വിദ്യകള്‍ ആഗോളനിലവാരത്തില്‍ ആവിഷ്‌കരിക്കുകയെന്നത് നമ്മെപ്പോലെ സമാനമൂല്യങ്ങളുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്വമാണ്.
ബഹുമാന്യ വ്യക്തിത്വമേ,
നമുക്കിടയിലുള്ള സമഗ്രമായ സാമ്പത്തിക സഹകരണ കരാറായ 'സെക്ക 'യെക്കുറിച്ച് താങ്കള്‍ അഭിപ്രായപ്പെട്ടതുപോലെ, ചുരുങ്ങിയ കാലയളവില്‍ ഈ കരാര്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഞാനും പറയാനാഗ്രഹിക്കുന്നു. നിലവിലുള്ള വെല്ലുവിളികളും സമീപഭാവിയില്‍ തന്നെ പരിഹരിക്കാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ''സെസ''യുടെ വേഗത്തിലുള്ള പൂര്‍ത്തീകരണം നമുക്കിടയിലുള്ള സാമ്പത്തിക സഹകരണം, സാമ്പത്തിക പരിഷ്‌കരണം, സാമ്പത്തിക സുരക്ഷ എന്നിവയില്‍ നിര്‍ണായകമായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ക്വാഡിലും നമുക്കിടയില്‍ മികച്ച സഹകരണമാണുള്ളത്. സ്വതന്ത്രവും തുറന്നതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് എന്നതിനായുള്ള നമ്മുടെ പ്രതിബദ്ധത നമുക്കിടയിലുള്ള സഹകരണം വ്യക്തമാക്കുന്നു. ആഗോള-പ്രാദേശിക തലങ്ങളിലുള്ള സുസ്ഥിരതയ്ക്ക് ക്വാഡിന്റെ വിജയം പ്രധാനമാണ്.
ബഹുമാന്യ വ്യക്തിത്വമേ,
ഇന്ത്യയുടെ പൗരാണിക വസ്തുക്കള്‍ തിരികെ നല്‍കാനുള്ള നടപടിക്ക് മുന്‍കൈ എടുത്തതില്‍ ഞാന്‍ താങ്കള്‍ക്ക് പ്രത്യേകമായി നന്ദി പറയുന്നു. താങ്കള്‍ മുന്‍കൈ എടുത്ത് അയച്ചുതന്ന പൗരാണിക വസ്തുക്കളില്‍ രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മറ്റ് നിരവധി സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടുപോയ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങളും പെയിന്റിംഗുകളും ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എല്ലാ ഇന്ത്യക്കാരുടേയും പേരില്‍ ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. ഇനി ഈ ശില്‍പ്പങ്ങളും മറ്റ് വസ്തുക്കളും അവയുടെ യഥാര്‍ഥ ഇടങ്ങളിലേക്ക് തിരികെയെത്തിക്കും. ഇക്കാര്യത്തില്‍ എല്ലാ ഇന്ത്യക്കാരുടേയും പേരില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഓസ്ട്രേലിയന്‍ വനിതാക്രിക്കറ്റ് ടീമിന്റെ ലോകകപ്പിലെ മികച്ച പ്രകടനത്തിന് അഭിനന്ദനം അറിയിക്കുന്നു. ശനിയാഴ്ചത്തെ മത്സരത്തില്‍ ഓസ്ട്രേലിയ വിജയിച്ചു. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുരാജ്യങ്ങളുടേയും ടീമുകള്‍ വിജയം നേടട്ടെയെന്ന് ആശംസിക്കുന്നു.
ബഹുമാന്യ വ്യക്തിത്വമേ,
താങ്കള്‍ക്കൊപ്പം വീക്ഷണങ്ങള്‍ പങ്കിടാന്‍ ലഭിച്ച അവസരത്തിന് ഞാന്‍ ഒരിക്കല്‍ കൂടി സന്തോഷം അറിയിക്കുന്നു.
മാധ്യമസുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഇപ്പോള്‍ ഞാന്‍ ഓപ്പണ്‍ സെഷന്‍ അവസാനിപ്പിക്കുകയാണ്. കുറച്ചുനേരത്തിനുശേഷം അജണ്ടയിലെ അടുത്ത ഇനത്തില്‍ എന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാം.