അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റുകളുടെ (ഐ.എ.പി) 60-ാമത് ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
സാന്ത്വനദാതാക്കള്‍, പ്രത്യാശയുടെയും സഹിഷ്ണുതയുടെയു വീണ്ടെടുക്കലിന്റെയും പ്രതീകങ്ങള്‍ എന്നീ നീലയില്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രാധാന്യത്തെ ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അംഗീകരിച്ചു. ഒരു ഫിസിയോതെറാപ്പിസ്റ്റ്, ശാരീരിക പരിക്കുകള്‍ ചികിത്സിക്കുക മാത്രമല്ല, മാനസിക വെല്ലുവിളിയെ നേരിടാന്‍ രോഗിക്ക് ധൈര്യം നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫിസിയോതെറാപ്പിസ്റ്റ് തൊഴിലിലെ പ്രൊഫഷണലിസത്തെ പ്രശംസിച്ച പ്രധാനമന്ത്രി ആവശ്യമുള്ള സമയങ്ങളില്‍ പിന്തുണ നല്‍കുകയെന്ന അതേ മനോഭാവം ഭരണത്തിലും എങ്ങനെ വ്യാപിക്കുന്നുവെന്നത് വിശദീകരിക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടുകള്‍, ശൗച്യാലയങ്ങള്‍, പൈപ്പ് വെള്ളം, സൗജന്യ വൈദ്യചികിത്സ, സാമൂഹിക സുരക്ഷാ വല സൃഷ്ടിക്കല്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ പിന്തുണയോടെ രാജ്യത്തെ പാവപ്പെട്ടവരും ഇടത്തരക്കാരും സ്വപ്‌നം കാണാന്‍ ധൈര്യം സംഭരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''അവരുടെ കഴിവുകള്‍ കൊണ്ട് അവര്‍ക്ക് പുതിയ ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതുപോലെ, രോഗിയില്‍ സ്വാശ്രയത്വം ഉറപ്പാക്കുന്ന തൊഴിലിന്റെ സവിശേഷതകളെ സ്പര്‍ശിച്ച അദ്ദേഹം ഇന്ത്യ ആത്മനിര്‍ഭര്‍ത്തയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു. ഒരു പ്രശ്‌നത്തില്‍ രോഗിയും ഡോക്ടറും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഈ തൊഴില്‍ എല്ലാവരുടെയം പ്രയത്‌നത്തിന്റെ പ്രതീകമാകുകയാണ്. സ്വച്ച് ഭാരത്, ബേട്ടി ബച്ചാവോ തുടങ്ങിയ നിരവധി പദ്ധതികളിലും ജനകീയ പ്രസ്ഥാനങ്ങളിലും ഇത് പ്രതിഫലിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
സ്ഥിരത, തുടര്‍ച്ച, ബോദ്ധ്യം തുടങ്ങിയ നിരവധി പ്രധാന സന്ദേശങ്ങള്‍ വഹിക്കുന്ന ഫിസിയോതെറാപ്പിയുടെ മനോഭാവത്തിന് അടിവരയിട്ട പ്രധാനമന്ത്രി ഇവയൊക്കെ ഭരണ നയങ്ങള്‍ക്കും നിര്‍ണായകമാണെന്നും പറഞ്ഞു.
രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ സംഭാവനയെ അംഗീകരിക്കുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് ബില്‍ ഗവണ്‍മെന്റ് കൊണ്ടുവന്നതിലൂടെ ആസാദി കാ അമൃത് മഹോത്സവത്തില്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് ഒരു തൊഴില്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്നത് സുഗമമാക്കി. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ശൃംഖലയിലേക്ക് ഫിസിയോതെറാപ്പിസ്റ്റുകളെയും ഗവണ്‍മെന്റ് ഉള്‍പ്പെടുത്തി. ഇത് നിങ്ങള്‍ക്ക് രോഗികളിലേക്ക് എത്തുന്നതും എളുപ്പമാക്കി'', ശ്രീ മോദി പറഞ്ഞു. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെയും ഖേലോ ഇന്ത്യയുടെയും പരിതസ്ഥിതിയില്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന അവസരങ്ങളിലും പ്രധാനമന്ത്രി സ്പര്‍ശിച്ചു.
ശരിയായ ദേഹഭാവം, ശരിയായ ശീലങ്ങള്‍, ശരിയായ വ്യായാമങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനുള്ള ചുമതല ഫിസിയോതെറാപ്പിസ്റ്റുകള്‍ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. '' ശാരീരികക്ഷമതയില്‍ ജനങ്ങള്‍ ശരിയായ സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണ്. ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. എന്റെ യുവ സുഹൃത്തുക്കള്‍ക്ക് റീല്‍സിലൂടെ പോലും ഇത് ചെയ്യാന്‍ സാധിക്കും'', അദ്ദേഹം പറഞ്ഞു.
''യോഗയുടെ വൈദഗ്ധ്യം ഫിസിയോതെറാപ്പിസ്‌ന്റേതുമായി കൂടിചേരുമ്പോള്‍ അതിന്റെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കും എന്നത് എന്റെ അനുഭവമാണ്. പലപ്പോഴും ഫിസിയോതെറാപ്പി ആവശ്യമായി വരുന്ന ശരീരത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ യോഗയിലുടെയും പരിഹരിക്കപ്പെടാറുണ്ട്. അതിനാലാണ് ഫിസിയോതെറാപ്പിക്കൊപ്പം നിങ്ങള്‍ യോഗയും അറിഞ്ഞിരിക്കേണ്ടത്. ഇത് നിങ്ങളുടെ പ്രൊഫഷണല്‍ ശക്തി വര്‍ദ്ധിപ്പിക്കും'' ഫിസിയോതെറാപ്പിയിലെ തന്റെ വ്യക്തിപരമായ അനുഭവം വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,
ഫിസിയോതെറാപ്പി തൊഴിലിന്റെ വലിയൊരു ഭാഗം മുതിര്‍ന്ന പൗരന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, അനുഭവപരിചയത്തിന്റെയും അനൗദ്യോഗിക നൈപുണ്യ ങ്ങളുടെയും ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അക്കാദമിക് പ്രബന്ധങ്ങളിലൂടെയും അവതരണങ്ങളിലൂടെയും ലോകത്തിന് മുന്നില്‍ അവ രേഖപ്പെടുത്താനും അവതരിപ്പിക്കാനും നിര്‍ദ്ദേശിച്ചു.
വീഡിയോ കണ്‍സള്‍ട്ടിംഗ്, ടെലി മെഡിസിന്‍ എന്നിവയുടെ വഴികള്‍ വികസിപ്പിക്കാനും ശ്രീ മോദി പ്രൊഫഷണലുകളോട് അഭ്യര്‍ത്ഥിച്ചു. വലിയതോതില്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം ആവശ്യമായി വരുന്ന തുര്‍ക്കിയിലെ ഭൂകമ്പം പോലുള്ള സാഹചര്യത്തില്‍ ഇത് ഉപയോഗപ്രദമാകുമെന്നും ഇന്ത്യന്‍ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി സഹായിക്കാനാകുമെന്നും ഫിസിയോതെറാപ്പിസ്റ്റ് അസോസിയേഷന്‍ ഈ ദിശയില്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ''നിങ്ങളെപ്പോലുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ ഇന്ത്യ ഫിറ്റും അതോടൊപ്പം ഒരു സൂപ്പര്‍ ഹിറ്റുമായി മാറുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്, പ്രധാനമന്ത്രി ഉപസംഹരിച്ചു.